കാസര്‍കോട് നഗരസഭ ഓഫീസ് ബിജെപി സ്തംഭിപ്പിച്ചു അഴിമതിക്കാര്‍ രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യറാകണം: സി.കെ.പി

Saturday 17 June 2017 6:30 am IST

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഭവന നിര്‍മ്മാണ-പുനരുദ്ധാരണ പദ്ധതികളില്‍ അഴിമതി നടത്തിയ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ മുസ്ലിം ലീഗ് നേതൃത്വം അട്ടിമറിച്ചു കൊണ്ടുള്ള ഒരു ഭരണമാണ് കാഴ്ചവെയ്ക്കുന്നത്. സ്വന്തക്കാര്‍ക്കും, ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് കീശവീര്‍പ്പിക്കാനുമുള്ളതാക്കി പദ്ധതികളെ മാറ്റിയിരിക്കുകയാണ്. ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ട് മോദി സര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗ് പ്രകാരം 30 ല്‍ നിന്ന് 40 ശതമാനമായി പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാറുകള്‍ക്കും, ത്രിതല പഞ്ചായത്തുകള്‍ക്കുമായി വര്‍ദ്ധിപ്പിച്ചു. കൗണ്‍സില്‍ യോഗങ്ങള്‍ തടസ്സപ്പെടുത്തുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തടസ്സം നില്‍ക്കുന്നുവെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ഈ അവസാന നിമിഷം വരെ ഭരണം നടത്തുന്ന ലീഗ് നേതൃത്വം ഉറങ്ങുകയായിരുന്നുവോ. നിരവധി ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും ശേഷം നഗരസഭയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ അനുമതി വാങ്ങിയിട്ടുണ്ട്. ആ പദ്ധതികള്‍ നടപ്പാക്കേണ്ടത് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ബിജെപി നടത്തുന്ന അഴിമതിക്കെതിരായ സമരങ്ങള്‍ അതിന് തടസ്സമല്ല. ബിജെപി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നുവെന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ്. വികസനം മുടക്കികളല്ല, ബിജെപിക്കാരെന്നും എന്നാല്‍ നഗരസഭാഭരണം ദുരുപയോഗം ചെയ്തു കൊണ്ട് വികസനത്തിന്റെ പേരില്‍ മെമ്പര്‍മാര്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് തടയുമെന്നും സി.കെ.പി. വ്യക്തമാക്കി. പൊതുനിരത്തുകളില്‍ കച്ചവടം ചെയ്യുന്ന ആള്‍ക്കാരില്‍ നിന്നും ഭീമമായ വാടക ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒരു സംഘം നഗരസഭാ ഭരണസമിതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതേ സംഘമാണ് കാസര്‍കോട്ട് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും ഭീമമായ തുക കൈക്കലാക്കുന്നതിനും പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പഴയ ഭരണസമിതിയിലെയും പുതിയ ഭരണ സമിതിയിലെയും ജനപ്രതിനിധികളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അന്വേഷിക്കണമെന്നും സി.കെ.പി. ആവശ്യപ്പെട്ടു. സമര കേരള ചരിത്രത്തിലെ പുതിയ വിപ്ലവ സംഭവമാണ് കാസര്‍കോട് നഗരസഭ ഓഫീസ് ഉപരോധമെന്ന് സി.കെ.