മഹത്വത്തിന്റെ മനുഷ്യജന്മം

Friday 16 June 2017 1:12 pm IST

ശ്രീകോവിലിന് മുന്നില്‍നിന്ന് ഭഗവാനെ തൊഴുത് പ്രസാദവും വാങ്ങി ആ ചെറുപ്പക്കാരന്‍ പുറത്തേക്കിറങ്ങുമ്പോഴാണ് ഊരാണ്മക്കാരിലൊരു നമ്പൂതിരി ആളെ ശരിക്കൊന്ന് കണ്ടത്. താന്‍ ക്ഷേത്രക്കുളത്തിലേക്കിറങ്ങുമ്പോള്‍ കുളി കഴിഞ്ഞ് ധൃതിയില്‍ കയറിപ്പോയ ആള്‍ തന്നെ. മന്നത്ത് പാര്‍വതിയമ്മയുടെ മൂത്തമകന്‍ പത്മനാഭന്‍. പെരുന്നയിലെ ഏറെ പ്രശസ്തമായ നായര്‍ തറവാട്ടിലെ ഇളംതലമുറക്കാരനെ അറിയാഞ്ഞിട്ടല്ല. അമ്പലക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിനകത്ത് ആ യുവാവ് അന്ന് കയറുമെന്ന് അദ്ദേഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. പത്മനാഭന്റെ വലിയമ്മാവന്‍ ചിറമുറ്റത്ത് വേലുപ്പിള്ള മരിച്ചിട്ട് പതിനാറു ദിവസമായിട്ടില്ലെന്ന് നന്നായി അറിയാമായിരുന്നു നമ്പൂതിരിക്കും നാട്ടുകാര്‍ക്കും. മരണാനന്തരം പതിനാറു ദിവസത്തെ ചടങ്ങുകള്‍ക്കു ശേഷമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്നായിരുന്നു അന്നത്തെ നാട്ടുനടപ്പ്. ഇത് സാധൂകരിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുല സര്‍ക്കുലര്‍ നിലവിലുണ്ടായിരുന്നു. ആ അനുശാസനം ബോധപൂര്‍വം ധിക്കരിച്ചുകൊണ്ടായിരുന്നു മന്നത്ത് പത്മനാഭന്‍ ക്ഷേത്രത്തില്‍ കയറി തൊഴുതത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു ഈ ഒറ്റയാള്‍ വിപ്ലവം. ഊരാണ്മക്കാര്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് പരാതി നല്‍കി. ദിവാന്‍ അത് വിചാരണയ്ക്കായി തഹസില്‍ദാര്‍ക്ക് അയച്ചുകൊടുത്തു. എന്‍എസ്എസ് ഹെഡ് ഓഫീസിന് പിറകിലുണ്ടായിരുന്ന താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു വിചാരണ. കോട്ടയം പേഷ്‌കാര്‍ കപ്പാഴം രാമന്‍പിള്ളയും തഹസില്‍ദാര്‍ ചിറ്റല്ലൂര്‍ സി.കെ. കൃഷ്ണപിള്ളയുമായിരുന്നു അതിനായി വന്നത്. മന്നത്ത് പത്മനാഭന്‍ വക്കാലത്ത് ആര്‍ക്കും നല്‍കിയില്ല. കേസ് സ്വയം വാദിച്ചു. ഹര്‍ജിക്കാരനായ നമ്പൂതിരിയേയും സാക്ഷികളേയും അദ്ദേഹം ക്രോസ് വിസ്താരം നടത്തി. ഏത് വിഭാഗത്തില്‍പെടുന്നയാള്‍ക്കും പത്തുദിവസത്തെ പുലയേയുള്ളൂവെന്ന് പരാശരസ്മൃതിയിലെ ശ്ലോകങ്ങള്‍ അദ്ദേഹം സമര്‍ത്ഥിച്ചു. ആചാരങ്ങളും അതനുസരിച്ച് സ്മൃതികളും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നു മാത്രമല്ല അദ്ദേഹം സൂചിപ്പിച്ചത്. ''ഓരോ സമുദായത്തിനും അവരുടെ ഇടയിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ അധികാരവും സ്വാതന്ത്ര്യ''വുമുണ്ടെന്ന് മന്നം സ്ഥാപിച്ചു. ഗവണ്‍മെന്റിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് വിധിയുണ്ടായി. നായര്‍ സമുദായ പരിഷ്‌കാരങ്ങള്‍ക്ക് തടസ്സം നില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദം അംഗീകരിക്കപ്പെടുകയും ചെയ്തു.  അമ്മാവന്റെ അടിയന്തരവും ബ്രാഹ്മണര്‍ക്കുള്ള ദാനവും വിപുലമാക്കേണ്ടതില്ലെന്ന് കുടുംബാംഗങ്ങളെക്കൊണ്ട് എടുപ്പിച്ച തീരുമാനം അതിന് മുന്‍പേ നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. അമ്മാവന്റെ ചെലവിനായി നീക്കിവച്ചിരുന്ന ഇരുപതുപറ നിലം നായര്‍ സര്‍വീസ് സൊസൈറ്റിക്കായി ദാനവും ചെയ്തു. ദാനപത്രം എഴുതിയതും അത് എന്‍എസ്എസ് ഖജാന്‍ജിയെ ഏല്‍പ്പിച്ചതും മന്നത്ത് ഭവനത്തില്‍ വച്ചുതന്നെയായിരുന്നു. അതിനുശേഷമായിരുന്നു അമ്പലക്കുളത്തിലെ കുളിയും ക്ഷേത്രത്തില്‍ കയറി തൊഴലും. സമുദായ പരിഷ്‌കരണത്തിനായി ഓരോരുത്തരും സംഘടിക്കുന്നത് പൊതുതാല്‍പര്യത്തിന് ദോഷകരമായിത്തീരുമെന്ന ജല്‍പനങ്ങള്‍ക്ക് മന്നം യാതൊരു ശ്രദ്ധയും നല്‍കിയിരുന്നില്ല. ഹൈന്ദവ സമുദായങ്ങള്‍ സംഘടിക്കുമ്പോള്‍ മാത്രമുണ്ടായിരുന്ന ചിലരുടെ ആശങ്കകളാണ് അതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ''ഇന്ന് ഞാന്‍ നായര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കു''മെന്ന് പറഞ്ഞ അതേശ്വാസത്തില്‍ തന്നെ ''പിന്നെ ഹിന്ദുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും'' യാതൊരു അര്‍ത്ഥശങ്കയ്ക്കുമിടയില്ലാതെ മന്നത്താചാര്യന്‍ പറഞ്ഞത് അതുകൊണ്ടാണ്. വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ അയിത്തത്തിനെതിരായ പുതിയ പോര്‍മുഖങ്ങള്‍ തുറന്നപ്പോള്‍ മുന്നില്‍നിന്നു മന്നത്ത് പത്മനാഭന്‍. സവര്‍ണജാഥയുടെ സര്‍വാധിപനായും ഗുരുവായൂരില്‍ പ്രചാരണകമ്മിറ്റിയുടെ നായകനായും തെരഞ്ഞെടുക്കപ്പെട്ടു. അഴകന്‍ പുലയന്‍ എന്നറിയപ്പെട്ടിരുന്ന ആറന്മുളക്കാരന്‍ എം.വി. അഴകാനന്ദന്‍ വൈക്കം സത്യഗ്രഹത്തിനിടെ മന്നത്തെ കാണാന്‍ വന്നതും അകത്ത് ഒരുമിച്ചിരുന്ന് അമ്മ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചതും അമ്മ തന്നെ ഇരുവരുടെയും പാത്രങ്ങള്‍ കഴുകിവച്ചതും ഇപ്പോഴും പറഞ്ഞു നടക്കുന്നു കേരളം! അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇരകളായിരുന്ന