നികത്തല്ലേ തോടുകളും കുളങ്ങളും

Friday 16 June 2017 3:54 pm IST

തോടും കുളവുമൊക്കെയായി ജലസമൃദ്ധിയില്‍ സമ്പന്നമായിരുന്ന പഴയ കേരളത്തെക്കുറിച്ച് ഓര്‍മ്മകളില്‍ മാത്രമേ ഇപ്പോള്‍ നനവുള്ളു. അതെല്ലാം വറ്റിയും ഉണങ്ങിയുംപോയ ഒരു മരുപ്പറമ്പിന്റെ ഉഷ്ണ ഉടലിന്‍ മീതെ എത്ര കോണ്‍ക്രീറ്റു കാടുകള്‍ വളര്‍ന്നിരിക്കുന്നു. പുതു തലമുറയ്ക്ക് ഇത്തരം തണ്ണീര്‍ത്തടങ്ങള്‍ അനുഭവത്തേക്കാളും ചിത്രങ്ങളില്‍ മാത്രം കാണുന്ന പരിചയപ്പെടല്‍ മാത്രമായിരിക്കാം. ഒരു കുളം വീതം എല്ലാ വീട്ടു പറമ്പിലും അണ്ടായിരുന്നു. ചില പറമ്പില്‍ രണ്ടും മൂന്നും. കുളിക്കാനും കുടിക്കാനും അടിച്ചു നനയ്ക്കാനുമൊക്കെ സ്ഫടികമെന്നും കണ്ണാടിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ശുദ്ധിയുടെ ഈ ജലമാതൃകകള്‍ ഉപയോഗിച്ചിരുന്നു. ഇറങ്ങമ്പോള്‍ അഴുക്കാകാതിരിക്കാന്‍ കുളത്തിലേക്ക് മരപ്പാലംതീര്‍ത്ത് അതില്‍ക്കേറി കൊട്ടയോ വട്ടിയോ ബക്കറ്റോ കൊണ്ട് വെള്ളംകോരുകയായിരുന്നു പതിവ്. സ്വന്തം പറമ്പില്‍ കുടിവെള്ളത്തിനു പറ്റാത്ത കുളമാണെങ്കില്‍ സ്ത്രീകള്‍ വെള്ളമെടുക്കാന്‍ അടുത്ത പറമ്പിലെ കുളങ്ങളെ ആശ്രയിക്കുമായിരുന്നു. കുടത്തിന്റെ വാമൂടിക്കെട്ടി പായലും മറ്റും കയറാതിരിക്കാന്‍ അരിച്ചാണ് വെള്ളം എടുത്തിരുന്നത്. കൊടും വേനലില്‍പ്പോലും ഉറവ വറ്റാത്തതായിരുന്നു ഇത്തരം കുളങ്ങളും തോടുകളും. അതുപോലെ മഴക്കാലത്ത് ഇവ നിറഞ്ഞു കവിയും. മരങ്ങളും പച്ചപ്പും ജലനനവുമൊക്കെ പറമ്പില്‍ ഇറ്റു നിന്നിരുന്നതിനാല്‍ വീടിന്നകങ്ങളില്‍ എപ്പോഴും നേര്‍ത്ത തണുപ്പുപോലും ഉണ്ടായിരുന്നു. അന്നു ഫാനിന്റെയോ എ.സിയുടേയോ ഒന്നും അത്യാവശ്യം ഉണ്ടായിരുന്നില്ല. അന്നു വെള്ളം ഒഴുകാനായിരുന്നു തോട്. ഇന്നു മാലിന്യം ഒഴുകാനാണ്. തോടിലൂടെ ഒഴുകിയിരുന്ന വെള്ളംപോലും കണ്ണായി പോലെ ശുദ്ധമായിരുന്നു അന്ന്. മുകള്‍പ്പരപ്പില്‍ നിന്നുംനോക്കിയാല്‍ അടിത്തട്ടിലെ പഞ്ചാരമണലും ചരലുമൊക്കെ കാണുംവിധം സഫടിക സമാനമായിരുന്നു തോടുകള്‍. വിദേശങ്ങളില്‍ തോടും കുളങ്ങളുമൊക്കെ ശുദ്ധമാക്കി സംരക്ഷിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി സഞ്ചരിക്കാനും ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് നല്ലരീതിയില്‍ പണം സമ്പാദിക്കുമ്പോള്‍ കാണുന്ന തോടും കുളവും തണ്ണീര്‍ തടങ്ങളുമൊക്കെ മത്സര ബുദ്ധിയോടെ നശിപ്പിക്കുകയാണ് നമ്മള്‍. അടുത്ത കാലത്ത് ജില്ലാ ഭരണകൂടങ്ങളും മറ്റും ഇത്തരം ജലസാന്നിധ്യം നിലനിര്‍ത്താനുള്ള പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുന്നത് ആശാവഹമാണ് സേവ്യര്‍.ജെ. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.