ഭക്തിസാന്ദ്രമായി ശിവരാത്രി മഹോത്സവാഘോഷം

Friday 16 June 2017 3:58 pm IST

കോഴിക്കോട്: ക്ഷേത്രസങ്കേതങ്ങള്‍ ശിവനാമജപമുഖരിതമായി. വ്രതനിഷ്ഠരായ ഭക്തജനങ്ങള്‍ രാവിനെ പകലാക്കി പഞ്ചാക്ഷരീമന്ത്ര ജപത്തില്‍ മുഴുകി. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും സത്‌സംഗങ്ങളും നടന്നു. കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി ഉത്സവാഘോഷത്തിന്റെ സമാപന ദിവസത്തില്‍ പുലര്‍ച്ചെ 4.30ന് ദേവനെ പള്ളിയുണര്‍ത്തിയതിന് ശേഷം വിശേഷാല്‍ പൂജകള്‍ നടന്നു. രാത്രി എട്ട് മണിക്ക് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്റെ അധ്യക്ഷതയില്‍ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. സുന്ദര്‍ദാസ് പൊറോളി, ഇ.അനിരുദ്ധന്‍, സുരേഷ്ബാബു എടക്കോത്ത്, അരുണ്‍ കെ.വി., കെ.വി. അനേഖ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സര്‍ഗ്ഗചിത്ര അപ്പച്ചന്‍, ഭീമജ്വല്ലറി ഉടമ ബി. ഗിരിരാജന്‍, ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേഷ് എന്നിവരെ ശ്രീനാരായണ ഉല്‍കൃഷ്ടത പുരസ്‌കാരം നല്‍കി ആദരിച്ചു. ആറാട്ട് എഴുന്നള്ളിപ്പും കൊടിയിറക്കലും പൂജകള്‍ക്കും ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കരിമരുന്ന് പ്രയോഗത്തോടെ സമാപിച്ചു. മാതാ അമൃതാനന്ദമയീമഠത്തില്‍ രാവിലെ അഖണ്ഡനാമ ജപ യജ്ഞം നടന്നു. ഗോവിന്ദപുരം ഋഷിപുരം ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടായ കൂവളാര്‍ച്ചനയും. സ്വാമി ശാന്താനന്ദയുടെ പ്രഭാഷണവും നടന്നു. കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, ഇളനീര്‍ധാര, അന്നദാനം ചുറ്റുവിളക്ക് മുതലായവ നടന്നു. വൈകീട് 5.30ന് തുറയില്‍ അമ്മ ഭജനസമിതിയുടെ ഭജന, വൈകീട്ട് 6.30ന് ഹരഹര മഹാദേവ ക്ഷേത്ര ഭജനസമിതിയുടെ ഭജന രാത്രി 7.30ന് സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടന്നു. മലയമ്മ ശിവക്ഷേത്രത്തില്‍ സാംസ്‌കാരിക സമ്മേളനവും സമൂഹസദ്യയും പഞ്ചവാദ്യവും കലാപരിപാടികളും നടന്നു. ചാലിയം ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. മേലൂര്‍ ശിവക്ഷേത്രത്തില്‍ രാവിലെ ആറിന് 108 സമൂഹപ്രദക്ഷിണവും വൈകിട്ട് ശയനപ്രദക്ഷിണവും നടന്നു. ദീപാരാധനക്ക് ശേഷം നാഗത്തിന് ഒറ്റവഴിപാട് എന്നിവയും ഉണ്ടായി.. വടകര ജ്ഞാനക്ഷേത്രത്തില്‍ വൈകുന്നേരം 5ന് രുദ്രാഭിഷേകം , ബ്രഹ്മചാരി: ദീപക്ജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രുദ്രാഭിഷേകവു നടന്നു. കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷനും കുന്ദമംഗലം പൗരസമിതിയും സംയുക്തമായി മഹാരുദ്രയജ്ഞം സംഘടിപ്പിച്ചു. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യന്മാരായ അരുണ്‍ ആര്യ, അരുണ്‍രാജ് ആര്യ, ശരത്ത് ആര്യ, രവികുമാര്‍ എന്നിവര്‍ രുദ്രയജ്ഞത്തിന് കാര്‍മ്മികത്വം വഹിച്ചു. കാശ്യപാശ്രമം സീനിയര്‍ പ്രസിഡന്റ് സി. സുരേഷ് വൈദിക് ധ്വജാരോഹണം നടത്തി. സ്വാഗതസംഘം ഭാരവാഹികളായ കെ.പി. പ്രഭാകരന്‍, സുന്ദരന്‍ കുറുമണ്ണില്‍, കെ.പി. പ്രശോഭ്, സി. രാധാകൃഷ്ണന്‍, ഇ.ഷിനോജ് വൈദിക്, അജിത്ത് ആര്യ, ടി.പവിത്രന്‍, പി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.