ജപിക്കുന്ന വിധം

Friday 16 June 2017 10:20 am IST

ചഞ്ചലതയാണല്ലോ മനസ്സിന്റെസ്വഭാവം. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഈ വിഷയത്തില്‍ നമുക്കു സഹായകമായിത്തീരുന്ന ഒരു പ്രായോഗിക സാധനയാണ് ജപം. ഇന്നു നമ്മുടെ മനസ്സ് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണ്. നമ്മള്‍ കണ്ണൊന്നടച്ചാല്‍ നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സില്‍ ഓടിക്കളിക്കുന്നതു കാണാം. ഈ ചിന്താ പ്രവാഹത്തെ ഒരൊറ്റ ചിന്തയില്‍ ബന്ധിക്കുന്ന പ്രക്രിയയാണു മന്ത്രജപം. ഏതെങ്കിലും ഒരു നാമമോ മന്ത്രമോ നിരന്തരം ജപിക്കുന്നതിലൂടെ നാനാവിധമായ ചിന്തകളെ അത് തടയുന്നു; മനസ്സ് ഏകാഗ്രമാകുന്നു. മന്ത്രം തന്നെ ഒരു ചിന്തയല്ലേ എന്നു ചോദിക്കാറുണ്ട്. 'പരസ്യം പതിക്കരുതെ'ന്ന എട്ടക്ഷരം കൊണ്ടു ചുവര്‍ മുഴുവന്‍ പരസ്യം എഴുതുന്നത് ഒഴിവാക്കാന്‍ കഴിയുന്നില്ലേ? അതുപോലെ മന്ത്രമാകുന്ന ഒറ്റ ചിന്ത കൊണ്ടു മനസ്സിന്റെ അലച്ചില്‍ നിര്‍ത്താന്‍ കഴിയുന്നു. മുള്ളെടുക്കാന്‍ മുള്ളുതന്നെ ഉപയോഗിക്കുന്നതു പോലെ വിവിധ ചിന്തകളെ തടയാന്‍ ഒരൊറ്റ ചിന്ത ഉപയോഗിക്കുന്ന രീതിയാണിത്. മനസ്സിനെ ഒരു കൊച്ചുകുട്ടിയോട് ഉപമിക്കാം. കളിയില്‍ മുഴുകിയിരിക്കുന്ന ഒരു കുട്ടിയെ പിടിക്കാന്‍ ചെന്നാല്‍ അവന്‍ ഓടും. പിറകെ നമ്മളും ഓടുകയാണെങ്കില്‍, അവന്‍ ഓടി അടുത്തുള്ള കുളത്തിലോ കിണറ്റിലോ വീണെന്നിരിക്കും. എന്നാല്‍ കളിപ്പാട്ടം കാട്ടി വിളിക്കുകയാണെങ്കില്‍, അവന്‍ തിരിഞ്ഞു നമ്മുടെ അടുത്തുവരും. ഓടുന്നതുമൂലമുള്ള വീഴ്ച ഒഴിവാകുകയും ചെയ്യും. ഇതുപോലെ നമ്മുടെ മനസ്സിന്റെ സ്വഭാവം അനുസരിച്ച് അതിനെ വരുതിക്കു നിര്‍ത്തുവാന്‍ പറ്റിയ മാര്‍ഗ്ഗമാണു മന്ത്ര ജപം. മന്ത്രം ജപിക്കുമ്പോഴും ചിന്തയുണ്ടാകില്ലെ എന്നുചോദിക്കാം. മന്ത്രം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്ത നമുക്ക് ദോഷം ചെയ്യില്ല. ചിന്ത ഒരു കുട്ടിയെപ്പോലെയാണ് കുട്ടിയുണര്‍ന്നു കരഞ്ഞ് ബഹളംവയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ കുട്ടിയുറങ്ങിക്കിടക്കുകയാണെങ്കില്‍ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ പ്രയാസമില്ല. അതുപോലെ മന്ത്രം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്ത അതത്ര സാരമുള്ളതല്ല. ജപം ഏതു സമയത്തും ചെയ്യാം; അതിനു കാലഭേദങ്ങളില്ല, ശുദ്ധാശുദ്ധം