എ.ആര്‍.റഹ്മാന്റെ പ്രിയ ശിഷ്യന്‍ ഈ സച്ചിന്‍

Saturday 17 June 2017 4:59 am IST

വായ്‌മൊഴിപ്പാട്ടിന്റെ തറവാടാണ് മലയാളക്കര.  ശുദ്ധ സംഗീതത്തിന്റെ ഈറ്റില്ലം. തൂണിലും തുരുമ്പിലും ഈശ്വരന്‍ ഉണ്ടെന്നതു പോലെ ചുറ്റുമുള്ള എന്തിലും സംഗീതത്തിന്റെ അംശമുണ്ട്. പൂമ്പാറ്റയുടെ ചലനം പോലും സംഗീതാത്മകം. അതിസൂക്ഷ്മം നിരീക്ഷിച്ച്  കണ്ടെത്തിയാല്‍ മറ്റൊന്നിനെയും ആശ്രയിക്കാതെ നല്ല സംഗീതം ചിട്ടപ്പെടുത്താം. എന്നാല്‍ ഈ ക്ഷമക്ക്  ആരും മുതിരാറില്ല. ആ ശുദ്ധ സംഗീതത്തിന്റെ അന്വേഷണ വഴിയിലാണ്  മന്നത്ത് കുടുംബത്തിലെ അംഗങ്ങളായ  അച്ഛന്‍ ഡോ.ബാലശങ്കര്‍മന്നത്തും മകന്‍  സച്ചിന്‍മന്നത്തും. സമുദായാചാര്യന്‍ മന്നത്ത് പത്മാനാഭന്റെ ചെറുകളുടെ മകനാണ് മുന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍  ഡോ. ബാലശങ്കര്‍ മന്നത്ത്. ഔദ്യോഗിക ജീവിതത്തിലും സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത ബാലശങ്കര്‍ പെട്ടെന്ന് പ്രസിദ്ധനാകാന്‍ സംഗീതലോകത്തെ മായാ വലയത്തിലേക്ക് എടുത്ത് ചാടിയില്ല. തളിര് മാസികയുടെ എഡിറ്ററും കൂടിയാട്ടം കലാകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നപ്പോഴും  ശുദ്ധസംഗീതത്തിന്റെ നാള്‍വഴികളെക്കുറിച്ചായിരുന്നു അന്വേഷണം. ആ അന്വേഷണമാണ് ഇലക്‌ട്രോണിക് ഇഞ്ചിനീയറിങ് ബിരുദധാരിയായ മകന്‍ സച്ചിന്‍ മന്നത്തിനെ സംഗീതലോകത്തേക്ക്  വഴിതിരിച്ചത്. അച്ഛന്‍ തെളിച്ച പാതയിലൂടെ സംഗീതസാമ്രാട്ട് എ.ആര്‍.റഹ്മാനോടൊപ്പം നീങ്ങുകയാണ് മലയാളക്കരയിലെ കൊച്ച് സച്ചിന്‍.  ലോകം അറിയപ്പെടുന്ന സംഗീതജ്ഞനാകണം. അതില്‍ മലയാളത്തിന്റെ കൈയൊപ്പ് തന്റേതായി ചാര്‍ത്തണം. സ്വാതിയെയും, ദഷിണാമൂര്‍ത്തിയെയുമൊക്കെ അറിയപ്പെടുന്നതു പോലെ ശുദ്ധ  സംഗീതത്തിന് തന്റേതായ സംഭാവന. ഈ ശ്രമത്തിന് എ.ആര്‍.റഹ്മാനോടൊത്ത് നീങ്ങുകയാണ് സച്ചിന്‍.  മുപ്പതില്‍ എത്തിനില്‍ക്കുന്ന സച്ചിന് ഇതിനകം  എ.ആര്‍.റഹ്മാനോടോപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.  പ്രിയ ശിഷ്യനാകാനും സാധിച്ചു. ഇതെല്ലാം തന്റെ സംഗീത സപര്യക്ക്  ആത്മധൈര്യം പകരുന്നതായി സച്ചിന്‍ പറയുന്നു.

അച്ഛന്‍ തെളിച്ച ദിശയിലൂടെ...

