തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ ലക്ഷ്യം കണ്ടില്ല; ചെലവഴിച്ചത് 110 കോടി

Monday 20 February 2017 11:10 pm IST

  കാക്കനാട്: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ ചെലവഴിച്ചത് 110 കോടി. പതിനാല് ബ്ലോക്കുകളിലായി നൂറ് ദിവസം തൊഴില്‍ ലഭിച്ചത് വെറും 549 പേര്‍ക്ക്. പട്ടിക വിഭാഗ സങ്കേതങ്ങള്‍ ഏറ്റവും കൂടുതലുള്ള കോതമംഗലം ബ്ലോക്കില്‍ നൂറ് ദിവസം തൊഴില്‍ ലഭിച്ചത് ഒരാള്‍ക്ക് മാത്രം. അവിദഗ്ധ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 100 തൊഴിലുകള്‍ നല്‍കുകയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കോതമംഗലം ബ്ലോക്കില്‍ പട്ടിക ജാതിയിലെ 48,938 പേര്‍ക്ക് തൊഴില്‍ ലഭിച്ചെങ്കിലും പട്ടിക വര്‍ഗത്തില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ ലഭിച്ചില്ല. ജനറല്‍ വിഭാഗത്തില്‍ 242,580 പേര്‍ക്ക് ജോലി ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച കോതമംഗലം ബ്ലോക്കില്‍ പട്ടിക വര്‍ഗം പൂര്‍ണമായും അവഗണിക്കപ്പെട്ടു. 1281.06 ലക്ഷം രൂപയാണ് കോതമംഗലം ബ്ലോക്കില്‍ ചെലവഴിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഫെബ്രവരി 17 വരെ എല്ലാ ബ്ലോക്കുകളിലുമായി 109.43 കോടി രൂപ ചെലവിഴിച്ചെന്നാണ് കണക്കുകള്‍. 534.55 ലക്ഷം ചെലവഴിച്ച പള്ളുരുത്തി ബ്ലോക്കിലും പട്ടിക വര്‍ഗത്തില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ ലഭിച്ചില്ല. പള്ളുരുത്തി ബ്ലോക്കില്‍ 21,231 പട്ടിക ജാതിക്കാര്‍ക്കും ജനറല്‍ വിഭാഗത്തില്‍ 1,14,862 പേര്‍ക്കും തൊഴില്‍ ലഭിച്ചു. നൂറ് ദിന തൊഴില്‍ ഏറ്റവും കുടുതല്‍ ലഭിച്ചത് പാമ്പാക്കുട ബ്ലോക്കിലാണ്, 104 പേര്‍. ആലങ്ങാട്, ഇടപ്പള്ളി, മൂവാറ്റുപുഴ, പറവൂര്‍ ബ്ലോക്കുകളില്‍ 50ല്‍ കൂടുതല്‍ പേര്‍ക്ക് നൂറ് ദിവസം തൊഴില്‍ ലഭിച്ചപ്പോള്‍ മറ്റു ബ്ലോക്കുകളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായില്ല. വടവുകോട്്, വാഴക്കുളം ബ്ലോക്കുകളില്‍ നൂറ് ദിനം തൊഴില്‍ ലഭിച്ചവരുടെ എണ്ണം യഥാക്രമം അഞ്ചും എട്ടുമാണ്. പട്ടികജാതിവര്‍ഗം, വിധവകള്‍, വികലാംഗര്‍, ബിപിഎല്‍, ചെറുകിട കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് തൊഴിലില്‍ മുന്‍ഗണന നല്‍കിയിരുന്നുവെങ്കിലും കാര്യമായ തൊഴിലവസരങ്ങള്‍ ലഭിച്ചില്ലെന്നാണ് കണക്കുകള്‍. 5,91,304 പട്ടിക ജാതിക്കാര്‍ക്കും 36,215 പട്ടിക വര്‍ഗക്കാര്‍ക്കും 100 അംഗപരിമിതര്‍ക്കുമാണ് തൊഴില്‍ കിട്ടിയത്. ജനറല്‍ വിഭാഗത്തില്‍ 22,09,733 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഏറ്റവും കുറവ് തുക ചെലവഴിച്ചത് ഇടപ്പള്ളി ബ്ലോക്കിലാണ്, 368.27 ലക്ഷം. ആലങ്ങാട് 637.91 ലക്ഷം, അങ്കമാലി 1152.69 ലക്ഷം, കൂവപ്പടി 1084.12 ലക്ഷം, മൂവാറ്റുപുഴ 769.07 ലക്ഷം, മുളന്തുരുത്തി 667.82,പള്ളുരുത്തി 534.55 ലക്ഷം, പാമ്പാക്കുട 729.94 ലക്ഷം, പാറക്കടവ് 885.42 ലക്ഷം, പറവൂര്‍ 686.56 ലക്ഷം,വടവുകോട്714.87 ലക്ഷം, വാഴക്കുളം 691.53 ലക്ഷം വൈപ്പിന്‍ 719.8 ലക്ഷം എന്നിങ്ങനെയാണ് ബ്ലോക്ക് തിരിച്ച് തുക ചെലവഴിച്ചത്. ജില്ലയില്‍ ആകെ 26,20,055 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിച്ചത് നേട്ടമായി. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയത് കോതമംഗലം ബ്ലോക്കിലാണ്, 2,86,663 പേര്‍ക്ക്. ഏറ്റവും കുറവ് ഇടപ്പിള്ളി ബോക്ക്1,01,473 പേര്‍ക്ക്. ജില്ലയില്‍ അവിദഗ്ധ തൊഴിലാളികള്‍ 150.2 ലക്ഷവും വിദഗ്ധ തൊഴിലാളികള്‍ 11.48 ലക്ഷം രൂപ വേതനവുമാണ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.