നോക്കണമെന്നില്ല; ഏതുജോലി ചെയ്യുമ്പോഴും ജപം ചെയ്യാം. വെറുതെയിരിക്കുമ്പോഴും നടക്കുമ്പോഴും യാത്രചെയ്യുമ്പോഴുമൊക്കെ ആ സമയം ജപത്തിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. ജപം ഒരു ശീലമായിക്കഴിഞ്ഞാല്‍ പിന്നെ പ്രയത്‌നം കൂടാതെ തന്നെ മനസ്സില്‍ സദാ ജപം നടക്കും. ഉത്തമനായ ഒരു ഗുരുവില്‍ നിന്നു മന്ത്രദീക്ഷ സ്വീകരിച്ചശേഷം ജപം തുടങ്ങുന്നതാണ് ഉത്തമം. എന്നാല്‍, ഗുരുവില്‍നിന്നു മന്ത്രം കിട്ടുന്നതുവരെ ജപിക്കാതെ കാത്തിരിക്കേണ്ടതുമില്ല. അതുവരെ, നമുക്കിഷ്ടമായ ഒരു ഈശ്വര നാമമോ മന്ത്രമോ സ്വയം സ്വീകരിച്ച് ജപം ശീലിക്കാവുന്നതാണ്. എന്നാലും ഗുരുവില്‍ നിന്നു മന്ത്രം സ്വീകരിക്കുന്നതിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. തൈരുണ്ടാക്കാന്‍ പാല്‍ ഉറയൊഴിക്കുമ്പോള്‍ അതില്‍കുറച്ചു തൈരു ചേര്‍ക്കും. അതുപോലെ, ജപത്തിന്റെ പൂര്‍ണ്ണഫലം കിട്ടുവാന്‍ ഒരു ഗുരുവില്‍നിന്നു മന്ത്രദീക്ഷ സ്വീകരിക്കേണ്ടതാവശ്യമാണ്. ചിലര്‍ കുറച്ചു നാള്‍ ഒരു മന്ത്രം ജപിക്കും. പിന്നീട് ഈ മന്ത്രത്തിനു ശക്തിപോര എന്നു കരുതി അതിനേക്കാള്‍ ശക്തിയുള്ളതെന്നു കരുതുന്ന മറ്റേതെങ്കിലും മന്ത്രം ജപിച്ചു തുടങ്ങും. മാറി മാറി പല മന്ത്രങ്ങള്‍ ജപിക്കുന്ന രീതി ഗുണകരമല്ല. മന്ത്രം ഏതായാലും അതു നിഷ്ഠയോടെ ജപിച്ചാല്‍ ക്രമേണ മനസ്സ് നിശ്ചലമായിത്തീരും. അതിനാല്‍ ഏതെങ്കിലും ഒരു മന്ത്രത്തില്‍ ഉറച്ചു നില്‍ക്കുകയാണു വേണ്ടത്. മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ഓരോ മന്ത്രം ജപിക്കുമ്പോഴും ഓരോ പുഷ്പം അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവനചെയ്യാം. അല്ലെങ്കില്‍ മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവനചെയ്ത് അതില്‍ മനസ്സിനെ നിര്‍ത്തണം. ഏതുരീതിയിലായാലും മനസ്സിനെ അലയാന്‍ വിടരുത്; അതിനെ ഭഗവാനില്‍ത്തന്നെ ബന്ധിച്ചു നിര്‍ത്തണം. നിഷ്ഠയോടുകൂടിയ ജപം മനസ്സിനു ശാന്തിയും ഏകാഗ്രതയും പ്രദാനംചെയ്യും. ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാന്‍ അതു സഹായകരമാകും, ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കും. കൂടാതെ അന്തരീക്ഷശുദ്ധിക്കും ഗുണകരമാണ്. അചിരേണ അത് നമ്മെ പൂര്‍ണ്ണമായ ആത്മസാക്ഷാത്ക്കാരത്തിലേയ്ക്കു നയിക്കുകയും ചെയ്യും. മാതാ അമൃതാനന്ദമയി    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.