ആരുഷി വധം: തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി

Friday 25 May 2012 8:45 pm IST

ഗാസിയാബാദ്‌: കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ്‌ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട്‌ വിചാരണ നേരിടുന്ന രാജേഷ്‌ തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവര്‍ക്കുമേല്‍ ഗാസിയാബാദ്‌ പ്രത്യേക സിബിഐ കോടതി കൊലക്കുറ്റം, തെളിവ്‌ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.
അടുത്ത വാദം കേള്‍ക്കല്‍ കോടതി ജൂണ്‍ 4ലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്‌ 302/34-ാ‍ം വകുപ്പുനുസരിച്ച്‌ കൊലപാതകക്കുറ്റത്തിനും 201/34-ാ‍ം വകുപ്പനുസരിച്ച്‌ തെളിവ്‌ നശിപ്പിക്കലിനുമാണ്‌ തല്‍വാര്‍ ദമ്പതികള്‍ക്ക്‌ മേല്‍ പ്രത്യേക സിബിഐ ജഡ്ജ്‌ എസ്‌. ലാല്‍ കുറ്റം ചുമത്തിയത്‌.
ഇതുകൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം 203/34-ാ‍ം വകുപ്പനുസരിച്ച്‌ തെറ്റായ വിവരം ചൂണ്ടിക്കാട്ടി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്ന്‌ രാജേഷ്‌ തല്‍വാറിനെതിരെ മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്‌.
പതിനാലുകാരിയായ ആരുഷിയെ 2008 മെയ്‌ 16 നാണ്‌ നൊയ്ഡയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. തൊട്ടടുത്ത ദിവസം ജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം ടെറസില്‍നിന്നും കണ്ടെത്തുകയായിരുന്നു.
മകള്‍ ആരുഷിയും ജോലിക്കാരന്‍ ഹേംരാജും തമ്മിലുള്ള അവിഹിതബന്ധം കാണാനിടയായതിനെത്തുടര്‍ന്നാണ്‌ തല്‍വാര്‍ ദമ്പതികള്‍ അവരെ കൊല്ലാനിടയായതെന്ന സിബിഐയുടെ വാദം തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷകന്‍ നിഷേധിച്ചു.
ദന്തഡോക്ടര്‍മാരായി ജോലിനോക്കുന്ന തല്‍വാര്‍ ദമ്പതിമാര്‍ മിശ്രവിവാഹിതരാണെന്നും എന്നാല്‍ ഉന്നതമായ ഒരു സമൂഹത്തില്‍ താമസിക്കുന്ന തല്‍വാര്‍ ദമ്പതിമാര്‍ മകള്‍ സെക്സില്‍ ഏര്‍പ്പെട്ടെന്നുവെച്ച്‌ അവളെ കൊല്ലാന്‍ തുനിയില്ലെന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ നാലുപേര്‍ ഉണ്ടായിരുന്നിട്ടും എന്താണ്‌ സംഭവിച്ചത്‌ എന്ന കാര്യം രാജേഷിനോടും നൂപുറിനോടും മാത്രം സിബിഐ ചോദ്യംചെയ്യുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. തല്‍വാര്‍ ദമ്പതികള്‍ ഉറങ്ങാന്‍ പോയ സാഹചര്യത്തില്‍ വീട്ടിലെത്തിയ ഹേംരാജിന്റെ പരിചയക്കാരായിക്കൂടേ ഇത്‌ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
രാജേഷ്‌ തല്‍വാര്‍ ഇപ്പോള്‍ ജാമ്യത്തിലും നൂപുര്‍ ഗാസിയാബാദ്‌ ദാസ്ന ജില്ലയിലുമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.