കര്‍ണ്ണാടക സംഗീതത്തില്‍ നിന്നായിരുന്നു തുടക്കം. സംഗീത സംവിധായകന്‍ ജി. ദേവരാജന്‍  ഹരിശ്രീ കുറിപ്പിച്ചു.  പിതാവിനോടൊപ്പം നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍, പാറശ്ശാല പൊന്നമ്മാള്‍, വര്‍ക്കല സിഎസ് ജയറാം എന്നിവരായിരുന്നു ഗുരുക്കന്മാര്‍.തിരുവനന്തപുരത്ത് നീറമണ്‍കര എംഎംആര്‍എച്ച്എസ്എസിലെ സ്‌കൂള്‍ പഠനത്തിലേ  സച്ചിനിലെ സംഗീത പ്രതിഭ വളര്‍ന്നിരുന്നു. ക്ലാസിക്കല്‍ സംഗീതത്തില്‍ ഹയര്‍സെക്കന്ററി തലം വരെ സംസ്ഥാന സ്‌കൂള്‍യുവജനോത്‌സവത്തില്‍  ഒന്നാം സ്ഥാനം. പ്ലസ്ടു പഠനത്തിനു ശേഷം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ ഇഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക് എഞ്ചിനീയറിംഗിന് ചേര്‍ന്നു. സാധാരണ സംഗീതത്തില്‍ അഭിരുചിയുള്ള ഒരാള്‍ ചെന്നത്തെപ്പെടുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു മേഖല. കുടംബത്തിലെ പലരും  ബാലശങ്കറോട് മകനെ സംഗീത കോളേജില്‍ ഉപരി പഠനം നടത്തിക്കണമെന്ന്  ഉപദേശിച്ചച്ചെങ്കിലും ഇഞ്ചിനീറിങ് മേഖലയിലേക്ക്   വഴിതിരിച്ചു.  താന്‍ തിരിച്ച ദിശ ശരിയാണെന്ന് ബാലശങ്കര്‍ മന്നത്തിനും അച്ഛന്റെ ദൃഢതീരുമാനം തെറ്റിയില്ലെന്ന് മകനും തോന്നുന്ന നിമിഷങ്ങളാണ്  സച്ചിന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്നത്. അന്ന് സംഗീതകോളേജില്‍ പ്രവേശനം നേടി ഇവിടെ നിന്നിരുന്നെങ്കില്‍  പ്രശസ്തിയിലേക്ക്എത്തപ്പെടാന്‍  എന്തെങ്കിലും ചെപ്പടിവിദ്യ കാട്ടി ഇവിടെ കഴിഞ്ഞ് കൂടുമായിരുന്നു. സംഗീത ലോകത്തെ മൂടിചൂടാമന്നന്‍ റഹ്മാനുമൊത്ത് ഇടപഴകാനുള്ള സന്ദര്‍ഭവും നഷ്ടമായേനെ. ഇഞ്ചിനീയറിങ് പഠനത്തിനിടയിലും  സംഗീതത്തില്‍ സച്ചിന്‍  കഴിവ് തെളിയിച്ചു.  കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിലും ഇന്റര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിലും ഒന്നാം സ്ഥാനം നേടാനായി. എല്‍.പി. വര്‍മ്മപുരസ്‌ക്കാരം  തേടിയെത്തിയതോടെ തന്റെ വഴി സംഗീതം തന്നെയെന്ന് തിരുമാനിച്ചുറപ്പിച്ചു.

