മിഠായിത്തെരുവ് തീപ്പിടിത്തം : അന്വേഷണ ഏജന്‍സികള്‍ പലതട്ടില്‍

Friday 16 June 2017 4:24 pm IST

കോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടിത്തത്തെക്കുറിച്ച് പോലീസ്, ഫയര്‍ഫോഴ്‌സ് നിഗമനങ്ങള്‍ രണ്ട് തട്ടില്‍. ഗ്യാസ് ചോര്‍ച്ചമൂലമാണെന്നാണ് പോലീസ് നിഗമനം. ഷോര്‍ട്ട ്‌സര്‍ക്യൂട്ടിന്റെ സാധ്യത ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും തള്ളുന്നു. വിവിധ വിഭാഗങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികളെടുക്കാനാണ് തീരുമാനം. ഇന്ന് മൂന്ന് മണിക്ക് കലക്‌ട്രേറ്റില്‍ ചേരുന്ന മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും വ്യാപാരി സംഘടനകളുടെയും യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കടയിലെ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയവര്‍ എന്നിവരില്‍ നിന്നും പോലീസ് തെളിവെടുത്തു. വിവിധ ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ തീപ്പിടിത്തത്തില്‍ കത്തി നശിച്ച മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. വീണ്ടുമൊരു തീപ്പിടിത്തം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കോര്‍പ്പറേഷന്റെ സഹായത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കലക്ടറുടെ നിര്‍ദ്ദേശം പരിഗണിച്ച് മേയറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കുക. നിയമവിധേയമായല്ലാതെ നിയമവിരുദ്ധമായൊന്നും ഇനി മിഠായിത്തെരുവില്‍ ഉണ്ടാകാന്‍ പാടില്ല. വ്യാപാരികള്‍ നടപടികളുമായി സഹകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മിഠായിത്തെരുവില്‍ തീപ്പിടിച്ച കടയുടെ ഉടമക്ക് സാമ്പത്തിക സഹായവും, കെട്ടിടം പുനര്‍ നിര്‍മ്മിക്കാനുള്ള അടിയന്തര അനുമതിയും നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍ല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് എവിഎം കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് മൂത്തേടത്ത്, സേതുമാധവന്‍ എ.കെ. മന്‍സൂര്‍, വേണുകുമാര്‍, സിദ്ദിഖ്, ഇക്ബാല്‍, കെ. മുസ്തഫ, പി. എച്ച് മുഹമ്മദ്, കത്തി നശിച്ച കെട്ടിട ഉടമ പങ്കജ് ബുലാനി, മേഡേണ്‍ ഹാന്റ്‌ലൂം ഹിമാ ചെലപതി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.