സ്‌കൂള്‍ കുട്ടികളില്‍ മഞ്ഞപ്പിത്തം പടരുന്നു

Tuesday 21 February 2017 10:05 pm IST

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സ്‌കൂള്‍ കുട്ടികളില്‍ മഞ്ഞപ്പിത്തം പടരുന്നു. മരങ്ങാട്ടുപിള്ളി നഗരത്തിലെ ഒരുസ്‌കൂളില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച്ചയായി പതിനഞ്ചോളം വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരാന്‍ സാധ്യതയുള്ളതായി മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പനി ബാധിതരായ വിദ്യാര്‍ത്ഥികളും ചികിത്സ തേടിയെത്തുന്നുണ്ട്. മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ അഞ്ച് കുട്ടികള്‍ക്കും, കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് കുട്ടികള്‍ക്കും വിവിധ സ്വകാര്യ ആശുപത്രികളിലായി പത്ത് കുട്ടികളും ഈ സ്‌കൂളില്‍ നിന്ന് മാത്രം മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി എത്തികഴിഞ്ഞു. കടപ്പൂര്‍, വയലാ, കുറവിലങ്ങാട്, ഉഴവൂര്‍ മേഖലയിലും മഞ്ഞപ്പിത്തം സ്ഥിരികരിച്ചു കഴിഞ്ഞു. നിരവധി ആളുകളാണ് ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യഥാസമയത്തുള്ള രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ ആകാന്‍ കാരണം. വെള്ളത്തില്‍ നിന്നാണ് പ്രധാനമായും രോഗാണുക്കള്‍ പടരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികള്‍ ഉപയോഗിക്കുന്ന സിപ്പപ്പ്, സ്‌കൂളില്‍ ഘടിപ്പിച്ചിരിക്കുന്ന വാട്ടര്‍ കൂളര്‍ എന്നിവയെല്ലാം രോഗാണുക്കള്‍ കുട്ടികളിലേയ്ക്ക് പകരുന്നതിന് കാരണമാകുന്നു. വേനല്‍ രൂക്ഷമായതോടെ കിണറുകളിലെ വെള്ളം വറ്റുന്നതും രോഗണുക്കള്‍ കൂടുന്നതുമാണ് അസുഖത്തിന് പ്രധാന കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.