ചില സഹോദര സമുദായാംഗങ്ങളെ നിശ്ചിത അകലത്തിനപ്പുറം ചിലര്‍ അടുപ്പിച്ചിരുന്നുമില്ല. അവരുടെ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും സാമൂഹിക നീതിക്കും വേണ്ടി നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിച്ചു മന്നത്തു പത്മനാഭന്‍. അതുപോലെ മറ്റൊരു 'സവര്‍ണ സമുദായ' നേതാവ് കേരള ചരിത്രത്തില്‍ മുന്‍പൂണ്ടായിരുന്നില്ല, പിന്നീടും. ചരിത്രം അത്രയൊന്നും ആഘോഷിച്ചിട്ടില്ലാത്ത മറ്റൊരുപാട് സന്ദര്‍ഭങ്ങളുമുണ്ട് ആ കര്‍മയോഗിയുടെ ജീവിതത്തില്‍. വൈക്കം ക്ഷേത്രത്തിലെ പ്രധാന ഊരാളനാണ് കഥാപാത്രം. സത്യഗ്രഹസമയം. സമവായശ്രമത്തിനാണ് മന്നത്തെ വീട്ടിലേക്ക് ക്ഷണിച്ചത്. പാപ്പി എന്ന പുലയ യുവാവുള്‍പ്പെടെ ''ഉറ്റ തോഴരും സഹപ്രവര്‍ത്തകരു''മായ രണ്ടുപേരുമൊരുമിച്ചാണ് അദ്ദേഹം ഊരാളന്റെ വീട്ടിലെത്തിയത്. സ്വാഭാവികമായും പാപ്പിയെ വീട്ടില്‍ കയറ്റാന്‍ ഗൃഹനാഥന്‍ തയ്യാറായില്ല. ''പാപ്പിക്ക് സ്ഥലമില്ലാത്തിടത്ത് പത്മനാഭനും സ്ഥലം വേണ്ട'' എന്നായിരുന്നു മന്നത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. മൂവരും ഒരുമിച്ച് മടങ്ങി. ഇത്രപോലും പുറത്തറിയാത്ത മറ്റൊരു സന്ദര്‍ഭത്തിലും മുഖ്യകഥാപാത്രം ഒരു ഊരാളനായിരുന്നു. ക്ഷണം ക്ഷേത്രത്തിലേക്കായിരുന്നു. ചോതി എന്ന പുലയസുഹൃത്തായിരുന്നു ഇത്തവണ മന്നത്തിന്റെ കൂടെ. ക്ഷേത്രവഴികളില്‍പോലും നിഴല്‍ വീഴ്ത്താന്‍ അനുവാദമില്ലാത്തവന്‍ ക്ഷേത്രത്തില്‍ കയറാന്‍ വന്നതിലുള്ള കോപം ഊരാളന്‍ മറച്ചുവച്ചില്ല. ഗുണ്ടകള്‍ ചോതിയെ വളഞ്ഞു. ''ആദ്യം എന്നെ, പിന്നെയാകട്ടെ ചോതിയെ'' എന്നുപറഞ്ഞ് മന്നം ചോതിയെ കെട്ടിപ്പിടിച്ചു നിന്നു. ഗുണ്ടകള്‍ പിന്മാറി. ക്ഷേത്രനടയിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും നീതി നിഷേധിക്കപ്പെട്ട സഹജീവികളോടുള്ള തന്റെ അനുഭാവം പ്രസംഗവേദികള്‍ക്ക് പുറത്ത് ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു മന്നം. ''എന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയാണെ''ന്ന് ആവര്‍ത്തിക്കുമ്പോഴും ''സ്വസമുദായസ്‌നേഹമെന്നാല്‍ ഇതര സമുദായങ്ങളോടുള്ള വൈരം എന്നര്‍ത്ഥമില്ലെ''ന്ന സ്വന്തം തത്വശാസ്ത്രം മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ഇനിയുമുണ്ട്. 