എ. ആര്‍.റഹ്മാനുമായുള്ള കണ്ടുമുട്ടല്‍

എഞ്ചിനീയറിംഗ് ബിരുദമെടുത്തശേഷം ആ മേഖലയിലേക്ക് തിരിയുമെന്നാണ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതിയത്. വീണ്ടും  ബാലശങ്കര്‍ മന്നത്തിന്റെ ഇടപെടല്‍. ഐടി മേഖലയില്‍ നിന്ന് വീണ്ടും സംഗീത ലോകത്തേക്ക്.  സംഗീതത്തില്‍ ഉന്നതബിരുദം എടുക്കാനുള്ള തീരമാനവുമായി ലണ്ടനിലേക്ക് പറക്കണമെന്നായിരുന്നു  ആഗ്രഹം. ആ സമയത്താണ് സംഗീത പഠനത്തിന് എ.ആര്‍ റഹ്മാന്‍ ചെന്നൈ ആസ്ഥാനമാക്കി കെ.എം. മ്യൂസിക് കണ്‍സര്‍വേറ്റിവ് എന്ന സ്ഥാപനം തുടങ്ങുന്നത്. പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓഡിയേഷന്റെ സിഡി നല്‍കി. ഇരുന്നൂറോളം പേര്‍ ഓഡിയേഷനില്‍ പങ്കെടുത്തു. ആരെയും നേരിട്ട് വിളിച്ച് ഇന്റര്‍വ്യൂ നടത്തിയില്ല. രാജ്യവ്യാപകമായി അറുപത് പേരെ തെരഞ്ഞെടുത്തതില്‍ കേരളത്തില്‍ നിന്ന് സച്ചിന് പ്രവേശനം ലഭിച്ചു. പ്രവേശനസമയത്തൊന്നും റഹ്മാനെ കണ്ടുമുട്ടുന്നില്ല. ക്ലാസ് എടുക്കാന്‍ വന്നപ്പോഴായിരുന്നു ആദ്യകണ്ടുമുട്ടല്‍. ലാളിത്യം നിറഞ്ഞ ആ സംഗീത സാമ്രാട്ടുമായി ഇടപഴകിയ ഓരോ നിമിഷത്തെക്കുറിച്ചും സച്ചിന് പറയാന്‍ ഒരായിരം നാവ്. പഠന കാലത്ത് പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ സാങ്കേതിക തകരാര്‍ മൂലം മൈക്ക് ഓഫായി. സദസ്സില്‍ നിന്ന് റഹ്മാന്‍ വേദിയിലെത്തി  തകരാര്‍ പരിഹരിച്ചു. സാങ്കേതിക വിദഗധര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞ സമയത്താണ് റഹ്മാന്‍ തകരാര്‍ പരിഹരിക്കാന്‍ വേദയിലെത്തിയത്. ആ ലാളിത്യം  ജീവിതത്തിലെ മുതല്‍ക്കൂട്ടായെന്ന് സച്ചിന്‍. കെ.എം.മ്യൂസിക് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ മിഡില്‍സെക്‌സ് സര്വ്വകലാശാലയില്‍ നിന്നും ബിരുദമെടുത്തു. തുടര്‍ന്ന് ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ നിന്ന് പാശ്ചാത്യ സംഗീതത്തില്‍ ബിരുദാനന്തര ബിരുദം. തിരികെ എത്തി  എ.ആറിന്റെ  പ്രിയശിഷ്യനായി കെ.എം. മ്യൂസിക് കോളേജില്‍ വോയ്‌സ് ഓഫ് ഫാക്കല്‍റ്റി ആയി ജോലി നോക്കാനുള്ള അവസരവും ലഭിച്ചു. സച്ചിന്റെ പ്രായത്തില്‍ എ.ആറിന്റെ ഒരു ശിഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. സംഗീത യാത്ര തുടക്കം കര്‍ണ്ണാടക സംഗീതത്തിലായിരുന്നെങ്കിലും   ഉസ്താദ് ഗൂലാം അക്ബര്‍ഖാന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും  പഠിച്ചു.  