ആരാണ് മാക്‌സ് മുള്ളര്‍

Saturday 17 June 2017 4:12 am IST

ജര്‍മന്‍ ഇന്‍ഡോളജിസ്റ്റായ പ്രൊഫസര്‍ മാക്‌സ് മുള്ളറെ ഉദ്ധരിച്ച് നിരവധി ഹിന്ദുധര്‍മ്മപണ്ഡിതര്‍ വേദങ്ങള്‍ വിശദീകരിക്കാറുണ്ട്. അതുകൊണ്ടുതന്നെ വേദങ്ങളെ സംബന്ധിച്ച് തെറ്റുകളും ഇക്കൂട്ടര്‍ക്കു പറ്റാറുമുണ്ട്. ആരാണ് പ്രൊഫസര്‍ മാക്‌സ്മുള്ളര്‍? നമുക്കൊന്നു പരിശോധിക്കാം. പ്രൊഫ. മാക്‌സ്മുള്ളറെ സംസ്‌കൃതപണ്ഡിതരില്‍ സര്‍വ്വശ്രേഷ്ഠനായി പലരും പുകഴ്ത്തുന്നു. 'Sacred Books of the East' എന്ന 50 വോള്യങ്ങള്‍ എഡിറ്റുചെയ്തതുകൊണ്ടും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയ്ക്കും മാക്‌സ് മുള്ളറെ ഋഷിയായിത്തന്നെ ചില ഭാരതീയര്‍ ആരാധിക്കുന്നു. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ വേദവിവര്‍ത്തനം നിര്‍വ്വഹിക്കുക എന്ന ലക്ഷ്യവുമായി ഓക്‌സ്ഫഡിലെ ബോഡെന്‍ ചെയറിലെത്തിയ മാക്‌സ്മുള്ളറുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ടോ വിസ്മരിച്ചു. അഭ്യസ്തവിദ്യരും, പണ്ഡിതരുമായ ചില ചരിത്രകാരന്മാര്‍ വരെ മാക്‌സ് മുള്ളറുടെ ജീവചരിത്രം അറിഞ്ഞവരല്ല. മാക്‌സ് മുള്ളര്‍ക്ക് സംസ്‌കൃതം നേരെ ചൊവ്വെ കേട്ടാല്‍പോലും മനസ്സിലാകുമായിരുന്നില്ലെന്നതാണ് വസ്തുത- നിരാദ്. സി. ചൗധരിയുടെ വാക്കുകളില്‍ നിന്ന് അത് മനസ്സിലാക്കാം. കാണുക: ''1854ല്‍ ഒരു നാള്‍ ഓക്‌സ്ഫഡിലെ മുറിയില്‍ ചില കൈയ്യെഴുത്തു പ്രതികള്‍ പകര്‍ത്തിക്കൊണ്ടിരിക്കെ കറുത്ത നീളന്‍ കുപ്പായം ധരിച്ച ഒരു ഇന്ത്യക്കാരന്‍ അവിടെ ചെന്നു. അദ്ദേഹം മുള്ളറെ അഭിസംബോധന ചെയ്തത് ഒറ്റവാക്കുപോലും മനസ്സിലാകാത്ത ഭാഷയിലാണ്. മക്‌സ് മുള്ളര്‍ ഇംഗ്ലീഷില്‍ മറുപടിയായി ഏതു ഭാഷയിലാണ് സംസാരിച്ചതെന്ന് ചോദിച്ചു. സന്ദര്‍ശകന്‍ അത്ഭുതം കൂറിക്കൊണ്ട് ചോദിച്ചു. 'താങ്കള്‍ക്ക് സംസ്‌കൃതം മനസ്സിലാവുകയില്ല?' 'ഇല്ല, ഞാനിതുവരെ അതു പറഞ്ഞുകേട്ടിട്ടില്ല'.1 എന്നാല്‍ പലരുടെയും ധാരണ മക്‌സ്മുള്ളര്‍ ഭാരതത്തെ ഏറെ സ്‌നേഹിക്കുകയും വേദ നവോത്ഥാനത്തിനു പ്രയത്‌നിക്കുകയും ചെയ്തുവെന്നാണ്. മെക്കോളെ പ്രഭുവിന്റെ ആജ്ഞാനുവര്‍ത്തിയായിരുന്നു അദ്ദേഹമെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. 