കൃഷിഭവനില്‍ നിന്ന് നല്‍കിയത് പകുതി നശിച്ച പയര്‍ വിത്തുകള്‍

Wednesday 22 February 2017 9:42 pm IST

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി കൃഷി ഭവനില്‍ നിന്നും ചെള്ള് കുത്തി നശിപ്പിച്ച പയര്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി പരാതി. ഉപ്പുഴി, കരയാംപാടം, മുപ്ലിയം പാടശേഖരങ്ങളിലേക്ക് വിതരണം ചെയ്ത പയര്‍ വിത്തുകളാണ് ചെള്ള് കുത്തി ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലുള്ളത്. പാലക്കാട് നാഷ്ണല്‍ സീഡ് അതോറിറ്റിയില്‍ നിന്നാണ് വിത്തുകള്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി ചാക്കുകള്‍ പൊട്ടിച്ചപ്പോഴാണ് ചെള്ളുകള്‍ നിറഞ്ഞ പയര്‍ വിത്ത് കണ്ടത്. ഉപ്പുഴി പാടശേഖരത്തിലെ അറുപത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി കൊണ്ടുവന്ന വിത്തുകള്‍ പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. ഉപ്പുഴി പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് മാത്രമായി 160 കിലോ വിത്താണ് കൃഷിഭവന്‍ വഴി എത്തിച്ചത്.ഒരു കിലോ വിത്തിന് 95 രൂപയും കര്‍ഷകരില്‍ നിന്ന് വാങ്ങിയിരുന്നു. സമീപത്തുള്ള പാടശേഖര സമിതികളും സമാനമായ രീതിയില്‍ പയര്‍ വിത്തുകള്‍ വാങ്ങിയിരുന്നു. പകുതിയില്‍ താഴെ വിളവേ ഇതിന് ലഭിക്കൂ. നാല്‍പ്പത് കിലോ വീതമുള്ള ചാക്കുകളിലായാണ് വിത്തുകള്‍ എത്തിച്ചിരിക്കുന്നത്. വിത്തുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഉപ്പുഴി പാടശേഖര സമിതി സെക്രട്ടറി ടി.കെ.സുബ്രന്‍ കൃഷി ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം സീഡ് അതോറിറ്റിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ പാടശേഖരത്തിലെത്തി വിത്തുകള്‍ പരിശോധിച്ചു. തിരിച്ചെടുക്കുന്ന വിത്തുകള്‍ മാറ്റി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ പുതിയ വിത്തുകള്‍ നല്‍കുകയോ അല്ലെങ്കില്‍ പണം തിരിച്ചുനല്‍കുകയോ ചെയ്യണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് പാടശേഖര സമിതികള്‍ കൃഷിഭവനില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.