പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം: പ്രധാനമന്ത്രി

Friday 16 June 2017 8:54 am IST

ന്യൂദല്‍ഹി: പെണ്‍കുട്ടികള്‍ക്ക് സമൂഹം കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബേഠി ബചാവോ ബേഠീ പഠാവോ പദ്ധതി വിവിധ രൂപത്തില്‍ സംസ്ഥാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് സന്തോഷകരമാണെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീ ബാത്തില്‍ മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പരിപാടിയെന്നതിലപ്പുറം സാമൂഹിക, ജനാവബോധന യജ്ഞമായി ബേഠീ ബച്ചാവോ പദ്ധതി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന പഴയ ആചാര അനുഷ്ടാനങ്ങളോടുള്ള ജനങ്ങളുടെ ചിന്താഗതി മാറി, പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ആഘോഷമാക്കി മാറ്റുന്ന പുതിയ സമ്പ്രദായം പല സ്ഥലങ്ങളിലും വന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ ജനമുന്നേറ്റത്തിലൂടെ ബാലവിവാഹങ്ങള്‍ തടയാന്‍ സാധിക്കുന്നു. ഇതുവരെ 175ഓളം ബാല വിവാഹങ്ങളാണ് തടഞ്ഞത്. സുകന്യാ സമൃദ്ധി യോജനയില്‍ അറുപതിനായിരത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുറന്നിരിക്കുന്നു. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ എല്ലാ വിഭാഗം ജനങ്ങളും ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായിരിക്കുകയാണ്. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം അനാഥ പെണ്‍കുട്ടികളെ ദത്തെടുക്കുകയും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുകയും ജില്ലാ ഭരണകൂടം നിര്‍വഹിക്കുന്നു. മധ്യപ്രദേശില്‍ എല്ലാ ഗ്രാമങ്ങളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജനമുന്നേറ്റം നടക്കുന്നു. രാജസ്ഥാനില്‍ നമ്മുടെ കുട്ടി നമ്മുടെ വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി പഠനം മുടങ്ങിയ പെണ്‍കുട്ടികളെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കുന്നു. മാര്‍ച്ച് 8ന് ദേശീയ മഹിളാ ദിനം ആഘോഷിക്കുമ്പോള്‍ ശക്തമായ സ്ത്രീസമൂഹത്തിന്റെ വരവാണ് ആഘോഷകേന്ദ്രമാക്കേണ്ടതെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്ന ലക്കി ഗ്രാഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന പദ്ധതികള്‍ക്ക് ലഭിച്ച വ്യാപക അംഗീകാരം പ്രധാനമന്ത്രി മന്‍കീ ബാത്തില്‍ ചൂണ്ടിക്കാട്ടി. പദ്ധതികള്‍ പ്രകാരം പത്തുലക്ഷത്തോളം ആളുകള്‍ക്കും അമ്പതിനായിരത്തോളം വ്യാപാരികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ചു. ഡിജിറ്റല്‍ പേയ്‌മെന്ററ് ജനമുന്നേറ്റമായി മാറിക്കഴിഞ്ഞതായും മോദി പറഞ്ഞു. ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി, സാങ്കേതിക വിദ്യയും ശാസ്ത്രവും സമൂഹ ജീവിതത്തെ ഏതു വിധത്തില്‍ ക്രമപ്പെടുത്തുന്നു എന്ന് ഓര്‍മ്മിപ്പിച്ചു. ഇന്ത്യ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് ഇന്റര്‍സെപ്റ്ററിന്റെ സവിശേഷതകളും മോദി വിശദീകരിച്ചു. യുവ തലമുറയ്ക്ക് ശാസ്ത്രത്തോടുള്ള അഭിനിവേശം വര്‍ദ്ധിക്കണമെന്നും കൂടുതല്‍ ശാസ്ത്രജ്ഞരെ രാജ്യത്തിനാവശ്യമുണ്ടെന്നും മോദി ഓര്‍മ്മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.