മാതാ അമൃതാന്ദമയീ ദേവി 27ന് തലശ്ശേരിയില്‍

Wednesday 22 February 2017 9:22 pm IST

തലശ്ശേരി: സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീ ദേവി 27, 28 തിയ്യതികളില്‍ തലശ്ശേരിയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നതാണെന്ന് സ്വാമി അമൃതകൃപാനന്ദപുരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1999ല്‍ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച തലശ്ശേരിയിലെ ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാര്‍ഷിക മഹോത്സവത്തിന് അമ്മ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 25ന് ഉടുപ്പിയിലെ പൊതുപരിപാടി കഴിഞ്ഞ് 26ന് വൈകുന്നേരം തലശ്ശേരിയിലെത്തുന്ന അമ്മയെ ഭക്തജനങ്ങള്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 27ന് രാവിലെ അഞ്ചരയോട്കൂടി ധ്യാനം, ശ്രീ ലളിതാ സഹസ്രനാമാര്‍ച്ചന എന്നിവയോടുകൂടി ബ്രഹ്മസ്ഥാന വാര്‍ഷികാഘോഷം ആരംഭിക്കും. 11മണിക്ക് വേദിയിലെത്തുന്ന അമ്മ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധക്കും ധ്യാന പരിശീലനത്തിനും ശേഷം ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ടോക്കണ്‍ സമ്പ്രദായത്തിലാണ് ദര്‍ശനം നിയന്ത്രിക്കുക. സദസ്സിലെ ഇരിപ്പിടിങ്ങളില്‍തന്നെ ടോക്കണ്‍ ലഭ്യമാക്കുന്നതാണ്. ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനനുസരിച്ച് അമ്മയുടെ ദര്‍ശനം ലഭിക്കുന്നതായിരിക്കും. 27ന് രാവിലെ 7 മണിക്ക് രാഹുദോഷ നിവാരണ പൂജയും 28ന് രാവിലെ ശനിദോഷ നിവാരണ പൂജയും ഉണ്ടായിരിക്കും. രണ്ടു ദിവസങ്ങളിലായി ഒരുലക്ഷത്തിലധികം ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്ന മുഴുവന്‍ ഭക്തര്‍ക്കും മൂന്നുനേരവും സൗജന്യമായി ഭക്ഷണം നല്‍കുന്നതാണ്. കുടിവെള്ളം, ഇരിപ്പടങ്ങളില്‍തന്നെ നല്‍കും. കൂടാതെ കാന്റീന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തപ്പിനായി ക്രൗഡ് കണ്‍ട്രോള്‍, സെക്യൂരിറ്റി, ട്രാഫിക് കണ്‍ട്രോള്‍, പാചകം, ഭക്ഷണ വിതരണം തുടങ്ങി 25 ലധികം വിഭാഗങ്ങളിലായി രണ്ടായിരത്തോളം വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിക്കും. മാതാ അമൃതാനന്ദമയീ പ്രസിദ്ധീകരണങ്ങള്‍, ആയുര്‍വ്വേദ ഉല്‍പന്നങ്ങള്‍, സേവന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷന്‍ തുടങ്ങിയ സ്റ്റാളുകളും ഇവിടെ ഒരിക്കും. സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി പ്രണവാമൃതാനന്ദപുരി, സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമിനി കൃഷ്ണാമൃത പ്രാണ തുടങ്ങി സന്യാസി ശിഷ്യന്‍മാരും വൈദേശികരും ആശ്രമ അന്തേവാസികളും അടക്കം ആയിരത്തിലധികം വരുന്ന സംഘം അമ്മയെ അനുഗമിച്ചെത്തും. മാര്‍ച്ച് 1ന് മാനന്തവാടി ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അമ്മ യാത്രതിരിക്കുമെന്നും സ്വാമി അമൃതകൃപാനന്ദപുരി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.എം.രാമകൃഷ്ണന്‍, കെ.പി.ഹരീഷ്, വി.പി.ബാലകൃഷ്ണന്‍, എ.ദിവാകരന്‍ എന്നിവരും പങ്കെടത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.