കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍

Friday 16 June 2017 3:38 pm IST

'പിന്‍വലിച്ച നോട്ടിന്റെ ഗതിയാവും നരേന്ദ്രമോദിയേയും ബിജെപിയേയും കാത്തിരിക്കുന്നത്' ഇടതു- വലത് നേതാക്കളുടെ ശാപവചനങ്ങള്‍ അങ്ങനെയായിരുന്നു. ''തെരഞ്ഞെടുപ്പൊന്നു വന്നോട്ടെ, ഗ്രാമീണ ജനതയും കര്‍ഷകരും ബിജെപിയെ ചവറ്റുകുട്ടയില്‍ തള്ളും'' പ്രവചനങ്ങളും പ്രസ്താനവകളും നിരവധിയുണ്ടായി. നരേന്ദ്ര മോദി തുഗ്ലക്കാണെന്നും നരാധമനാണെന്നും രാഷ്ട്രീയക്കാര്‍ മാത്രമല്ല തിരക്കഥക്കാരും സംവിധായകന്മാരും മുദ്രകുത്തി. അത്തരം അവഹേളനങ്ങളെ അപലപിക്കുന്നവര്‍ ഫാസിസ്റ്റുകളും. ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ നയപ്രസംഗത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അപഹസിക്കാന്‍ ഉപയോഗിച്ചു. ഗവര്‍ണര്‍ക്ക് എഴുതികൊടുത്ത് നിയമസഭയില്‍ വായിപ്പിച്ചത് ഇങ്ങിനെ: ''കഴിഞ്ഞ നാലുമാസങ്ങളില്‍, എന്റെ സര്‍ക്കാരിന് ഭാരതത്തിലെ സാമ്പത്തികചരിത്രത്തിലെ വിനാശകരമായ ആപത്തുകളിലൊന്നിനോട് പൊരുതേണ്ടതായി വന്നു. 2016 നവംബര്‍ എട്ടിന് പ്രചാരത്തിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ തെരഞ്ഞെടുത്ത് സമ്പദ് വ്യവസ്ഥയില്‍ അവയ്ക്ക് പകരം മറ്റൊരു സംവിധാനം ഏര്‍പ്പെടുത്താതെ വിവേകരഹിതമായും തിടുക്കത്തിലും ചെയ്ത നോട്ട് അസാധുവാക്കല്‍ ഭാരത സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി. പ്രചാരത്തിലുള്ള കള്ളപ്പണത്തെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഉപാധിയായാണ് ഈ നടപടി പ്രകടമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെല്ലാം ഉപരിയായി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ചയില്‍ 24000രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ അനുവദിക്കുകയില്ലെന്ന ഒരു കര്‍ശന നിയന്ത്രണവും ഒരു രാത്രികൊണ്ട് രാജ്യത്താകമാനം ഏര്‍പ്പെടുത്തുകയുണ്ടായി. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട നമ്മുടെ അവകാശങ്ങള്‍ കേവലം ഭരണനിര്‍വഹണപരമായ ഒരു ഉത്തരവുപ്രകാരം ഇല്ലാതാക്കപ്പെട്ടു. പ്രചാരത്തിലുള്ള 86 ശതമാനം പണവും ഒരു ഭരണനിര്‍വ്വഹണ ഉത്തരവിലൂടെ പിന്‍വലിക്കപ്പെട്ടു. നമ്മുടെ സ്വതന്ത്ര സാമ്പത്തിക അതോറിറ്റിയായി പ്രവര്‍ത്തിക്കേണ്ട ഭാരതീയ റിസര്‍വ്വ് ബാങ്ക് ഈ പരിഹാസ്യതക്ക് മൗനാനുവാദം നല്‍കുന്ന ഒരു നിശ്ശബ്ദപങ്കാളിയാകുന്നതിന് നിര്‍ബന്ധിതമായി. ''വേണ്ടത്ര ചിന്തിക്കാതെ എടുത്ത ഈ തീരുമാനത്തിനു മുമ്പായി ദരിദ്രരെയും താഴ്ന്ന മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിലുള്ളവരെയും ശമ്പളവും വേതനവും പറ്റുന്നവരെയും ഈ നടപടി എപ്രകാരം ബാധിക്കുമെന്നുള്ള ഗൗരവതരമായ ഒരു വിശകലനത്തിന് പോലും പരിഗണന നല്‍കുകയുണ്ടായില്ല എന്നതാണ് ഇതിലെ ഏറ്റവും മോശമായ വസ്തുത.........'' ഇടതു