കഞ്ചാവ് വേട്ട; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Saturday 25 February 2017 11:18 pm IST

തിരുവനന്തപുരം : ജില്ലയിലെ ചില്ലറ വ്യാപാരികള്‍ക്ക് മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന തമിഴ്‌നാട് ഉസ്ലംപട്ടി സ്വദേശി വിനോദ് (28) അറസ്റ്റില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 3 കിലോയോളം കഞ്ചാവുമായി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ഇടറോഡിന് സമീപത്ത് നിന്നുമാണ് വിനോദ് ഷാഡോ പോലീസിന്റെ പിടിയിലായത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ വിദ്യാലയങ്ങളും കോളേജുകളിലും കഞ്ചാവ് കച്ചവടം നടത്തുന്നത് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇയാളും കുടുങ്ങിയത്. അടുത്തിടെ പോലീസ് പിടികൂടിയ ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും നഗരത്തില്‍ മൊത്തവിതരണ ശൃംഖലയെ കുറിച്ച് പോലീസിന് വ്യക്തമായ അറിവ് കിട്ടിയിരുന്നു. തുടര്‍ന്ന് തമിഴ് നാട്ടില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തെ പിടികൂടാന്‍ പോലീസ് നടത്തിയ ആശൂത്രിത നീക്കമാണ് വിനോദിനെ പിടിക്കാന്‍ കഴിഞ്ഞത്. ഇയാള്‍ തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉസ്‌ലംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കഞ്ചാവ് കച്ചവടക്കാരുടെ ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ മൊത്തമായും കഞ്ചാവ് വാങ്ങുന്നത്. ഇവിടുത്തെ കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് നല്‍കിയിരുന്നത്. അവര്‍ 200,500 രൂപ പൊതികളിലാക്കി ഏകദേശം എണ്‍പതിനായിരം രൂപയ്ക്കുമേല്‍ വില്‍പ്പനം നടത്തുകയാണ് പതിവെന്നും പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും മറ്റ് കഞ്ചാവ് കച്ചവട സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങലും പോലീസ് ശേഖരിച്ചു വരുന്നു. വരുംദിവസങ്ങളിലും കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാന്‍ കൂടുതല്‍ അന്വേഷണം തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. ഡിസിപി അരുള്‍ ബി. കൃഷ്ണയുടെ നിര്‍ദ്ദേശാനുസരണം കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ സുരേഷ്‌കുമാര്‍ വി. കഴക്കൂട്ടം, സി.ഐ അജയ്കുമാര്‍, എസ്.ഐ ഷാജി, ഷാഡോ എസ്.ഐ സുനില്‍ലാല്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.