കെ.എം. മ്യൂസിക്കിലെത്തിയപ്പോഴാകട്ടെ പാശ്ചാത്യ സംഗീതവും. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ട്. എന്നാല്‍ എല്ലാം കൊണ്ടെത്തിച്ചത് അന്താരാഷ്ട്ര സംഗീതം എന്ന വലിയ ലോകത്തേക്ക്. എ.ആറിന്റെ ക്ലാസ്സുകള്‍ ഈ വഴിക്ക് ഏറെ ഗുണപ്രദമാവുകയും ചെയ്തു. ഗസലും, ഉത്തരേന്ത്യയിലെ പാരമ്പര്യ സംഗീതമായ സൂഫിയുമൊക്കെ തനിക്ക് വഴങ്ങുമെന്നായി. ഇതിലൊക്കെ പ്രവീണ്യം നേടാനും സച്ചിന്  സാധിച്ചു. അച്ഛന്‍ തിരിച്ചു വിട്ട ദിശയെപ്പെറ്റി ഇപ്പോഴാണ് സച്ചിന് തീര്‍ത്തും മനസ്സിലാക്കാന്‍ സാധിച്ചത്.  ചെന്നൈയിലേക്കെത്തിയില്ലെങ്കില്‍ അന്താരാഷ്ട്ര സംഗീതം എന്നത്  ബാലികേറാമലയാകുമായിരുന്നു. സ്വാതിതിരുനാളിന്റെ 200-ാം ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ച് എ ട്രിബ്യൂട്ട് സ്വാതി എന്ന ആല്‍ബം ചെയ്യാന്‍ സാധിച്ചു.     എ.ആര്‍.റഹ്മാനും ശേഖര്‍കപൂറും ചേര്‍ന്ന കമ്പനി സിഡി പുറത്തിറക്കി. സച്ചിന്‍ സംഗീത സംവിധാനം ചെയ്തപ്പോള്‍ അച്ഛന്‍ ബാലശങ്കര്‍ വിഡിയോ നിര്‍വ്വഹണം നടത്തി. ലണ്ടനിലും പാക്കിസ്ഥാനികളുടെ മുന്നിലുമൊക്കെ നിരവധി വേദികളില്‍ ഗസല്‍ പാടാന്‍ അവസരം ലഭിച്ചു. 2011-ല്‍ മുംബൈയില്‍  നടന്ന  റിയാലിറ്റി ഷോയില്‍ സൂഫികവാലി പാടി. നടന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമാകാനും സാധിച്ചു.ജയരാജിന്റെ അശ്വാരൂഢനിലൂടെ പിന്നണി ഗായകനായി. ഇതിനിടയില്‍ കെ.എം. മ്യൂസിക്കിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ നിഷ് എന്നപേരില്‍ ഒരു ബാന്‍ഡ് ട്രൂപ്പ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത സംഗീതത്തിന്റെ ഒരു ഫ്യൂഷന്‍ രൂപം. അതിലെ പങ്കാളിയാകാനും സച്ചിന് സാധിച്ചു. ബാലശങ്കര്‍ മന്നത്തിന്റെ ഉണര്‍വ് എന്ന ചിത്രത്തിന് ആദ്യമായി സംഗീത സംവിധാനം. അതില്‍ സച്ചിന്‍പാട്ട് ബിബിസി ട്രാക്ക് ഓഫ് ദി വീക്ക് ആയി സംപ്രേഷണം ചെയ്തു. ലോക പ്രശസ്ത ജര്‍മ്മന്‍ ബാബ് ലസ് ബര്‍ഗ് ഓര്‍ക്കെസ്ട്രായില്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലും ജര്‍മ്മനിയിലും റഹ്മാനോടൊപ്പം പാടാന്‍ അവസരം. സ്വയം എന്ന ചിത്രത്തില്‍ സംഗീത സംവിധാനം. റഹ്മാന്റെ നിര്‍ദ്ദേശ പ്രകാരം ഒരു ഹോളിവുഡ് ഇംഗ്ലീഷ് ചിത്രത്തിന് സംഗീത സംവിധാനം ചെയ്ത ആദ്യ മലയാളി എന്ന സ്ഥാനവും സച്ചിന് സ്വന്തം.

