അവള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

Friday 16 June 2017 11:06 am IST

കൊച്ചി: ആക്രമണത്തിനിരയായ യുവനടി വീണ്ടും സെറ്റിലെത്തി. പൃഥിരാജ് നായകനാകുന്ന ആദം എന്ന സിനിമയില്‍ അഭിനയിക്കാനാണ് രാവിലെ പതിനൊന്നോടെ നടി ഫോര്‍ട്ട്‌കൊച്ചിയിലെ സെറ്റിലെത്തിയത്. പത്തിന് നടി മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പ്രതികളുടെ തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ മാധ്യമങ്ങളെ കാണരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ മുതല്‍ക്കേ മാധ്യമപ്രവര്‍ത്തകര്‍ ഫോര്‍ട്ട്‌കൊച്ചിയിലെ ലൊക്കേഷനില്‍ കാത്ത് നിന്നെങ്കിലും അവസാന നിമിഷം നടി പിന്മാറി. പതിനൊന്ന് മണിയോടെ ലൊക്കേഷനില്‍ എത്തിയ നടന്‍ പൃഥിരാജ്, ചിത്രത്തിന്റെ പൂജക്ക് ശേഷം മാധ്യമങ്ങളെ കണ്ടു. ''എനിക്ക് വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിന് വേണ്ടിയും മാധ്യമങ്ങള്‍ സഹായം ചെയ്യണം. ചിത്രീകരണത്തിനായി നടി എത്തുമ്പോള്‍ ക്യാമറയും മൈക്കുമായി അവരെ വളയരുത്. അത് സിനിമയ്ക്കു വേണ്ടിയും നന്മയ്ക്കു വേണ്ടിയുമുള്ള സഹായമാകും. മാധ്യമങ്ങള്‍ അതിന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായും അവരുടെ മാനസികനില അനുസരിച്ചും ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാനാവില്ല. ഒരു പക്ഷേ പിന്നീട് അവര്‍ നിങ്ങളോട് സംസാരിക്കുമെന്നാണ് കരുതുന്നത്.'' പൃഥ്വി പറഞ്ഞു. സിനിമയുടെ പ്രചരണാര്‍ത്ഥം ആരെങ്കിലും മാധ്യമങ്ങളെ ലൊക്കേഷനിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ മടങ്ങിയ ശേഷമാണ് നടി ലൊക്കേഷനിലെത്തിയത്. താന്‍ ഇനിയൊരിക്കലും സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചു. മുമ്പ് ചില സിനിമകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നതില്‍ പൃഥ്വി മാപ്പുചോദിച്ചു. ഇനിയൊരിക്കലും അതാവര്‍ത്തിക്കില്ല. ഇന്ന് ആദം എന്ന സിനിമയുടെ സെറ്റില്‍, എന്റെ ജീവിതത്തിലെ അസാധാരണയായ ഒരു സ്ത്രീയുടെ അസാധാരണമായ ധീരതയ്ക്ക് താന്‍ സാക്ഷിയായി. എന്നും പൃഥ്വി രേഖപ്പെടുത്തുന്നു. പ്രിയ സുഹൃത്തേ ഞാന്‍ നിന്റെ ആരാധകനാണ്. എന്നാണ് പോസ്റ്റ് പൃഥ്വി അവസാനിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.