രണ്ടാം വരവിലും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് സമയം കിട്ടിയില്ല

Friday 16 June 2017 4:16 pm IST

കോഴിക്കോട്: ജിഷ്ണുപ്രണോയിയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായിവിജയന്‍ രണ്ടാംതവണ കോഴിക്കോട്ടെത്തിയപ്പോഴും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയില്ല. പാമ്പാടി നെഹ്‌റു കോളേജില്‍ മരണപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും എത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍വേണ്ടിമാത്രം തിരുവനന്തപുരത്ത് നിന്നും വളയത്തെത്തി. എന്നാല്‍ എല്ലാ വീട്ടിലും പോകാന്‍ പറ്റില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ ഇതിനെ കുറിച്ചുള്ള പ്രതികരണം. ദീപിക പത്രത്തിന്റെ വാര്‍ഷികാഘോഷം, മാതൃഭൂമിയുടെ ക്വിസ് പ്രോഗ്രാം, കോഴിക്കോട് ബീച്ചില്‍ ദേശാഭിമാനി പത്രത്തിന്റെ പുരസ്‌കാരം ചടങ്ങ് എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലെ നിശ്ചയിച്ച പരിപാടികള്‍. എന്നാല്‍ ഇതിനിടയില്‍ അസുഖബാധിതനായി വിശ്രമിക്കുന്ന എം.പി. വീരേന്ദ്രകുമാറിനെ മുഖ്യമന്ത്രി വീട്ടില്‍ സന്ദര്‍ശിച്ചു. ഫെബ്രുവരി 17ന് മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയപ്പോള്‍ രാവിലെ രാവിലെ 9 മണി മുതല്‍ വൈകീട്ട് നാല് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. അന്ന് എഐസിസി അംഗമായ കെ.പി. ഉണ്ണികൃഷ്‌നെ സന്ദര്‍ശിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ശേഷം രണ്ട് ദിവസം ജില്ലയിലെത്തിയിട്ടും വളയത്ത് വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്താത്തത് പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പൂവംവയലിലാണ് ജിഷ്ണുവിന്റെവീട്. ജിഷ്ണുവിന്റെ അടുത്ത കുടുംബക്കാര്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരുമാണ്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ സമയം കിട്ടിയില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പാമ്പാടി നെഹ്‌റുകോളേജ് ഉടമയെയും ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ളവരെയും മന്ത്രിസഭയിലെ ചില പ്രമുഖ അംഗങ്ങള്‍ സംരക്ഷിക്കുമെന്ന ആരോപണം ഉയര്‍ന്നിരുന്നു. താനൊരു പഴ എസ്എഫ്‌ഐ പ്രവര്‍ത്തകയാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ജിഷ്ണുവിന്റെ അമ്മ മഹിജ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.