വെടിക്കെട്ടിന് അനുമതിയില്ല : ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ഭരണകൂടത്തിന് ധാര്‍ഷ്ട്യമെന്ന്-ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

Wednesday 22 February 2017 10:28 pm IST

തൃശൂര്‍: ആനയെഴുന്നെള്ളിപ്പ്, വെടിക്കെട്ടുകള്‍ക്ക് ജില്ലാ ഭരണകൂടം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.ഉത്രാളിക്കാവ് പൂരത്തിന്റെയും മച്ചാട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തസാഹചര്യത്തിലാണിത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടും, മന്ത്രി നേരിട്ട് പറഞ്ഞിട്ടും അനുസരിക്കാത്ത ജില്ലാ ഭരണകൂടത്തിന് ധാര്‍ഷ്ട്യമാണെന്നും ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് നിര്‍ബന്ധിതമായതെന്നും ഹര്‍ത്താല്‍ തീരുമാനം പ്രഖ്യാപിച്ച ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഹര്‍ത്താലിന് ബി.ജെ.പിയും,കോണ്‍ഗ്രസും, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളും പിന്തുണയറിയിച്ചു. സമരത്തിന് പിന്തുണയുമായി കമ്പിത്തിരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കമ്പിത്തിരി കത്തിച്ച് പ്രതീകാത്മക വെടിക്കെട്ട് പൂരം നടത്തി. തൃശൂര്‍പൂരത്തിന്റെ പ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കുന്ന തെക്കേഗോപുരനടയിലായിരുന്നു പ്രതീകാത്മക പ്രതിഷേധ കമ്പിത്തിരിപ്പൂരം. ചൊവ്വാഴ്ച ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഹര്‍ത്താല്‍ തീരുമാനമെടുത്തുവെങ്കിലും മന്ത്രി വി.എസ്.സുനില്‍കുമാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തി പൂരം മുന്‍വര്‍ഷത്തെ പോലെ നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ത്താല്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയിരുന്നുവെങ്കിലും, ബുധനാഴ്ച പൂരം വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് കലക്ടറെ സമീപിച്ചതില്‍ മന്ത്രി നിര്‍ദ്ദേശിച്ചതു പോലുള്ള അനുകൂല നിലപാട് ഉണ്ടായില്ലെന്നും, വെടിക്കെട്ടിന് അനുമതി നല്‍കിയല്ലെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് വ്യാഴാഴ്ച ഹര്‍ത്താലിന് തീരുമാനമെടുത്തത്. പി.ശശികുമാര്‍, വല്‍സന്‍ ചമ്പക്കര എന്നിവര്‍ പറഞ്ഞു. 26ന് ജില്ലയിലെ മൂന്നു മന്ത്രിമാരുടെയും വസതികള്‍ക്കു മുമ്പില്‍ കുടില്‍കെട്ടി രാപ്പകല്‍ സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.എ.സുന്ദര്‍ മേനോന്‍, പ്രൊഫ.എം മാധവന്‍ കുട്ടി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തുടങ്ങിയവരും പങ്കെടുത്തു. ഹര്‍ത്താലിന് പിന്തുണ തൃശൂര്‍ :ഹര്‍ത്താലിനെ പിന്തുണക്കുമെന്ന് കുമ്മാട്ടി സമാജം പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് അറിയിച്ചു. ഹര്‍ത്താലിനെ പിന്തുണക്കുമെന്ന് ഹിന്ദു ഇക്കണോമിക് ഫോറം ഭാരവാഹികളായ രഘുനാഥ്.സി മേനോന്‍, കെ.സി.രവീന്ദ്രന്‍, രാജന്‍ അച്യുതന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.