സിപിഎം തലശ്ശേരി ഏരിയാ കമ്മറ്റിയംഗവും പിടിയില്‍

Friday 25 May 2012 10:40 pm IST

തലശ്ശേരി: ആര്‍എംപി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സിപിഎം ഉന്നതനടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. സിപിഎം തലശ്ശേരി ഏരിയാ കമ്മറ്റി അംഗവും മാഹി സ്വദേശിയുമായ പി.പി.രാമകൃഷ്ണന്‍ (55), പ്രവര്‍ത്തകനായ അഭി എന്ന അഭിജിത്ത്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇന്നലെ കാലത്ത്‌ 11.30 മണിയോടെയാണ്‌ പ്രത്യേകാന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്‌. വധഗൂഢാലോചന കേസില്‍ രാമകൃഷ്ണനും പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ്‌ പി.പി.രാമകൃഷ്ണന്‌ കൊലപാതകത്തിലുള്ള പങ്ക്‌ വ്യക്തമായത്‌. തുടര്‍ന്നായിരുന്നു അറസ്റ്റ്‌.
കണ്ണൂര്‍ സ്വദേശി അഭിജിത്ത്‌ നേരത്തെ അറസ്റ്റിലായ ഷിജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചതടക്കമുള്ള സംഭവത്തിലുള്ള പങ്കും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. രാമകൃഷ്ണനെയും അഭിജിത്തിനെയും കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം വടകരയില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനെതുടര്‍ന്ന്‌ നിര്‍ണായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചതായാണ്‌ സൂചന.
അറസ്റ്റിലായ മാഹി റെയില്‍വേസ്റ്റേഷന്‍ റോഡിലെ പുത്തലത്ത്‌ രാമകൃഷ്ണന്‍ എന്ന പി.പി.രാമകൃഷ്ണന്‍ സിപിഎം മുന്‍ മാഹി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്നു. നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്ന രാമകൃഷ്ണന്റെ വീടിന്‌ മുന്നില്‍ ഏതാനും ദിവസങ്ങളായി മഫ്തി പോലീസും സംഘം കാവലുണ്ടായിരുന്നു. കൊലപാതകത്തില്‍ രാമകൃഷണന്റെ പങ്ക്‌ വെളിപ്പെട്ടതിനെ തുടര്‍ന്ന്‌ ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതോടെയാണ്‌ രണ്ട്‌ ജീപ്പ്പുകളിലായെത്തി വീടുവളഞ്ഞ പോലീസ്‌ സംഘം രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്‌.
കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്‌ എന്നിവരുമായി അറസ്റ്റിലായ രാമകൃഷ്ണന്‌ അടുത്ത ബന്ധമാണുള്ളത്‌. അതുകൊണ്ട്‌ തന്നെ രാമകൃഷ്ണന്‌ കൊലപാതകത്തില്‍ കാര്യമായ പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ അന്വേഷണ സംഘത്തിന്‌ സൂചന ലഭിച്ചിരുന്നു. രാമകൃഷ്ണനെ ചോദ്യം ചെയ്തതില്‍ നിന്നും കൊല സംബന്ധിച്ച്‌ വിലപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചതായാണ്‌ സൂചന.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.