മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലപ്രദേശത്തെന്ന്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌

Friday 25 May 2012 10:42 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന്‌ മാധവ്‌ ഗാഡ്ഗില്‍ സമിതി. ഇത്തരം മേഖലയിലുള്ള അമ്പത്‌ വര്‍ഷത്തിന്‌ മുകളില്‍ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്നും പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചു. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ്‌ സമിതിയുടെ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.
പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണത്തിനും പ്രദേശത്തുള്ള പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങള്‍ കണ്ടെത്താനും കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ്‌ മാധവ്‌ ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്‌. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ മൂന്ന്‌ സോണുകളായി തിരിച്ചാണ്‌ സമിതി പഠനം നടത്തിയിരിക്കുന്നത്‌. ഇതില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ സോണ്‍ ഒന്നിലാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌.
ഇവിടെ ഖാനനം, മറ്റ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങള്‍ തുടങ്ങിയവ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. ഈ ശുപാര്‍ശ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ വാദത്തിന്‌ എതിരാകും. അതേസമയം അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തുള്ള അണക്കെട്ടുകളും മറ്റും 50 വര്‍ഷം പിന്നിട്ടാല്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന ശുപാര്‍ശ കേരളത്തിന്‌ അനുകൂലമാകും.
അതിരിപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നല്‍കേണ്ടതില്ലെന്നും ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നുണ്ട്‌. പദ്ധതിക്കായി അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ്‌. മാത്രമല്ല ആദിവാസികളുടെ അധികാരങ്ങള്‍ സംരക്ഷിക്കുന്ന നിയമത്തിന്റെ വശങ്ങള്‍ പരിഗണിക്കാതെയാണ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പരാതിയുള്ളവര്‍ക്ക്‌ നാല്‍പ്പത്തിയഞ്ച്‌ ദിവസത്തിനകം രേഖാമൂലം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കാം.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.