കുടിവെള്ളം നല്‍കിയില്ല; സവാരി കേന്ദ്രത്തിലെ ആന വിരണ്ടോടി

Thursday 23 February 2017 9:40 pm IST

അടിമാലി: ആനസവാരി കേന്ദ്രത്തില്‍ സഞ്ചാരികള്‍ സവാരി നടത്തിയിരുന്ന ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ദേശീയപാതയിലൂടെ രണ്ട് കിലോമീറ്ററോളമാണ് ആന ഓടിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ദേശീയപാതയില്‍ പതിനാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ത ഷ്‌കര്‍ ട്രയല്‍ എന്ന ആനസവാരി കേന്ദ്രത്തിലെ ആനയാണ് വിരണ്ടോടിയത്. പതിനാലാം മൈലില്‍ നിന്നും ദേശീയപാതയില്‍ നാല് സെന്റ് കോളനിയുടെ സമീപത്തുവരെ ആന വിരണ്ടോടി. ഇതിനിടെ റോഡിലൂടെ വന്ന ഒരു ബൈക്ക് ആന ഭാഗീഗമായി തകര്‍ത്തു. യാത്രക്കാരന് പരിക്കില്ല. ആനയുടെ പുറകെ  സവാരി കേന്ദ്രത്തിലെ  നടത്തിപ്പുകാരും ഓടി. ഒടുവില്‍ രണ്ട്  കിലോ മീറ്റര്‍ അകലെ ആനയെ റോഡരുകില്‍ തളച്ചു. ഇതിനിടെ സംഭവം അറിഞ്ഞ് അടിമാലി പോലീസും സ്ഥലത്തെത്തി. ആന തീര്‍ത്തും അവശനിലയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആനയ്ക്ക് ആവശ്യത്തിന് തീറ്റയും വെള്ളവും നല്‍കിയിരുന്നില്ലെന്നാണ് വിവരം. ഇതാണ് ആനയെ പ്രകോപിപ്പിച്ചത്. പിന്നീട് നാട്ടുകാര്‍ ആനയ്ക്ക് വെള്ളവും ഭക്ഷണവും നല്‍കുകയായിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവ അടച്ച് പൂട്ടണമെന്നും സ്റ്റേറ്റ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം എന്‍ ജയന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഒരിടത്തും ഇത്തരത്തില്‍ ആന റൈഡ് നടത്തുന്നതിന് അനുവധി ഒരു വകുപ്പും നല്‍കിയിട്ടില്ല. ഇത്തരത്തില്‍ അടിമാലിയില്‍ മാത്രം നാലോളം കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.