പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ ഒരു കോടി തുലച്ചു

Saturday 17 June 2017 4:14 am IST

ഇടുക്കി: പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു. ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപായുമ്പോഴാണ് കണ്ണൂരില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ വ്യാപകമായി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പിരിവ് നടത്തിയത്. കണ്ണൂര്‍ ജില്ല ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പതിനായിരം രൂപയും കണ്ണൂര്‍ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഇരുപതിനായിരം രൂപയും സംഘാടക സമിതി പിരിച്ചു. ഇത്രയധികം തുക പിരിക്കുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഉത്തരവിറക്കുകയും ചെയ്തു. സര്‍ക്കാരിന്റെ 2017 ജനുവരി ഒന്നിലെ 227/2017/ തസ്വഭവ ഉത്തരവ് പ്രകാരമാണ് പിരിവിനുള്ള അനുമതി നല്‍കിയത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നോ പൊതു ആവ്യെത്തിനുള്ള ഗ്രാന്റില്‍ നിന്നോ ഈ തുക നല്‍കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ നിന്ന് ഇത്തരത്തില്‍ ഒരു കോടിയിലധികം രൂപ സംഘാടകരുടെ പക്കല്‍ എത്തി. പഞ്ചായത്തിലെ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവരാണ്  ദിനാചരണത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവര്‍. പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് യാത്രപ്പടിയും താമസിക്കുന്നതിനുള്ള മുറിവാടകയും അതത് പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്ന് എഴുതിയെടുക്കാം. ഫെബ്രുവരി 18, 19 തിയതികളില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തിട്ടുള്ളത്. ഇവര്‍ക്ക് ഭക്ഷണവും ബാഗും സംഘാടകര്‍ നല്‍കി. ഇതിനായി എത്ര അധികം തുക കൂട്ടിയാലും അമ്പത് ലക്ഷത്തില്‍ താഴെയെ പണച്ചിലവ് വരൂ. ബാക്കി തുക എന്ത് ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നില്ല. പതിനായിരം രൂപ പിരിവ് വാങ്ങിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആഘോഷത്തിന്റെ വരവ് ചെലവ് കണക്ക് അറിയിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്. ഈ ആഘോഷ പരിപാടികളുടെ പണം ഇടപാടിനെ സംബന്ധിച്ച് ഓഡിറ്റിങും നടക്കുന്നില്ല. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.