1855 ഡിസംബര്‍ 28ന് മാക്‌സ് മുള്ളര്‍ ഓക്‌സ്ഫഡില്‍ സ്ഥാനമേറ്റെടുക്കും മുമ്പ് മെക്കോളയെ കണ്ടു. ഒരു മണിക്കൂര്‍ മെക്കോളയുടെ സംസാരം ശ്രവിച്ച മുള്ളര്‍ ഇങ്ങനെയെഴുതി: 'ഞാന്‍ ഓക്‌സ്ഫഡിലേക്ക് മടങ്ങിയത് ബുദ്ധിമാനും എന്നാല്‍ ദുഃഖിതനുമായിട്ടാണ്.''2 ക്രിസ്തുമതപ്രചാരണത്തിന് മുള്ളര്‍ നടത്തിയ പുണ്യകര്‍മ്മങ്ങള്‍ നമുക്കു പരിശോധിക്കാം. മാക്‌സ്മുള്ളറുടെ പ്രാചീന സംസ്‌കൃതചരിത്രമെന്ന പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. 'കാലത്തിന്റെ പരിപൂര്‍ണ്ണതയില്‍ ക്രിസ്തുമതത്തിലെ സത്യങ്ങളിലേക്ക് മനുഷ്യരാശിയെ പ്രവേശിപ്പിക്കുന്നതിന് മുന്‍പ്, ആ മനുഷ്യവര്‍ഗ്ഗത്തിന് ഒട്ടുക്കും തന്നെ ക്രമപ്രവൃദ്ധമായ വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്ന് ചരിത്രം പഠിപ്പിക്കുന്നതായി തോന്നുന്നു. കൂടുതല്‍ ഉന്നതമായ സത്യത്തിന്റെ പ്രകാശത്തെ മനുഷ്യരാശി ഉത്സുകരായി അംഗീകരിക്കുന്നതിന് മുമ്പ് മനുഷ്യന്‍ യുക്തിയുടെ എല്ലാ ഹേത്വാഭാസങ്ങളെയും പാടെ ക്ഷയിപ്പിക്കണം.... ആര്യലോകത്തിന്റെ അതിരുകളെ ഭേദിച്ചുകൊണ്ട് ബുദ്ധമതം വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ വിശാലമായ ഭാഗത്തുള്ള ക്രിസ്തുമതത്തിന്റെ ആഗമനത്തെ അതു തടഞ്ഞുവെന്നു നമ്മുടെ പരിമിതമായ വീക്ഷണത്തിന് തോന്നുമായിരിക്കാം. എന്നാല്‍ ആയിരം വര്‍ഷം ഒരു ദിവസമായി കാണുന്ന ദൈവത്തിന്റെ ദൃഷ്ടിയില്‍ മറ്റു പ്രാചീനമതങ്ങളെപോലെതന്നെ ആ മതവും ക്രിസ്തുവിന്റെ ആഗമനത്തിന് വഴിയൊരുക്കിയിരിക്കും. ദൈവത്തിന്റെ സത്യത്തിലേക്ക് മനുഷ്യഹൃദയങ്ങളുടെ അദമ്യമായ ആകാംക്ഷയെ അഗാധമാക്കുവാനും ശക്തമാക്കുവാനും ആ മതത്തിന്റെ വെറും തെറ്റുകളിലൂടെ സഹായിച്ചിട്ടുണ്ടാകാം.3 വേദങ്ങളെ മുള്ളര്‍ തോന്നിയതുപോലെ തര്‍ജ്ജമ ചെയ്ത് അവയെ ബാലിശങ്ങളും നീരസങ്ങളും നിസ്സാരങ്ങളുമാക്കി. മുള്ളര്‍ താന്‍ തര്‍ജ്ജമ ചെയ്ത വേദമന്ത്രങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: Large number of vedic hymns are childish in the extreme: tedious, low, common place.4. ഇവിടെയും അവസാനിക്കുന്നില്ല. മുള്ളര്‍ എഴുതി: 'ഇല്ല; അവയില്‍ (വേദങ്ങളില്‍) സരളവും പ്രാകൃതവും ബാലിശവുമായ ചിന്തകളുടെ അരികിലായി ഇന്നു നമുക്ക് അഭിനവവും രണ്ടാംതരവും, മൂന്നാംതരവുമായി തോന്നുന്ന പല ആശയങ്ങളും ഉള്‍ക്കൊള്ളുന്നു.5 മതപരമായി അക്കാലത്തെ ക്രിസ്ത്യന്‍ പാതിരിമാര്‍ക്കുണ്ടായിരുന്ന മതഅസഹിഷ്ണുത