കുടിവെള്ളക്ഷാമം പ്രതിഫലിച്ച് കൗണ്‍സില്‍ യോഗം

Wednesday 22 February 2017 2:36 pm IST

കൊല്ലം: നാട്ടില്‍ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന്റെ യാതനകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രമാണ് ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യേണ്ട അവസ്ഥ ഉണ്ടായതെങ്കില്‍ ഇക്കുറി ഫെബ്രുവരിയില്‍ തന്നെ കുടിവെള്ളം കിട്ടാക്കനിയായെന്ന് കക്ഷിഭേദമന്യേ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കേണ്ട ജലഅതോറിറ്റി അവരുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയുകയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പൊതുചര്‍ച്ചയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസിലെ എ.കെ.ഹഫീസ് പ്രശ്‌നത്തിന്റെ ഗൗരവം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. നഗരഹൃദയത്തില്‍ തന്നെ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. കോര്‍പ്പറേഷന്റെ പക്കലുള്ള നാല് കുടിവെള്ള ടാങ്കറുകള്‍ ഉപയോഗിച്ച് എന്തുചെയ്യാന്‍ കഴിയുമെന്നും അംഗം ആരാഞ്ഞു. തുടര്‍ന്ന് സംസാരിച്ച സിപിഐ അംഗം ഹണിയും പ്രശ്‌നത്തിന്റെ ഗൗരവം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വെള്ളമില്ലാത്തതിന്റെ ദുരവസ്ഥ വിവരിച്ച് മേയറെ കുരിശില്‍ കയറ്റിയ വടക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാറിന്റെ വര്‍ണ്ണന കാടുകയറി. പദങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മേയറുടെ റൂളിംഗും ഉടന്‍ വന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികളല്ല, സത്വര നടപടികളാണ് ആവശ്യമെന്ന് സതീഷ് പറഞ്ഞു. കുടിവെള്ള ടാങ്കറുകള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങളില്‍ വെള്ളം എത്തിക്കണമെന്ന് സിപിഎമ്മിലെ എസ്.രാജമോഹനനും ബിജെപിയിലെ ഷൈലജയും നിര്‍ദ്ദേശിച്ചു. മൂന്ന് ടാങ്കര്‍ ലോറികളിലും ഒരു ടിപ്പറിലും കുടിവെള്ളം വിതരണം ചെയ്തുവരുന്നതായി ആരോഗ്യസ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ്.ജയന്‍ അറിയിച്ചു. ആവശ്യമുള്ളത്ര കുടിവെള്ളം ലഭ്യമാക്കാം. വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്താല്‍ മതിയെന്ന് പറഞ്ഞിരുന്ന ജലഅതോറിറ്റി ഈ വാഗ്ദാനത്തില്‍ നിന്ന് പിന്നോക്കം പോയെന്ന് ജയന്‍ പറഞ്ഞു. നേരത്തേ രാവിലെ ആറ് മണി മുതല്‍ പമ്പ് ഹൗസില്‍ നിന്ന് വെള്ളം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 11 മണിയായിട്ടേ ലഭിക്കൂ എന്ന അവസ്ഥയാണ്. കുടിവെള്ളത്തിന്റെ ലഭ്യത അനുസരിച്ച് വാഹനങ്ങള്‍ ഏര്‍പ്പാടുചെയ്യുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് ഉറപ്പ് നല്‍കി. കുടിവെള്ളപ്രശ്‌നം രൂക്ഷമാണെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി മേയര്‍ വി.രാജേന്ദ്രബാബു പറഞ്ഞു. ശാസ്താംകോട്ടയില്‍ നിന്ന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുടിവെള്ളപദ്ധതിയില്‍ നിന്നുള്ള ജലമാണ് ഇപ്പോള്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ചക്കകം വീണ്ടും ചര്‍ച്ച നടത്തുമെന്നും മേയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.