കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപ്പിടിത്തം

Friday 16 June 2017 8:58 pm IST

കോഴിക്കോട്: നഗരത്തെ പരിഭ്രാന്തിയിലാക്കി മിഠായിത്തെരുവില്‍ വീണ്ടും തീപ്പിടിത്തം. കോടികളുടെ നഷ്ടം. ഫയര്‍ഫോഴ്‌സ് സംഘം മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ആണ് പൂര്‍ണ്ണമായും അഗ്നിക്കിരയായത്. കെട്ടിടത്തിനും ഫര്‍ണിച്ചറിനുമായി മാത്രം 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍ കത്തിനശിച്ച തുണിത്തരങ്ങളുടെ തുക ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ പതിനൊന്നേകാലോടെയാണ് മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടത് ഭാഗത്തെ മൂലയില്‍ തീ ആദ്യം കണ്ടത്. കടയിലുണ്ടായിരുന്ന ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണയ്ക്കാന്‍ നടത്തിയ ശ്രമം മണിക്കൂറൂകളോളം നീണ്ടു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി എത്തിയ ഇരുപതോളം ഫയര്‍ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉച്ചക്ക് 2.15 ഓടെയാണ് തീ അണയ്ക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക അഗ്നിശമന വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മണ്ണാര്‍ക്കാട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഗതാഗതം തിരിച്ചുവിട്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് മിഠായിത്തെരുവിലേക്ക് എത്താന്‍ വഴിയൊരുക്കി. ചുമട്ടുതൊളിലാളികളും വ്യാപാരികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി. തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സിനായത് നേട്ടമായി. അല്ലെങ്കില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായേനെ. അതേസമയം തീപിടിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകള്‍ രക്ഷാപ്രവര്‍ത്തകരെ ആദ്യമൊന്ന് വലച്ചു. സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാതെ സാഹസികമായി എടുത്തു മാറ്റിയതോടെ വന്‍ദുരന്തം തടയാനായി. ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം വിവിധ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പങ്കജ് ബുലാനി, പ്രകാശ് ബുലാനി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച കെട്ടിടം. ചെന്നൈ സ്വദേശിയായ ഹിമാചെലപതിയാണ് കട നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്‌കോയ, എഡിജിപി രാജേഷ് ധിവാന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയദേവ്, ജില്ലാ കലക്ടര്‍ യു.വി. ജോസ്, അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സ്ഥലത്തെത്തി. മിഠായിത്തെരുവില്‍ തീ പിടിച്ചെന്ന വാര്‍ത്ത നഗരത്തെ മണിക്കൂറുകളോളമാണ് പരിഭ്രാന്തിയിലാക്കിയത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ 25ന് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാകലക്ടര്‍ യു.വി. ജോസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.