മലപ്പുറം ഗവ.വനിതാ കോളേജിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കണം

Thursday 23 February 2017 11:26 am IST

മലപ്പുറം: ഗവ.വനിതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്ന് പി.ഉബൈദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച കോളേജ് കോട്ടപ്പടി ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ താത്കാലിക ക്യാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. കോളേജിന് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍കെല്‍ എഡ്യൂസിറ്റിയില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഭൂമി കൈമാറുന്ന നടപടികളാവാത്തതാണ് കോളേജ് കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തിലാക്കുന്നത്. റവന്യൂ വകുപ്പ് സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തി ജില്ലാകലക്ടര്‍ മുഖേന സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷമായിട്ടും തുടര്‍ നടപടികളുണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറിയാല്‍ മാത്രമേ കെട്ടിട നിര്‍മാണം തുടങ്ങാനാവൂ. എംഎല്‍എ ഫണ്ടിന്റെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടില്ല. സാങ്കേതികത്വം പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈമാറ്റ നടപടികള്‍ വൈകിപ്പിക്കുകയാണ്. നിലവില്‍ താത്കാലിക ക്യാമ്പസ് സ്ഥിതി ചെയ്യുന്ന ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണം നടക്കാനിരിക്കുയാണ്. രണ്ടുകോടി രൂപയുടെ നിര്‍മാണത്തിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. വനിതാ കോളേജ് പൊളിച്ചുമാറ്റിയാണ് ഈ നിര്‍മാണം നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ വീണ്ടും മറ്റൊരു താത്കാലിക സ്ഥലം കണ്ടെത്തേണ്ട അവസ്ഥയാണ്. ഭൂമി കൈമാറ്റം വേഗത്തിലാക്കി കെട്ടിടം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.