പി. വ്യക്തമാക്കി. നിരവധി ഉപരോധ സമരങ്ങള്‍ കേരളത്തില്‍ നടക്കാറുണ്ട്. പക്ഷെ പലപ്പോഴും ഉദ്യോഗസ്ഥന്മാര്‍ നേരത്തെ ഓഫീസുകള്‍ക്കുള്ളില്‍ കടന്ന് കൂടാറാണ് പതിവ്. അതിനാല്‍ സമരങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കാറില്ല. പക്ഷെ കാസര്‍കോട് നഗരസഭ ഓഫീസിനകത്ത് ഓരാള്‍ക്ക് പോലും കടക്കാന്‍ പറ്റാത്ത വിധത്തില്‍ ബിജെപി ശക്തമായ ഉപരോധമാണ് ഗേറ്റുകള്‍ക്ക് മുന്നില്‍ തീര്‍ത്തിരിക്കുന്നതെന്ന് സി.കെ.പി. പറഞ്ഞു. കാസര്‍കോട് നഗരസഭ ഓഫീസിനുമുന്നില്‍ ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ എട്ട് മണിക്കാരംഭിച്ച ഉപരോധസമരം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ഭരണസമിതിക്കെതിരെ കൂടുതല്‍ അഴിമതിയാരോപണങ്ങളുമായി ബിജെപി രംഗത്ത്. നഗരസഭയിലെ ഭവനപനരുദ്ധാരണ, ഭവനനിര്‍മാണ പദ്ധതികളില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്നലെ നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. നഗരസഭയില്‍ നടപ്പിലാക്കിയ ആശ്രയ പദ്ധതിയുടെ മറവിലും അഴിമതി നടന്നുവെന്ന് ബിജെപി ആരോപിച്ചു. ആശ്രയ പദ്ധതി പ്രകാരം പാസാക്കിയ 15 ലക്ഷം രൂപയുടെ ഫണ്ടില്‍ നിര്‍മിക്കാനുദ്ദേശിച്ച റോഡിന്റെ പ്രവര്‍ത്തി നടന്നിട്ടില്ലെന്നും ഈ പണം റോഡ് നിര്‍മിക്കാതെ വകമാറ്റി ക്രമക്കേടുകള്‍ നടത്തി. ഭവന പുനരുദ്ധാരണ പദ്ധതി അഴിമതിയില്‍ ആരോപണ വിധേയയായ നഗരസഭയിലെ വികസനകാര്യ സ്ഥിരം ചെയര്‍പേഴ്‌സണ്‍ നൈമുന്നീസ രാജിവെക്കണമെന്നും ആശ്രയ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജിവെക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. ചെയര്‍പേഴ്‌സണോട് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് പി.രമേശ് ഉന്നയിച്ചത്. നഗരസഭയിലെ ഹാജര്‍ പട്ടിക കീറിയത് ആരാണ്, ആയിഷ യു എസ് മുഹമ്മദ്, ഫാത്തിമ തായല്‍ ഹൗസ് തുടങ്ങി 19 പേരുടെ ഡിഡികള്‍ എവിടെപ്പോയി, ആയിഷക്ക് പകരം എങ്ങനെ മറ്റൊരു ആയിഷക്ക് ഡിഡി നല്‍കി, ഏഴാംമാസം നല്‍കിയ അപേക്ഷകള്‍ എങ്ങനെ നാലാം മാസത്തിലെ രേഖകളില്‍ കടന്നുകൂടി, ഭവപുനരുദ്ധാരണ പദ്ധതിയില്‍ ആരോപണ വിധേയയായ കൗണ്‍സിലറുടെ കര്‍ണാടക യാത്രയില്‍ ഒപ്പം പോയ പേഴ്‌സണല്‍ സെക്രട്ടറി ആരാണ്, കൂടെയുണ്ടായിരുന്ന പ്രമുഖ കൗണ്‍സിലര്‍ ആരാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ്‍ എത്രയും വേഗം മറുപടി നല്‍കണമെന്നും രമേശ് ആവശ്യപ്പെട്ടു. ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് എ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍, ബാലകൃഷ്ണ ഷെട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍, സെക്രട്ടറി അഞ്ജു വര്‍ഗ്ഗീസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സവിത, അഡ്വ.സദാനന്ദ റായ്, എസ്.കുമാര്‍, കൗണ്‍സിലര്‍മാരായ രവീന്ദ്ര പൂജാരി, ദുഗ്ഗപ്പ, കെ.സുജിത്ത്, സന്ധ്യാഷെട്ടി, കെ.ശങ്കര, ജാനകി, ജയപ്രകാശ്, ശ്രീലത, അരുണ്‍കുമാര്‍, പ്രേമ, ഉമ, കെ.ജി.മനോഹരന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സമിതിയംംഗം അനിത ആര്‍ നായക്ക്, ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.