1962 ചൈന ഇന്ത്യയെ ആക്രമിക്കുന്നു. അതിര്‍ത്തി കാക്കുന്ന ധീരസേനാനികളോടുള്ള കടപ്പാട് പ്രദര്‍ശിപ്പിക്കാനുള്ള സമയം കൂടിയായിരുന്നു മന്നത്തിനും എന്‍എസ്എസിനും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരുലക്ഷം രൂപയും 1857 ഗ്രാം സ്വര്‍ണവും എന്‍എസ്എസ് രാജ്യരക്ഷാ നിധിയിലേക്ക് സംഭാവന ചെയ്തു. ഒരു ഗൗരീശങ്കര രുദ്രാക്ഷമാലയും അതിലുള്‍പ്പെട്ടിരുന്നു. ശതാഭിഷേകം പ്രമാണിച്ച് തിരുവിതാംകൂര്‍ മഹാരാജാവ് മന്നത്തിന് സമ്മാനിച്ചതായിരുന്നു അത്. 1965 പാക്കിസ്ഥാന്റെ ആക്രമണം. അതിര്‍ത്തി കാത്തു ഭാരതത്തിന്റെ വീരയോദ്ധാക്കള്‍. ''നമ്മുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്ന വീരസേനാനികളോട് നമുക്കുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്. അവരുടെ സുഖത്തിനും ക്ഷേമത്തിനും നമുക്ക് ചെയ്യാവുന്നത് മുഴുവന്‍ ചെയ്യേണ്ടതാണെ''ന്ന് ആചാര്യന്‍ സമുദായാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. രണ്ടുലക്ഷം രൂപയായിരുന്നു എന്‍എസ്എസിന്റെ സംഭാവന. വിവേകാനന്ദ സ്വാമികളുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരി കേന്ദ്രീകരിച്ചായിരുന്നു ആദ്യം വിവേകാനന്ദശിലാ സ്മാരക കമ്മിറ്റി രൂപീകൃതമാകുന്നത്. 1962 നവംബറില്‍ ആസ്ഥാനം മദ്രാസായി. പിറ്റേവര്‍ഷം അവിടെ ചേര്‍ന്ന കമ്മിറ്റിയുടെ പൊതുയോഗത്തിലാണ് സമ്പൂര്‍ണ സ്മാരക സമുച്ചയം എന്ന ആശയം ഉയര്‍ന്നുവരുന്നത്. സ്വാമി ചിന്മയാനന്ദന്‍, ഗുരുജി ഗോള്‍വല്‍ക്കര്‍ തുടങ്ങിയവരും സംബന്ധിച്ച യോഗത്തില്‍ പ്രഥമ പ്രസിഡന്റായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടത് മന്നമായിരുന്നു. ഏകനാഥ് റാനഡെ സംഘടനാ കാര്യദര്‍ശിയും വി.പി.മേനോന്‍, ജനറല്‍ കെ.എം. കരിയപ്പ, സര്‍ സി.പി. രാമസ്വാമി അയ്യര്‍, കേന്ദ്രമന്ത്രിമാരായിരുന്ന കെ. ഹനുമന്തയ്യ, വി.കെ.ആര്‍.വി. റാവു തുടങ്ങിയവര്‍ അംഗങ്ങളുമായുള്ളതായിരുന്നു ശിലാസ്മാരക നിര്‍മാണക്കമ്മിറ്റി എന്നുകൂടി വായിക്കുമ്പോഴാണ് ആ വിശിഷ്ടാംഗീകാരത്തിന്റെ മഹത്വം മനസ്സിലാവുക. മന്നത്തു പത്മനാഭ പിള്ള സമുദായം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും നാട്ടിലെമ്പാടുമുള്ള നാനാജാതി മതസ്ഥരായിരുന്നു അവയുടെ ഗുണഭോക്താക്കള്‍. കേവലം ഒരു സമുദായത്തിന്റെ നേതാവല്ല, കേരളത്തിലെ ദേശീയവീക്ഷണമുള്ള നേതാവായി മന്നം അംഗീകരിക്കപ്പെട്ടു. 1966 ലെ റിപ്പബ്ലിക് ദിനത്തില്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രം ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.