നടിയെ തട്ടിക്കൊണ്ടുപോകല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കണ്ണൂര്‍ ബന്ധം അന്വേഷിക്കണം: ബിജെപി

Thursday 23 February 2017 9:07 pm IST

ആലപ്പുഴ: നടിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കണ്ണൂര്‍ബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മലയാള സിനിമയെ സിപിഎം ഗുണ്ടാസംഘവും മയക്കുമരുന്നു മാഫിയാസംഘങ്ങളും അടക്കിഭരിക്കുകയാണ്. സിപിഎമ്മുമായി ബന്ധമുള്ള കണ്ണൂരിലെ ഗുണ്ടാസംഘങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പള്‍സര്‍ സുനിക്കൊപ്പം പിടിയിലായ വിജീഷ് കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലചെയ്ത കേസില്‍ പി. ജയരാജനൊപ്പം പ്രതിയായ സജീഷിന്റെ സഹോദരനാണ്. വിജീഷിന്റെ മറ്റൊരു സഹോദരന്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിജീഷ് എങ്ങനെ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിലെത്തിയെന്നും ഇതിന് നേതൃത്വം നല്‍കിയതാരെന്നും അന്വേഷിക്കണം. കണ്ണൂരിലെ ക്രിമിനല്‍ നേതാക്കളായ കുഞ്ഞനന്തന്‍, കാരായിമാര്‍ തുടങ്ങിയവരും നേരത്തെ ഒളിവില്‍ കഴിഞ്ഞത് എറണാകുളത്താണ്. ഇടതു സര്‍ക്കാരിനു കീഴില്‍ കേരളത്തിലെ ക്രമസമാധാനം പാടെ തകര്‍ന്നു. കുറ്റകൃത്യങ്ങളില്‍ ബീഹാറിനെ കടത്തിവെട്ടുകയാണ് കേരളം. ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥതമൂലം പോലീസ് സംവിധാനം കുത്തഴിഞ്ഞു. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതി സുനി കോടതിയില്‍ കീഴടങ്ങാനെത്തിയത് ആസൂത്രിത നാടകത്തിന്റെ ഭാഗമായാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പിണറായി വിജയന്‍ പരാജയമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഘടകകക്ഷികള്‍ പോലും ഇക്കാര്യം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പിണറായി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് ഘടകകക്ഷികള്‍ക്ക് ചുമതല നല്‍കണമെന്ന് രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ആവ്യപ്പെട്ടു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമനും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.