ജലസ്രോതസുകള്‍ക്ക് പുതുജീവന്‍ നല്‍കി ജനകീയ കൂട്ടായ്മകള്‍

Friday 24 February 2017 9:30 pm IST

എളവള്ളി: ദുര്‍ഗഭഗവതി ക്ഷേത്രത്തിന് കീഴില്‍ ചണ്ടി നിറഞ്ഞ് കിടന്നിരുന്ന കുളം ബിജെപി-കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപയോഗയോഗ്യമാക്കി; ഒരേക്കറിലധികം വരുന്ന കുളം ദിവസം മുഴുവന്‍ നീണ്ടുനിന്ന കഠിന അധ്വാനത്തിന് ശേഷമാണ് വൃത്തിയാക്കിയത്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബിജെപി നടപ്പിലാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമായാണ് കുളം സംരക്ഷണം ഏറ്റെടുത്തത്. കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി തിലകന്‍ പറയ്ക്കാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് ചൂണ്ടല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മനോജ് വാഴപ്പിലാത്ത്, സുനില്‍ അരികന്നിയൂര്‍, ശിവരാമന്‍ കടവല്ലൂര്‍, നാരായണന്‍ തൂവാരെ എന്നിവര്‍ പ്രസംഗിച്ചു. കൊടകര: നീരുറവകള്‍ സംരക്ഷിക്കുക എന്നനയത്തിന്റെ ഭാഗമായി മാങ്കുറ്റിപ്പാടം സഹൃദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാങ്കുറ്റിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ കുളം ശ്രമദാനത്തിലൂടെ വൃത്തിയാക്കി.പ്രദേശത്തെജലദൗര്‍ലഭ്യത്തിന് ഒരു പരിധി വരെ പരിഹാരമാണ് ഈ കുളവും ഇറിഗേഷനും. കുളത്തില്‍ ചളി നിറഞ്ഞു ആഴാണ് കുറഞ്ഞതിനാല്‍ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താനാവാത്ത സ്ഥിതിയിലാണ് സേവനവുമായി ക്ലബ്ബ് അംഗങ്ങള്‍ മുന്നോട്ട് വന്നത്. ക്ലബ്ബ് പ്രസിഡണ്ട് ശിവരാമന്‍ പോതിയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി വാര്‍ഡുമെമ്പറും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബീന നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.ദിലീപ് ആളുപറമ്പില്‍, വിഷ്ണു ചാക്കയില്‍, സനല്‍ ചക്കമല്ലിശ്ശേരി, വിഷ്ണു തോട്ടാപ്പിള്ളി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോടശ്ശേരി: പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ കിഴക്കേ നായരങ്ങാടി മേഖലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ കരിങ്ങേലിക്കുളം നാട്ടുകാര്‍ കുളം പുനരുദ്ധരിച്ചു. രൂക്ഷമായ വരള്‍ച്ചയില്‍ വലഞ്ഞ നാട്ടുകാര്‍ കുളം പുനരുദ്ധരിക്കാനായി സംഘടിച്ചു. തൊഴിലുറപ്പുപദ്ധതി വഴിയായി കുളത്തിലെ ചണ്ടിയും ചെളിയും തൊഴിലാളികള്‍ നീക്കം ചെയ്തു. നാട്ടുകാരില്‍ നിന്നു പിരിവെടുത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളത്തിന് ആഴം കൂട്ടി. കനാലില്‍ വെള്ളംവന്നപ്പോള്‍ കുളത്തിലേക്ക് ഒഴുക്കിനിറച്ചു. ഇപ്പോള്‍ കുളംനിറയെ വെള്ളമുണ്ട്. നിരവധി നാട്ടുകാര്‍ കുളിക്കാനും അലക്കാനും കുളത്തിലെത്തുന്നു. വറ്റിക്കിടന്ന, രണ്ട് കിലോമീറ്ററിലേറെ ചുറ്റളവിലുള്ള കിണറുകളിലെല്ലാം ആവശ്യത്തിന് വെള്ളമുണ്ട്. ഈ കുളം വറ്റിവരണ്ടതിനാല്‍ മേഖലയിലെ കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങിയപ്പോള്‍ ജനപ്രതിനിധികളും കൂടെനിന്നാണ് കുളം പുനരുജ്ജീവിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.