സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് ജനം വലഞ്ഞു, പോലീസ് ലാത്തി വീശി

Friday 16 June 2017 4:14 pm IST

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് കണ്ടക്ടറേയും ഡ്രൈവറേയും പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് സ്വാകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം കാരണം ജനങ്ങള്‍ വലഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ സമരം ആരംഭിച്ചത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ ബസുകളെല്ലാം യാത്രക്കാരെ ഇറക്കിയശേഷം ഓട്ടം നിര്‍ത്തിവെക്കുകയായിരുന്നു. പണിമുടക്ക് അവസാനിപ്പിച്ച് ഓട്ടം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഉച്ചയോടെ ബസ്സ്റ്റാന്റിലെത്തിയ എസ്‌ഐയെ ബസ്സ് ജീവനക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ജീവനക്കാരെ ലാത്തി വീശി വിരട്ടിയോടിച്ചു. പാണത്തൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ ഒഴികെ മറ്റെല്ലാ റൂട്ടുകളിലും ഓടണമെന്ന നിര്‍ദ്ദേശവുമായെത്തിയ പോലീസിന് നേരെയാണ് ജീവനക്കാര്‍ തിരിഞ്ഞത്. തുടര്‍ന്ന് പാണത്തൂര്‍ റൂട്ടില്‍ ഒഴികെ മറ്റെല്ലാ റൂട്ടുകളിലും ബസ്സ് ഓട്ടം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാജപുരം സെന്റ് പയസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മാവുങ്കാലിലെ രോഷ്‌ന (18)യെ ബസ്സില്‍ നിന്ന് തള്ളിയിട്ടുവെന്ന സംഭവത്തിന് തുടര്‍ച്ചയായി ഇന്നലെ രാവിലെ മാവുങ്കാലില്‍ ബസ്സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. ബസുകളെല്ലാം തടഞ്ഞതോടെ നാട്ടുകാരും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ബസ്സിലെ ജീവനക്കാരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് ആദ്യം കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്. അതിനിടെ വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് സിഐ സി.കെ.സുനില്‍കുമാറിന് നേരെ കയ്യേറ്റത്തിന് ശ്രമിച്ച തൊഴിലാളി പാണത്തൂരിലെ അജ്മലി(28)നെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ പെരുവഴിയിലിറക്കി സമരം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. ഓടാന്‍ വിസ്സമ്മതിച്ച ബസ്സ് ഡ്രൈവര്‍ ചെമ്മട്ടംവയലിലെ ഭാസ്‌ക്കര(34)നെയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അജ്മലിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കാഞ്ഞങ്ങാട്ടെ മുഴുവന്‍ സ്വകാര്യ ബസ്സുകളും ഓട്ടം നിര്‍ത്തിവെയ്ക്കുകയായിരുന്നു. മുഴുവന്‍ പ്രദേശങ്ങളിലേക്കും ബസ്സോട്ടം നിര്‍ത്തി വെച്ചതിനെതിരെയാണ് പോലീസ് രംഗത്തെത്തിയത്. നാട്ടുകാരുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ടുവെന്ന് പറയുന്ന കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് കണ്ടക്ടര്‍ വിനീത് ദാമോദരന്‍(27), ഡ്രൈവര്‍ അട്ടേങ്ങാനത്തെ പ്രിയേഷ്(28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.