നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്നതിന് തെളിവ്: എബിവിപി

Friday 16 June 2017 10:18 pm IST

എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് നയിക്കുന്ന സ്വാശ്രയകോളേജ് യാത്രക്ക് കോഴിക്കോട് ഉള്ളിയേരി എം-ഡിറ്റ് കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

കോഴിക്കോട്: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടിട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത് കേരളസര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണെന്നതിന്റെ തെളിവാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു.

സ്വാശ്രയ സ്ഥാപനങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാനം തയ്യാറാകണമെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എബിവിപി സംഘടിപ്പിക്കുന്ന സ്വാശ്രയകോളേജ് യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, ഇന്റേണല്‍ മാര്‍ക്കുകളിലെ അപാകതകള്‍ പരിഹരിക്കുക, കലാലയങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ട് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നയിക്കുന്ന യാത്ര ഇന്നലെ ജില്ലയിലെ വിവിധ സ്വാശ്രയ കലാലയങ്ങളില്‍ പര്യടനം നടത്തി.

എബിവിപി ദേശീയ നിര്‍വാഹകസമിതി അംഗം ശരത് ശിവന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജിന്‍, ജില്ലാസംഘടനാ സെക്രട്ടറി ഡി.എസ്. അഭിരാം, സംസ്ഥാനസമിതി അംഗം ഹരികൃഷ്ണന്‍ സി.കെ, ജില്ലാ സമിതി അംഗങ്ങളായ കെ.കെ. അമല്‍മനോജ്, സാരംഗ് എന്നിവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.