സര്‍ക്കാര്‍ കീഴടങ്ങി : വെടിക്കെട്ടിന് അനുമതി

Saturday 25 February 2017 10:05 pm IST

തൃശൂര്‍: ഉത്സവ ആഘോഷങ്ങള്‍ സുരക്ഷിതമായും സുഗമമായും നടത്തുവാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന മന്ത്രിമാരുടെ ഉറപ്പിനെത്തുടര്‍ന്ന് കേരള ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന സമരങ്ങള്‍ പിന്‍വലിച്ചു. ഉത്സവാഘോഷങ്ങള്‍ക്കുമേല്‍ ഉണ്ടാകുന്ന നിയമതടസ്സങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്താന്‍ നിശ്ചയിച്ചിരുന്ന സമരങ്ങള്‍ പിന്‍വലിച്ചത്. ഉത്സവസംബന്ധമായ കാര്യങ്ങള്‍ക്ക് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന അനാവശ്യ തടസ്സങ്ങള്‍ നീക്കാന്‍ മന്ത്രിമാര്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ എല്ലാ ഉത്സവങ്ങളും നടത്താനാകുമെന്നാണ് പ്രതീക്ഷ. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വ്യവസായവകുപ്പുമന്ത്രി എ.സി.മൊയ്തീന്‍, കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. ചര്‍ച്ചയില്‍ മന്ത്രിമാരെകൂടാതെ കേരള ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, കോഡിനേറ്റര്‍ പി.ശശികുമാര്‍, ഭാരവാഹികളായ ഡോ. ടി.എ.സുന്ദര്‍മേനോന്‍, കെ.മഹേഷ്, ഉത്രാളിക്കാവ് പൂരം ഏകോപനസമിതി ഭാരവാഹികളായ ബാബു പൂക്കുന്നത്ത്, തുളസി കണ്ണന്‍, ഗോകുലന്‍, പ്രഭാകരമേനോന്‍ എന്നിവരും പങ്കെടുത്തു. തൃശൂര്‍: പൂരം വെടിക്കെട്ടിന് തടസ്സം കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറാണെന്ന് പറഞ്ഞ സുനില്‍കുമാറും എ.സി.മൊയ്തീനും എന്തടിസ്ഥാനത്തിലാണ് ഇപ്പോള്‍ വെടിക്കെട്ടിന് തങ്ങള്‍ അനുമതി നല്‍കിയെന്ന് അവകാശപ്പെടുന്നതെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്. ആരായിരുന്നു തടസ്സമെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലായെന്നും നാഗേഷ് പറഞ്ഞു. 2008മുതല്‍ നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പുറത്തിറക്കിയ ഉത്തരവാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തടസ്സമായിട്ടുള്ളത്. ഇതുപയോഗിച്ച് തൃശൂരിലെ പൂരങ്ങളേയും ആഘോഷങ്ങളേയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മലപ്പുറത്തും പാലക്കാടും ഇല്ലാത്ത പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ നിയമംകൊണ്ട് തൃശൂര്‍ ജില്ലയില്‍ മാത്രം എങ്ങനെയുണ്ടാകുമെന്നും നാഗേഷ് ചോദിച്ചു. ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ സമരങ്ങള്‍ക്ക് ബിജെപി പിന്തുണ നല്‍കുന്നത് രാഷ്ട്രീയം നോക്കിയല്ല. അതേസമയം പ്രശ്‌നത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഹര്‍ത്താലിനും സമരത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടും എത്രകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു എന്നത് പരിശോധിക്കേണ്ടതാണ്. ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപന്റെ ആരോപണം പരിഹാസ്യമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമവും സംസ്ഥാന സര്‍ക്കാരിന്റെ നിയമവുമാണ് തടസ്സം എന്ന കാര്യം അറിയാത്ത ആളല്ല പ്രതാപന്‍. ഈ വസ്തുതകള്‍ മറച്ചുവെച്ച് ബിജെപിയെകുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമാത്രമാണ്. ഒരേസമയം പൂരക്കമ്മറ്റികളോടൊപ്പമാണെന്ന് അവകാശപ്പെടുകയും അതേസമയം സമരം പൊളിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ബിജെപി ഇതില്‍ രാഷ്ട്രീയം കാണുന്നില്ല. നാഗേഷ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തൃശൂരിലെ പൂരാഘോഷങ്ങളോട് ഉദാരമായ സമീപനം കാണിക്കണമെന്നാണ് ആവശ്യം. തുടര്‍ന്നും ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ എല്ലാസമരങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കും. താല്‍ക്കാലികമായെങ്കിലും പ്രശ്‌നത്തിന് പരിഹാരമായതില്‍ സന്തോഷമുണ്ടെന്നും നാഗേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.