ഭക്ഷ്യവസ്തുക്കളില്‍ സര്‍വ്വത്ര മായം; പരിശോധിക്കാന്‍ സംവിധാനമില്ല

Sunday 26 February 2017 11:49 am IST

പരപ്പനങ്ങാടി: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തിയുള്ള വില്‍പ്പന വ്യാപകമാകുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികളുയര്‍ന്നിട്ടും പരപ്പനങ്ങാടി ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും യാതൊരു നടപടിയുമില്ല. ജനുവരിയില്‍ പുതിയ സേഫ്റ്റി ഓഫീസര്‍ പരപ്പനങ്ങാടിയില്‍ ചാര്‍ജെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെയും ആരും എത്തിയിട്ടില്ല. പരപ്പനങ്ങാടി രജിസ്റ്റര്‍ ഓഫീസ് കെട്ടിടത്തില്‍ തന്നെയാണ് ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയവും പ്രവര്‍ത്തിക്കുന്നത്. ഇവിടെ തന്നെയാണ് വള്ളിക്കുന്ന് സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസുമുള്ളത്. വള്ളിക്കുന്ന് സര്‍ക്കിളില്‍ പ്യൂണും ക്ലര്‍ക്കുമടക്കം അഞ്ച് ജീവനക്കാരുണ്ടെങ്കിലും പരാതി പരിഹാരത്തിന് നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥനില്ല. നാഥനില്ലാക്കളരിയായ ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയം നിര്‍ജീവമായിരിക്കുന്നു. നിരോധിത പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവില്‍പ്പനശാലകള്‍ പരക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അധികം പരാതി ഉയരുന്നത് വെളിച്ചെണ്ണയിലെ മായത്തെ കുറിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ കോയംകുളത്തെ വീട്ടമ്മ കടയില്‍ നിന്നും വാങ്ങിയ വെളിച്ചെണ്ണയില്‍ കരിഓയില്‍ കലര്‍ന്ന പച്ച വെളളത്തിന്റെ രൂപത്തിലാണ് ലഭിച്ചത്. ഇത് സംബന്ധിച്ച പരാതിയിലും നടപടിയുണ്ടായില്ല. കവലകള്‍ തോറുമുള്ള ഫാസ്റ്റ്ഫുഡ് കടകളില്‍ രുചിഭേദത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നു. പാക്കറ്റുകളില്‍ നിറച്ചെത്തുന്ന തദ്ദേശീയ ഉല്‍പ്പന്നങ്ങളില്‍ പലതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തുന്നതാണ്. ഇവയുടെ കവറില്‍ നിര്‍മ്മാതാവിന്റെ പേരോ വിലാസമോ കസ്റ്റമര്‍ കെയര്‍ നമ്പറോ നിര്‍മ്മിച്ച തിയതിയോ രേഖപ്പെടുത്തിയിട്ടില്ല. വ്യാജ മേല്‍വിലാസത്തില്‍ വിപണിയിലെത്തുന്ന ' ഡ്രീം കേര' എന്ന വെളിച്ചെണ്ണയെ കുറിച്ച് ധാരാളം പരാതികളുണ്ട്. ഈ വെളിച്ചെണ്ണയുടെ പാക്കറ്റില്‍ പാലക്കാട് ജില്ലയിലെ ഒരു മേല്‍വിലാസം നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ ബഹുവര്‍ണ പാക്കറ്റുകളില്‍ എത്തുന്ന ഉല്‍പന്നങ്ങളില്‍ പലതും വ്യാജ മേല്‍വിലാസത്തിലുള്ളതാണ്. കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചാല്‍ നമ്പര്‍ നിലവില്‍ ഇല്ലാത്തതാണെന്ന മറുപടിയാകും കിട്ടുക. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ചുള്ള പരാതിയുമായി ആരോഗ്യ വകുപ്പിലോ, നഗരസഭാ കാര്യാലയത്തിലോ എത്തിയാല്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കാനാകും നിര്‍ദ്ദേശം. എന്നാല്‍ ഈ ഓഫീസില്‍ പരാതി നല്‍കിയാലാകട്ടെ മേലുദ്യോഗസ്ഥനില്ല എന്ന പതിവു പല്ലവിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.