റേഷന്‍ സപ്ലൈ ഓഫീസറെ ബിജെപി ഉപരോധിച്ചു

Tuesday 21 February 2017 10:43 pm IST

നെയ്യാറ്റിന്‍കര: ബിപിഎല്‍,എപിഎല്‍ ലിസ്റ്റില്‍ വീണ്ടും അപാകത. ബിജെപി പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര സപ്ലൈ ഓഫീസറെ ഉപരോധിച്ചു. മാസങ്ങള്‍ മുമ്പ് താലൂക്കിലെ പഞ്ചായത്തുകളില്‍ റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാന്‍ എന്ന് പറഞ്ഞ് കാര്‍ഡുകള്‍ വാങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുശേഷം പുതിയ കാര്‍ഡുകള്‍ തിരിച്ചുനല്‍കി. എന്നാല്‍ പുതുക്കി നല്‍കിയ റേഷന്‍കാര്‍ഡുകളിലും അപാകതകളായിരുന്നു. കൂലിപ്പണിയും കര്‍ഷകകുടുംബങ്ങളിലുമുള്ളവര്‍ക്ക് എപിഎല്‍ കാര്‍ഡും ജുവല്ലറി ഉടമകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബിപിഎല്‍ കാര്‍ഡുമാണ് വിതരണം ചെയ്തിരുന്നത്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിഷേധത്തില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ റേഷന്‍കാര്‍ഡുകള്‍ തിരിച്ചു വാങ്ങുകയും സൂഷ്മപരിശോധനകള്‍ക്ക് ശേഷം അപാകതകള്‍ പരിഹരിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുതുക്കിയ ബിപിഎല്‍ എപിഎല്‍ ലിസ്റ്റുകള്‍ പുറപ്പെടുവിച്ചപ്പോള്‍ വീണ്ടും അപാകതകള്‍ നിറഞ്ഞ ലിസ്റ്റുകളാണ് പുറത്തിറക്കിയതെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. ഒരുസെന്റ് ഭൂമിപോലുമില്ലാത്ത സാധാരണ കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റുകളില്‍ നിന്നും വെട്ടിമാറ്റി. തുടര്‍ന്ന് അനര്‍ഹരായവരെ ബിപിഎല്‍ ലിസ്റ്റില്‍ തിരികിക്കയറ്റിയതിനെതിരെ ബിജെപി കൗണ്‍സിലര്‍മാരായ ശശികലയുടെയും ഉഷയുടെയും നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സപ്ലൈ ഓഫീസറെ ഉപരോധിച്ചു. മണികൂറുകള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ അര്‍ഹരായവരെമാത്രം ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. ബിജെപി നേതാക്കളായ മഞ്ചന്തല സുരേഷ്, അരംഗള്‍ സന്തോഷ്, കൂട്ടപ്പന മഹേഷ്, റേഷന്‍ഡീലേഴ്‌സ് ജില്ലാ പ്രസിഡന്റ് പാറശാല ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.