ഹോം നഴ്‌സ് ചമഞ്ഞ് മോഷണം: പ്രതി അറസ്റ്റില്‍

Friday 16 June 2017 7:54 pm IST

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോംനേഴ്‌സായി ജോലി ചെയ്ത് പണവും സ്വര്‍ണ്ണവും തട്ടിയ യുവാവ് നീലേശ്വരത്ത് വെച്ച് പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ അബ്ദുള്ളക്കുഞ്ഞിയെയാണ് നടക്കാവ് എസ്‌ഐ ജി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വെസ്റ്റ്ഹില്‍ ശ്രീറോഷ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 45,000 രൂപ കളവ് ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍ പരിചരിക്കാനെത്തിയ ഇയാള്‍ വീട്ടുകാരുടെ വിശ്വസ്തനായി മാറി അലമാരയില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് സ്ഥലം വിടുകയായിരന്നു. ഹോംനഴ്‌സിംഗ് സ്ഥാപനത്തില്‍ വ്യാജ മേല്‍വിലാസമാണ് നല്‍കിയതെങ്കിലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ബംഗളുരു കെആര്‍ പുരത്തെ ഒരു വീട്ടില്‍ നിന്ന് 2,10,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണമോതിരം, പയ്യോളിയിലെ വീട്ടില്‍ നിന്ന് 6000 രൂപ, സ്വര്‍ണ്ണമോതിരം എന്നിവ തട്ടിയെടുത്തതിന് ഇയാളുടെ പേരില്‍ കേസുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം ഫോണ്‍ നമ്പറും താമസസ്ഥലവും മാറ്റിയാണ് ഇയാള്‍ പോലീസിനെ കബളിപ്പിച്ചത്. നീലേശ്വരം ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍മാറി പ്രതിതാമസിക്കുന്ന സ്ഥലത്തുവെച്ചാണ് ഇന്നലെ പുലര്‍ച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. എഎസ്‌ഐ എ അനില്‍കുമാര്‍, വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷ്, സിവില്‍ പോലീസ് ഓഫീസറായ ഗിരീഷ് ബാബു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എറണാകുളം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ പ്രതിക്ക് സമാന കേസുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.