മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണം

Sunday 26 February 2017 7:24 pm IST

ആലപ്പുഴ: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് അമ്പലപ്പുഴ നോര്‍ത്ത്, പുറക്കാട് പഞ്ചായത്തുകളിലുള്ള പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് അടുത്ത കാലവര്‍ഷത്തിനു മുമ്പ് താമസസൗകര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നോ തുക ലഭ്യമാക്കി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. സ്വീകരിച്ച നടപടികള്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്ന 114 കുടുംബങ്ങളുടെ താമസം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും കളക്ടര്‍ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മാര്‍ച്ചില്‍ ആലപ്പുഴ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. 2013, 2014, 2015 വര്‍ഷങ്ങളില്‍ അമ്പലപ്പുഴ, അമ്പലപ്പുഴ നോര്‍ത്ത്, പുറക്കാട് വില്ലേജുകളിലായി കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിഞ്ഞു വരുന്നത്. റവന്യൂ, പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്ഥിതിവിശേഷം ഒഴിവാക്കാമായിരുന്നു എന്ന് ഉത്തരവില്‍ പറയുന്നു. കമ്മീഷന്‍ ജില്ലാകളക്ടറില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. പുറക്കാട് വില്ലേജില്‍ 6.53 ഹെക്ടര്‍ പുറമ്പോക്ക് ഇവരെ പനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ടെന്ന് വിശദികരണത്തില്‍ പറയുന്നു. 114 ഗുണഭോക്താക്കളില്‍ 20 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. 20 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സ്ഥലം മണ്ണിട്ട് പൊക്കി. സ്ഥലത്തില്‍ കുറെ ഭാഗം ചതുപ്പായി കിടക്കുകയാണ്. ചതുപ്പ് മണ്ണിട്ട് ഉയര്‍ത്തിയാല്‍ 94 പേര്‍ക്കു കൂടി പട്ടയം നല്‍കാന്‍ കഴിയുമെന്നും വിശദീകരണത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.