ആര്‍ ബ്ലോക്കിനായി പ്രത്യേക കാര്‍ഷിക പാക്കേജെന്ന് മന്ത്രി

Tuesday 21 February 2017 8:18 pm IST

ആലപ്പുഴ: ആര്‍ ബ്ലോക്കില്‍ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ആര്‍ ബ്ലോക്കിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചശേഷം കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ ബ്ലോക്കിലെ 1450 ഏക്കറിലെ കാര്‍ഷിക പ്രതാപം സമയബന്ധിതമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പ്രത്യേക കാര്‍ഷിക മേഖലകള്‍(അഗ്രി സോണ്‍) പ്രഖ്യാപിക്കുമ്പോള്‍ ഈ മേഖലയെ അതില്‍ ഉള്‍പ്പെടുത്തും. ആര്‍ ബ്ലോക്കില്‍ കൃഷിയിറക്കുന്നതിനായി കൃഷി വകുപ്പ് ഹെലിക്യാം സര്‍വേ നടത്തി പ്രത്യേക പദ്ധതി തയാറാക്കും. ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കി മികച്ച കാര്‍ഷിക പ്രവര്‍ത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി കാര്‍ഷിക വിപണിയായി കൂടി ഇതിനെ മാറ്റും. ഹോളണ്ട് മാതൃകയിലുള്ള കൃഷി രീതിയെ സംരക്ഷിച്ച് ഫാം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തും. പമ്പിങ്ങിനും മറ്റും സൗരോര്‍ജമുപയോഗപ്പെടുത്താനുള്ള സാധ്യതയും തേടുമെന്നും മന്ത്രി പറഞ്ഞു. ഇവിടുത്തെ വെള്ളം വറ്റിക്കുന്നതിനായി 27 പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള റീ ടെണ്ടര്‍ നടപടികളായിട്ടുണ്ട്. മുമ്പ് സ്ഥാപിക്കാമെന്ന് കരാര്‍ ഏറ്റ് പിന്‍മാറിയ കമ്പിനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. എരണ്ട പക്ഷിയിറങ്ങിയതുമൂലം കൃഷി നശിച്ചവരുടെ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീസണില്‍ എത്തി മടങ്ങിപ്പോകാറുള്ള എരണ്ട പക്ഷി കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ പോയിട്ടില്ല. ഇതു വനംവകുപ്പുകൂടി ഉള്‍പ്പെടുന്ന വിഷയമാണ്. നഷ്ടപരിഹാരം അനുവദിക്കുന്നതിന് വനംവകുപ്പുമായി ആലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ കൃഷിക്കാന്‍ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പ്രിന്‍സിപ്പില്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.