കേരളത്തിലെ  സാധ്യതകള്‍

കേരളത്തില്‍ നിരവധി സംഗീതജ്ഞര്‍ ഉയര്‍ന്ന് വരുന്നുണ്ട്.  വളരെ പെട്ടെന്ന് അറിയപ്പെടാതെയും പോകുന്നുണ്ട് . ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വാചാലനായത്  ബാലശങ്കര്‍ മന്നത്താണ്. ശാസ്ത്രീയ സംഗീതം ,നാടന്‍ പാട്ട്, ലളിതഗാനം എന്നിവയുടെ തറവാടാണ് കേരളം. ഈ രംഗങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  നമ്മള്‍ വളരെ മുന്‍പന്തിയിലുമാണ്. നമുക്ക് ചുറ്റുമുള്ള എല്ലാത്തിലുമുണ്ട് ശുദ്ധ സംഗീതം. ക്ഷമക്കുറവാണ്  മലയാളിക്ക്.  അതിനാല്‍  ശുദ്ധ സംഗീതത്തെ ക്ഷമയോടെ കണ്ടെത്താതെ പെട്ടെന്നുള്ള പ്രശസ്തിക്കു വേണ്ടി  ഒരു തട്ടിക്കൂട്ട് സംഗീതത്തിലേക്ക് തിരിയുന്നു.  പ്രശസ്തരായ പലരും ഇന്ന് അറിയാതെ പോകുന്നതിന്റെ കാരണവും അതാണ്.  സിനിമയെ മാത്രം ലക്ഷ്യം വച്ചുള്ള  സംഗീത പഠനം.അതിനാല്‍ ഈ രംഗത്ത്  സ്ഥായിയായ ഒരു നിലനില്‍പ്പ് ലഭിക്കുന്നില്ല.  വന്ന് പോകുന്നു എന്ന് മാത്രം. ശുദ്ധസംഗീതത്തിന്റെ  വഴിയേ പോകുന്നവര്‍ക്ക്  സംഗീത രംഗത്ത്  നിലയുറപ്പിക്കാനാകുന്നതായും ബാലശങ്കര്‍ മന്നത്ത്. കേരളത്തിലേക്ക് വരാനും  തന്റേതായ സംഗീത ലോകം സൃഷ്ടിക്കണമെന്നും ആഗ്രഹമുണ്ടെന്ന് സച്ചിന്‍.  സംഗീതത്തിന്  നല്ലൊരു പ്‌ളാറ്റ് ഫോം ഇവിടെ ലഭിക്കുന്നില്ല. ചെന്നൈയില്‍ നിരവധി അവസരങ്ങളോടൊപ്പം പ്രോത്സാഹനങ്ങളും ലഭിക്കുന്നു. ചെന്നൈയിലാണ് താമസമെങ്കിലും പാപ്പനംകോട് സി ജി എസ് നഗറില്‍ മന്നത്താണ് കുടംബവീട്. അച്ഛന്‍ ബാലശങ്കര്‍ മന്നത്തും അമ്മ  സരളാ ദേവിയും മന്നത്ത് വീട്ടില്‍ താമസിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചെറുമകള്‍ നിവേദിതയാണ് സച്ചിന്റെ ഭാര്യ. മകള്‍ സ്ഥായി. സഹോദരി രീതിശങ്കര്‍ കുടംബത്തോടൊപ്പം ലണ്ടനില്‍ സ്ഥിര താമസം. മൃദംഗവും കീ ബോര്‍ഡും അനായാസേന കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കിലും സംഗീത ലോകത്തിന്റെ ചുവട്ടില്‍ എത്തിയതേയുള്ളൂ വെന്ന് സച്ചിന്‍. വലിയൊരു മല കയറാനുണ്ട്. നമ്മുടെ ഗ്രാമങ്ങളിലെ വായ്‌മൊഴിപ്പാട്ടിലുള്ളത് തന്നെയാണ്  ലോക സംഗീതത്തിലും ഉള്ളത്. സ്വാതി സംഗീതത്തില്‍ ഇല്ലാത്ത സംഗീതം വേറെയില്ലെന്നും സച്ചിന്‍. മലയാള കവിതകളെ ഏറെ സ്‌നേഹിക്കുന്ന സച്ചിന് കവിതകള്‍ക്ക് സംഗീതം നല്‍കണമെന്ന് ആഗ്രഹമുണ്ട്. നമ്മുടെ ഗ്രാമങ്ങളിലേതുപോലെ  ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധ സംഗീതം ഉണ്ട്. ഇവയെ കണ്ടെത്തി ചിട്ടപ്പെടുത്തി ഇന്ത്യന്‍സംഗീതത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കണം എന്ന മോഹവുമായാണ്  സംഗീത ലോകത്തെ  സച്ചിന്‍മന്നത്തിന്റെ ജൈത്ര യാത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.