നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Saturday 17 June 2017 7:55 am IST

പള്‍സര്‍ സുനി

കൊച്ചി: പ്രമുഖനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുളള മൂന്നു പേരാണ് ആലുവയിലെ അഭിഭാഷകരായ ഇ സി പൗലോസ്, ബോബി റാഫേല്‍ എന്നിവര്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

തന്നെ കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും നിരപരാധിയൊണെന്നും ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയ്ക്ക് പുറമെ വിപി വീജീഷ് ഇന്നലെ പിടിയിലായ മണികണ്ഠന്‍, എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മണികണ്ഠനെ പാലക്കാട്ടെ രഹസ്യസങ്കേതത്തില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നടിയെ അക്രമിച്ച വാഹനത്തില്‍ മണികണ്ഠനും പള്‍സര്‍ സുനിയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് കെണി ഒരുക്കിയാണ് മണികണ്ഠനെ പിടികൂടിയതെന്നാണ് സൂചന. ഇയാളുടെ ഒരു സുഹൃത്ത് മുഖേന ഒളിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ഗുഢാലോചനയില്‍ തുടക്കം മുതല്‍ മണികണ്ഠനും ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവശേഷം കറുകുറ്റിയിലുളള അഭിഭാഷകരുടെ വീട്ടില്‍ മൂന്നു പ്രതികളും നേരിട്ടെത്തിയാണ് വക്കാലത്ത് ഏല്‍പ്പിച്ചത്.

അതേസമയം കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കായുള്ള അന്വേഷണം തുടരുകയാണ്. ഇയാള്‍ കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന കിട്ടിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സുനിയെ സഹായിക്കുന്ന സംഘങ്ങളില്‍പെട്ടവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ സുനിക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.