മാക്‌സ് മുള്ളര്‍ക്ക് എത്രമാത്രമുണ്ടായിരുന്നുവെന്ന് മുള്ളറെ ഋഷിയായി സമാദരിക്കുന്നവര്‍ക്ക് അറിയില്ല. സൃഷ്ടിയുടെ ബൈബിള്‍ കഥ പ്രാചീന പേര്‍ഷ്യക്കാരില്‍ നിന്ന് കടംകൊണ്ടതാണെന്ന് ഡോ. സ്പീഗല്‍ എഴുതി. മാക്‌സ്മുള്ളര്‍ക്ക് അത് ഒട്ടും തന്നെ സഹിക്കാനായില്ല. അദ്ദേഹമെഴുതി: 'ഡോ. സ്പീഗലിനെപോലുള്ള എഴുത്തുകാരന്‍ ഒന്നു മനസ്സിലാക്കണം. അയാള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. അയാള്‍ സ്വയം കരുണയ്ക്കായി ആഗ്രഹിച്ചുകൂടാ. അയാള്‍ ബൈബിളിനെ വിമര്‍ശിച്ചിട്ടുള്ള കൊടുങ്കാറ്റിന്റെ തിരമാലകളില്‍ അയാളിറക്കിവിട്ട ഇരുമ്പുണ്ടകള്‍ തന്നിലേക്ക് ഭീമമായി വര്‍ഷിക്കുന്നത് അയാള്‍ക്ക് പ്രതീക്ഷിക്കുകയും ചെയ്യാം. 6 ഇതുകൂടാതെ പാഴ്‌സികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും മുള്ളര്‍ തന്റെ 'ജര്‍മ്മന്‍ പണിപ്പുരയിലെ മരച്ചീളുകള്‍' എന്ന കൃതിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മാക്‌സ്മുള്ളറുടെ കത്തുകള്‍ മാക്‌സ്മുള്ളറുടെ ഹൃദയം ശരിയാംവണ്ണം പകര്‍ത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ കത്തുകളിലാണ്. കത്തുകള്‍ സ്വരൂപിച്ചെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജ്ജീനാ മാക്‌സ്മുള്ളര്‍ എഡിറ്റു ചെയ്ത് Life and Letters of Friedrich Max Muller എന്ന പേരില്‍ രണ്ടു വാല്യങ്ങളായി 1902 ല്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. എഴുത്തുകാരന്റെ മനസ്സറിയാന്‍ ഇതിലും നല്ല ഉപാധി വേറെയില്ലെന്നുതന്നെ പറയാം. കത്തുകളില്‍ ചിലതു കാണുക. മുള്ളറുടെ ക്രിസ്തുമതത്തോടുള്ള ആഭിമുഖ്യവും മതപരിവര്‍ത്തനത്തിനുവേണ്ടി അദ്ദേഹം ചെയ്ത ശ്രമവും വ്യക്തമാകും. നിഷ്പക്ഷമതികള്‍ക്കു സത്യം മനസ്സിലാക്കാന്‍ ഇതു മതിയായ തെളിവായിരിക്കും. 'എന്റെ വേദപരിഭാഷയും ഈ പതിപ്പും, ഇന്ത്യയുടെ ഭാവിയെ ഇനിമുതല്‍ വലിയ ഒരളവില്‍ സ്വാധീനിക്കും. ഇത് അവരുടെ (ഹിന്ദുക്കളുടെ) മതത്തിന്റെ കടയാണ്. ഇതിന്റെ അടിവേരെന്താണെന്ന് അവര്‍ക്ക് കാട്ടിക്കൊടുക്കണം. അതില്‍ നിന്നു കഴിഞ്ഞ മൂവായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ കിളിര്‍ത്തുവന്ന എല്ലാറ്റിനെയും കടപുഴക്കി എറിയുവാനുള്ള ഒരേയൊരു വഴി അതാണെന്നു ഞാന്‍ ദൃഢമായി കരുതുന്നു (വോള്യം 1. അദ്ധ്യായം 15. പേജ് 346) വേദതര്‍ജ്ജമയും