വലത് പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നതുപോലെ 'പെട്ടുപോയ സര്‍ക്കാറും കഷ്ടപ്പെട്ട ജനങ്ങളും' കേരളത്തില്‍ മാത്രമല്ല. നോട്ടു മരവിപ്പിക്കല്‍ കേരളത്തില്‍ മാത്രമുണ്ടായിരുന്ന ഇടപാടാണോ? ഡിസംബറിലെയും ജനുവരിയിലെയും ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് അട്ടഹസിച്ച ഭരണക്കാരല്ലെ കേരളത്തിലുള്ളത്. ഏതെങ്കിലും മാസം ശമ്പളവും പെന്‍ഷനും മുടങ്ങിയോ? ഇല്ലാത്ത ഭീതിവിതച്ച് മഹത്തായ സാമ്പത്തിക പരിഷ്‌ക്കരണത്തെ തുരങ്കം വയ്ക്കുന്നവരെ കമ്മ്യൂണിസ്റ്റുകാരെന്നു പറയാമോ? അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ പുരപ്പുറം കയറി പ്രസംഗിക്കുന്നവര്‍ കള്ളന്മാരുടെ കളിത്തോഴരായ കാഴ്ചയല്ലെ കണ്ടത്. തെരഞ്ഞെടുപ്പുകള്‍ വരുകയും ഫലമറിയുകയും ചെയ്തപ്പോള്‍ നരേന്ദ്ര മോദിയെ ചവറ്റുകുട്ടയിലല്ല തലയിലേറ്റി നടക്കുന്ന സാധാരണക്കാരെയാണ് കാണാനായത്. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രതന്നെ ഉദാഹരണം. മഹാരാഷ്ട്രയിലെ മുംബൈ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ബിജെപിക്ക് 31 അംഗങ്ങളായിരുന്നു. ഇന്നത് മൂന്നു സ്വതന്ത്രരടക്കം 85 ആയി. തനിച്ച് മത്സരിച്ച ശിവസേനക്ക് 84 സീറ്റുണ്ട്. ഈ സുനാമിയിലും സിപിഎം പിടിച്ചുനിന്നു! കഴിഞ്ഞതവണ അവര്‍ക്ക് പൂജ്യമായിരുന്നു. അത് നിലനിര്‍ത്തി!! മുംബൈ എന്നാല്‍ കേരളത്തെക്കാള്‍ ബജറ്റുള്ള കോര്‍പ്പറേഷനാണ്. ഐസക്കിനെക്കാള്‍ വിദഗ്ദ്ധരായ, സാമ്പത്തികശാസ്ത്ര പ്രതിഭകള്‍ ആയിരക്കണക്കിനുള്ള നഗരം. തൊഴിലാളിവര്‍ഗത്തിന്റെ വലിയൊരു സംഖ്യയുള്ള മഹാനഗരം. സിഐടിയുവിന്റെ സ്വാധീനകേന്ദ്രവും നിരവധി കമ്മ്യൂണിസ്റ്റുകാരെ ജയിപ്പിക്കുകയും ചെയ്ത നാട്ടിലാണ് ഈ ഗതികേട്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെയാണോ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കേണ്ടത്? പത്തു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ എട്ടിടത്തും അധികാരമുറപ്പിച്ച് ബിജെപി മുന്നേറി. ജില്ലാ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചതിന്റെ തെളിവുകൂടിയാണ് ബിജെപിയുടെ തകര്‍പ്പന്‍ ജയം. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചാണ് നേരിട്ടത്. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമായിരുന്നില്ലോ നോട്ടിന്റെ പേരില്‍ നെഞ്ചത്തടിച്ചത്. പൂനെയില്‍ 74 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം ബിജെപി നേടിയപ്പോള്‍ നാഗ്പൂരില്‍ 70 സീറ്റുകള്‍ നേടിയാണ് ഭരണം ഉറപ്പിച്ചത്. ഉല്ലാസ്‌നഗര്‍, പിംപ്രി-ചിഞ്ച്‌വാഡ, നാസിക്, സോളാപ്പൂര്‍, അകോല, അമരാവതി കോര്‍പ്പറേഷനുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി.  ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 341 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ശിവസേന 213 സീറ്റുകളിലും കോണ്‍ഗ്രസ് 246 സീറ്റുകളിലും വിജയിച്ചപ്പോള്‍ എന്‍സിപിക്ക് 304 ഇടത്ത് വിജയിക്കാനായി. എംഎന്‍എസ്സിന് ഒരു സീറ്റു പോലും ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സോളാപൂരും നാസിക്കും എല്ലാം ഇത്തവണ ബിജെപിക്കൊപ്പമെത്തി. മറ്റ് സംസ്ഥാനങ്ങളിലും നോട്ട് മരവിപ്പിക്കലിനുശേഷം നല്ല മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായി. ഒഡിഷയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ വിജയമാണുണ്ടായത്. ആദ്യഘട്ടത്തില്‍ 188 ജില്ല പരിഷത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എഴുപതിനു മുകളില്‍ സീറ്റുകള്‍ നേടി ബിജെപി മുന്നേറി. ഭരണ കക്ഷിയായ ബിജെഡിക്ക് നൂറിനടുത്ത് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസാകട്ടെ പത്ത് സീറ്റുകളില്‍ ഒതുങ്ങി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ പോലും ഒഡിഷയിലെ 21 സീറ്റുകളില്‍ 20 സീറ്റുകളും ബിജെഡി നേടിയിരുന്നു .പതിനൊന്ന് സീറ്റുകളില്‍ കോണ്‍ഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്. ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത് . ചണ്ഡീഗഢ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമായിരുന്നു. 22 സീറ്റുകളില്‍ 18 ഉം ബിജെപി ശിരോമണി അകാലിദള്‍ സഖ്യം നേടി. ബിജെപി 17 സീറ്റുകളും അകാലിദള്‍ ഒരു സീറ്റും നേടി. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം നടന്ന എല്ലാ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയമാണ് നേടിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയ ബിജെപി ഉപതെരഞ്ഞെടുപ്പുകളിലും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പംനിന്നു എന്നതാണ് വസ്തുത. മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ വിജയം നേടിയ ബിജെപി, ബംഗാളിലും ത്രിപുരയിലും വന്‍തോതില്‍ വോട്ടു വര്‍ദ്ധിപ്പിച്ച് രണ്ടാമത്തെ വലിയ കക്ഷിയായി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്‌സഭാ സീറ്റുകളിലും മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. മധ്യപ്രദേശിലെ ഷൊദോള്‍ ലോക്‌സഭാ സീറ്റും, അസാമിലെ ലകിംപൂര്‍ സീറ്റുമാണ് ബിജെപി നിലനിര്‍ത്തിയത്. സര്‍ബാനന്ദ സോനോവാള്‍ അസം മുഖ്യമന്ത്രി ആയതോടെ വന്ന ഒഴിവിലാണ് ലകിംപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ നേപാനഗര്‍ നിയമസഭാ സീറ്റും, ആസാമിലെ ബൈതലങ്‌സോ നിയമസഭാ സീറ്റും ബിജെപിക്ക് ലഭിച്ചു. അരുണാചലില്‍ ഹയുലിയാങ് നിയമസഭാ സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. മാര്‍ച്ച് 11ന് അറിയാം ചവറ്റുകുട്ടയിലെത്തുന്നത് ആരന്ന്. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മുദ്രാവാക്യം കേട്ട് അന്നേരം ചമ്മരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.