തിരൂരിലെ സിപിഎം അക്രമം: പ്രതിഷേധമിരമ്പി ജനകീയ മാര്‍ച്ച്

Friday 16 June 2017 6:58 pm IST

തിരൂര്‍: തീരദേശ മേഖലയില്‍ മതതീവ്രവാദികളെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ സിഐ ഓഫീസ് മാര്‍ച്ച് നടത്തി. പിഞ്ചുകുഞ്ഞിനെ റോഡിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്രതികളെ പോലും പിടികൂടാനാവാത്ത പോലീസിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരൂര്‍ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു. സിഐ ഓഫീസ് പരിസരത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതിയംഗം വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷനായി. ഐഎസ് മോഡല്‍ ക്രൂരത നടത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നത് പോലീസാണ്. സിപിഎമ്മിന്റെ ഒത്താശയില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനവും തീരദേശമേഖലയില്‍ സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനാകാത്ത വിധത്തില്‍ പടിഞ്ഞാറേക്കരയിലെ ക്രമസമാധാനം തകര്‍ന്നു. രണ്ട് മാസത്തിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞടക്കം പതിനഞ്ചോളം പേര്‍ക്ക് സിപിഎം അക്രമത്തില്‍ ഇവിടെ പരിക്കേറ്റു. ആര്‍എസ്എസ് നേതാവ് പടിയം ബാബുവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചു. എബിവിപി സംസ്ഥാന സമിതിയംഗം വിഷ്ണു, ബിജെപി പ്രവര്‍ത്തകരായ പ്രണിന്‍ ലാല്‍, ഷിബിന്‍ ലാല്‍, ലാലിഷ്, ബാബു, പ്രദീപ് തുടങ്ങി നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഈ കേസുകളിലെ പ്രതികളെയും പിടികൂടിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.