സംസ്‌കൃതചരിത്രകഥനവും എഴുതിയ മുള്ളര്‍ 'ആര്‍ഗൈല്‍ ഡ്യൂക്കിന് (ഇന്ത്യന്‍ കാര്യത്തിനുള്ള മന്ത്രി) എഴുതിയ കത്തില്‍ പറഞ്ഞു: 'ഇന്ത്യയുടെ പ്രാചീനമതം നഷ്ടപ്രായമത്രെ. ഇപ്പോള്‍ ക്രിസ്തുമതം ആ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ അതാരുടെ കുറ്റമാണ്?' (വോള്യം 1. അദ്ധ്യായം 16. പേജ് 378) മുള്ളര്‍ എന്‍.കെ. മജൂംദാര്‍ എന്ന ബ്രഹ്മസമാജാംഗത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ച് എഴുതിയ കത്ത്: 'താങ്കളുടെ നാട്ടുകാരെയും താങ്കളെയും ക്രിസ്തുവിനെ പരസ്യമായി പിന്തുടരുന്നതില്‍ തടസ്സപ്പെടുത്തുന്ന പ്രയാസങ്ങളേവയെന്ന് എന്നോട് പറയുക. ഞാനും എന്നോട് യോജിക്കുന്നവരും എങ്ങനെയാണ് അവയെ നേരിട്ടു പരിഹരിച്ചതെന്ന് ഞാനും എഴുതി അറിയിക്കാം. എന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ നല്ലൊരു ഭാഗവും ക്രിസ്തുമതത്തിലേക്ക് മാര്‍ഗ്ഗം കൂടിക്കഴിഞ്ഞു. താങ്കള്‍ക്ക് ക്രിസ്തുവിന്റെ അനുയായിയാവാന്‍ വിശേഷപ്രേരണയൊന്നും വേണ്ട. ധീരമായി, അടിവെയ്ക്കൂ. താങ്കളിവിടെ തകരുകയൊന്നുമില്ല.. മറുകരയില്‍ താങ്കളുടെ അനേകം സുഹൃത്തുക്കള്‍ സ്വാഗതമോതി കാത്തുനില്‍ക്കും. അവരില്‍ താങ്കളുടെ പഴയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ എഫ്. മാക്‌സ് മുള്ളറേക്കാള്‍ സന്തുഷ്ട ചിത്തനായി ആരും കാണില്ല' (വോള്യം 2. അദ്ധ്യായം 34. പേജ് 415) ഈ കത്തുകളില്‍ നിന്നും അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നും മുള്ളറുടെ ക്രിസ്തുമതത്തോടുള്ള അഭിവാഞ്ഛയും സ്‌നേഹവും ആദരവും വ്യക്തം; ഇതരമതങ്ങളോടുള്ള അസഹിഷ്ണുതയും. ................................................................... 1. Scholar Extraordinary: The Life of Professor the Rt. Hon. Friedrich Max Muller, Nirad C. Chaudhary. 2. Life and Letters of Frederich Max Muller. Vol. I. ch IX. p. 171 3. History of Ancient Sanskrit Lilterature p.32. 1860. 4. Chips from a German Workshop, Second edition 1866 p. 27 5. India, what can it teach us, Lecture IV p. 118 1882 6. Chips from a German workshop Genesis and zend Avesta p. 147 (ഫോണ്‍: 9745715151)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.