ഇടവെട്ടിയില്‍ നാലിടത്ത് മോഷണ ശ്രമം

Saturday 25 February 2017 8:34 pm IST

തൊടുപുഴ: ഇടവെട്ടി മാര്‍ത്തോമയില്‍ നാലിടത്ത് മോഷണശ്രമം. പട്രോളിങ്ങിനിടെ പോലീസ് മോഷ്ടാവിന്റേതെന്ന് കരുതുന്ന ബൈക്ക് പിടിച്ചെടുത്തു. രാത്രി വീടിന്റെ ജനല്‍ തുറന്നിട്ട് ഉറങ്ങിയ ഇടങ്ങളിലാണ് മോഷണശ്രമം നടന്നത്. ഒന്നിലധികം പേരുണ്ടെന്ന് നാട്ടുകാര്‍. മോഷണ ശ്രമത്തിനിടെ വീട്ടുടമയുടെ കൈയില്‍ നിന്നും പ്രതി രക്ഷപ്പെട്ടത് ബലപ്രയോഗത്തിലൂടെ. കഴിഞ്ഞ രാത്രി 12.45 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന പ്ലാത്തോട്ടത്തില്‍ ജോസിന്റെ വീട്ടിലാണ് കള്ളന്‍ ആദ്യമെത്തിയത്. ഉറക്കം ഉണര്‍ന്നപ്പോള്‍ ജോസിന്റെ ഭാര്യ ലിസി പുറത്ത് ആളനക്കം കണ്ടതിനെ തുടര്‍ന്ന ഒച്ച ഉണ്ടാക്കുകയായിരുന്നു. നാലു വശത്തും വെട്ടമിട്ടിരുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടതായും ഇവര്‍ പറയുന്നു. മൂന്ന് പാളിയുള്ള ജനലിന്റെ ഒരു പാളി ചൂട് കാരണം തുറന്നിട്ടായിരുന്നു കിടന്നിരുന്നത്. വീട്ടുകാര്‍ ഒച്ചയിട്ടതോടെ കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. സമീപത്തായി താമസിക്കുന്ന സാജിറ എന്ന സ്ത്രീയുടെ വീട്ടിലും സമാനമായ മോഷണശ്രമം ഉണ്ടായി. തുടര്‍ന്ന് 1.05 ഓടെ അല്‍പം മാറിയുള്ള തണ്ടായത്ത് അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും കള്ളനെത്തി. അനക്കം കേട്ട് ലത്തീഫ് ഉണര്‍ന്നപ്പോള്‍ ജനലിന്റെ സമീപം ആളനക്കം കണ്ടു. ഒച്ചയുണ്ടാക്കാതെ എണീറ്റ് മാറി. മൊബൈല്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ജനലിന്റെ ഇടയിലൂടെ മോഷ്ടാവ് കൈയിടാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ ജനല്‍ ശക്തമായി ലത്തീഫ് തുറക്കുകയായിരുന്നു. ഇതോടെ കള്ളന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപവാസികളെയും കൂട്ടി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.തൊട്ട് പിന്നാലെയാണ് നെടുമല സ്വദേശി ബേബി ജോസഫിന്റെ വീട്ടില്‍ എത്തുന്നത്. സംഭവത്തെ പറ്റി ബേബി പറയുന്നതിങ്ങനെ: ബാത്ത് റൂമില്‍ പോയ ശേഷം മടങ്ങിയെത്തിയപ്പോള്‍ ജനലിന്റെ സമീപം നിഴലനക്കം കണ്ടു. തുടര്‍ന്ന് സംശയം തോന്നിയെങ്കിലും ഗൗനിക്കാതെ കിടക്കുകയായിരുന്നു. മൂന്ന് പാളിയുള്ള ജനലിലൂടെ കയ്യിട്ട് തുറന്ന് കിടന്നതിന്റെ സമീപത്തെ പാളി തുറക്കുന്ന ശബ്ദം കേട്ട് താന്‍ ഒച്ചയുണ്ടാക്കാതെ എഴുന്നേല്‍ക്കുകയായിരുന്നു. സമീപത്ത് സോഡാ കമ്പനി ഉള്ളതിനാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലും ആകും എന്ന് കരുതി അടുക്കളയിലെത്തി വാക്കത്തിയുമായി പുറത്തിറങ്ങുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് മുന്നിലെത്തി കൈയിലിരുന്ന വാക്കത്തിയുടെ മറുവശം വച്ച് കള്ളന്റെ കൈയ്ക്ക് ആഞ്ഞടിച്ചു. ഇതോടെ മോഷ്ാവ് ഓടി.  20നും25 ഇടയില്‍ പ്രായം, ലുങ്കി മാത്രം വേഷം, സമാന്യം വണ്ണം, കറുത്ത നിറം, വെട്ടമില്ലെങ്കിലും ആളെ കണ്ടാലറിയാമെന്നും ബേബി പറഞ്ഞു. തൊടുപുഴയ്ക്ക് പോകുകയായിരുന്ന ബൈക്കിന് പോലീസ് കൈകാണിക്കുകയും തുടര്‍ന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. പോലീസ് പിടിച്ചെടുത്ത ബൈക്ക് സ്‌റ്റേഷനിലേക്ക് മാറ്റി. ലുങ്കി മാത്രം ധരിച്ചയാളെയും പാന്റും ടീ ഷര്‍ട്ടും ധരിച്ചയാളെയും കണ്ടതായും വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികായാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.