പുലി ഭീതിയില്‍ മലയോരം

Sunday 26 February 2017 11:38 am IST

കരുവാരക്കുണ്ട്: കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ട അടക്കാക്കുണ്ട് ചേരുകുളമ്പില്‍ വനം അധികൃതര്‍ തെരച്ചില്‍ നടത്തി. പുലി താമസിക്കുന്നതായി പറയപ്പെടുന്ന പാറക്കെട്ടിലും വനപാലകര്‍ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യമോ കാല്‍പ്പാടുകളോ കണ്ടെത്താനായില്ല. അതേസമയം പുലിയെ കണ്ടതായി നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. എഴുപതേക്കര്‍ റോഡിന് താഴെ അടക്കാകുണ്ട് ചേരുകുളമ്പ് ഭാഗത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് പുലിയെയും രണ്ടു കുഞ്ഞുങ്ങളെയും പ്രദേശത്തെ വീട്ടുകാര്‍ കണ്ടിരുന്നു. എസ്റ്റേറ്റ് ഭാഗത്ത് നിന്നു ഇറങ്ങിവന്ന പുലി തൊട്ടടുത്ത പുഴയിലേക്കിറങ്ങി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. മറ്റു പലരും പുലിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. അടക്കാക്കുണ്ട് മലമുകളില്‍ ഏതാനും നാളുകള്‍ക്കു മുമ്പ് പുലി രണ്ടുപശുക്കളെയും നിരവധി ആടുകളെയും കൊന്നിരുന്നു. നായാട്ടുകാരുടെയും സാന്നിധ്യവും കടുത്ത വരള്‍ച്ചയുമാണ് വന്യമൃഗങ്ങളെ കാടുവിട്ട് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. തൃക്കലങ്ങോട് പഞ്ചായത്തിലെ കാരക്കുന്ന്, ആനക്കോട്ടുപുറം, കൂമംകുളം പ്രദേശവാസികള്‍ പുലി ഭീതിയില്‍. ഇക്കഴിഞ്ഞ 14നാണ് പുലിയെ ആദ്യമായി കാണുന്നത്. കാരക്കുന്ന് എഎംയുപി സ്‌കൂളിന് സമീപമുള്ള മണ്ണാടംകുന്നിലാണ് പുലിയെ കണ്ടത്. കശുമാവിന്‍ തോട്ടത്തില്‍ കാണപ്പെട്ട പുലി ഓടോംകണ്ട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. എടവണ്ണ പോലീസും വനപാലകരും ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വ്യക്തമായ സൂചന ലഭിച്ചില്ല. പിന്നീട് രണ്ടുദിവസം കഴിഞ്ഞു ആനക്കോട്ടുപുറം വളച്ചെട്ടി കോട്ടമലയിലും പുലിയെ കണ്ടതായി അഭ്യൂഹം പടര്‍ന്നു. ആനക്കോട്ടുപുറം അബുബക്കര്‍ പുലിയെ കണ്ടു പരിഭ്രാന്തനായി നാട്ടുകാരെ വിളിച്ചുകൂട്ടി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ കൂമംകുളത്തും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് കൂമംകുളം കുരിശിങ്കല്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായും പുലിയെ കണ്ടു. വൈകിട്ട് കൂമംകുളത്തെ മറ്റൊരു റബര്‍ തോട്ടത്തിലും പുലിയെ കണ്ടു. ഇവിടെയും ഫോറസ്റ്റ് അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. പുലി ആളുകളെ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നും നായ, കുറുക്കന്‍, ആട്, കന്നുകാലികള്‍ തുടങ്ങിയവയെ മാത്രമേ അക്രമിക്കൂവെന്നും വനപാലകര്‍ നാട്ടുകാരോട് പറഞ്ഞെങ്കിലും പ്രദേശവാസികളുടെ ഭീതി അവസാനിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.