യുപിയില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്; റായ്ബറേലിയില്‍ എസ്പിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍

Friday 16 June 2017 9:52 pm IST

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്. 53 മണ്ഡലങ്ങളിലായി 680 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 61 സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. ബിഎസ്പി 53, ബിജെപി 48, രാഷ്ട്രീയ ലോക്ദള്‍ 39, സമാജ്‌വാദി പാര്‍ട്ടി 33, കോണ്‍ഗ്രസ് 25, സിപിഐ 17, സിപിഎം മൂന്ന് സീറ്റുകളിലും മത്സരിക്കുന്നു. സംസ്ഥാനത്ത് സഖ്യത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും രണ്ട് സീറ്റുകളില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നുണ്ട്. സോണിയയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ ഊജ്ജഹാര്‍, സറേനി എന്നീ മണ്ഡലങ്ങളിലാണ് സൗഹൃദ മത്സരം. അഞ്ച് നിയമസഭാ മണ്ഡലമാണ് റായ്ബറേലിയിലുള്ളത്. 2012ല്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് തോറ്റു. നാല് സീറ്റില്‍ എസ്പി ജയിച്ചു. ഇത്തവണ സഖ്യമുണ്ടായപ്പോള്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചെങ്കിലും എസ്പി വഴങ്ങിയില്ല. കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയാല്‍ തോല്‍ക്കുമെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. വര്‍ഷങ്ങളായി നെഹ്‌റു കുടുംബം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത് നാണക്കേടാകുമെന്നതിനാലാണ് സൗഹൃദമത്സരത്തിന് വഴിതുറന്നത്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും രണ്ട് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. അസുഖബാധിതയായതിനാല്‍ സോണിയ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ്സിനും അഖിലേഷ് യാദവ് എസ്പിക്കും അമിത് ഷായും രാജ്‌നാഥ് സിങ്ങും ബിജെപിക്കും റായ്ബറേലിയില്‍ പ്രചാരണത്തിനിറങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ബിജെപിക്ക് എസ്പി-കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതും പ്രതീക്ഷയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.