മൂന്ന് പതിറ്റാണ്ടായി കൗണ്‍സിലര്‍; ചരിത്രം സൃഷ്ടിച്ച് ശിവരാജന്‍

Friday 16 June 2017 5:33 am IST

മുതിര്‍ന്ന ബിജെപി നേതാവ് എ.ബി. വാജ്‌പേയിക്കൊപ്പം ശിവരാജന്‍ (ഫയല്‍ ചിത്രം)

പാലക്കാട്: തുടര്‍ച്ചയായി 30 വര്‍ഷം കൗണ്‍സിലര്‍ സ്ഥാനം പൂര്‍ത്തിയാക്കിയ എന്‍.ശിവരാജന്‍ റെക്കാര്‍ഡിലേക്ക്. പാലക്കാട് നഗരസഭയിലാണ് ശിവരാജന്‍ ബിജെപിക്കുവേണ്ടി ഈ നേട്ടം കൈവരിച്ചത്. പാര്‍ട്ടിയുടെ ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശിവരാജന്‍ ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആറു സീറ്റില്‍ നിന്നും 24 സീറ്റുകളോടെ സംസ്ഥാനത്താദ്യമായി ബിജെപിയെ നഗരസഭാ ഭരണത്തിലെത്തിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ ശിവരാജന്റെ പങ്ക് ഏറെയാണ്.

1988ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 30-ാം വാര്‍ഡായ മേലാമുറിയില്‍ നിന്ന് ശിവരാജന്‍ വിജയിക്കുമ്പോള്‍ ബിജെപിക്കുണ്ടായിരുന്നത് ആറു സീറ്റുകള്‍. കോണ്‍ഗ്രസ്സിന്റെ കുത്തക തകര്‍ത്ത് 300 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചത്, 1995ലും ഇതേ വാര്‍ഡില്‍ വിജയം ആവര്‍ത്തിച്ചു. 2000 ല്‍ 43-ാം വാര്‍ഡില്‍ നിന്ന് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥികളുടെ കെട്ടിവച്ച തുക ഇല്ലാതാക്കി വിജയം ആവര്‍ത്തിച്ചു. 2005-ല്‍ 44-ാം വാര്‍ഡായ എല്‍പി മഠത്തില്‍ നിന്നാണ് വിജയം നേടിയത.് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇവിടെ പിടിച്ചെടുത്തത്. 2010-ല്‍ നേടിയ 1150 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ നഗരസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയതായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും അമ്പതില്‍ താഴെ വോട്ടുകളെ നേടാന്‍ കഴിഞ്ഞുള്ളു. 2015-ല്‍ 46-ാം വാര്‍ഡില്‍ നിന്ന് 700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണയും രണ്ട് മുന്നണികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

തുടര്‍ച്ചയായി ബിജെപിയെ പ്രതിനിധീകരിച്ച് ഈ നേട്ടം കൈവരിച്ച് വിജയിച്ച സംസ്ഥാന നഗരസഭകളിലെ ആദ്യ കൗണ്‍സിലറാണ് ശിവരാജന്‍. എല്ലാതെരഞ്ഞെടുപ്പുകളിലും ബിജെപി ചിഹ്നമായ താമര അടയാളത്തിലാണ് മത്സരിച്ചത്. സിപിഎമ്മും കോണ്‍ഗ്രസ്സും സ്ഥിരമായി ജയിച്ചുവന്ന വാര്‍ഡുകളായിരുന്നു ഇവ. ഈ കാലയളവിനിടയില്‍ 13പേര്‍ ചെയര്‍മാന്‍ പദവിയില്‍ എത്തുകയുണ്ടായി. എന്‍.എ.കരീം, എം.എസ്.ഗോപാലകൃഷ്ണന്‍, പി.പി.ഡൊമിനിക്, എ.രാമസ്വാമി, ശെല്‍വകുമാരി, പി.എ.രമണീഭായ്, ഇ.രാജമ്മ, ദേവയാനി, അബ്ദുള്‍ ഖുദ്ദൂസ്, പി.വി.രാജേഷ്, പ്രമീള ശശിധരന്‍ എന്നീ ചെയര്‍മാന്‍മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ശിവരാജന് കഴിഞ്ഞിട്ടുണ്ട്. വിവിധ സ്റ്റാന്റിങ് കമ്മറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച ഇദ്ദേഹം 15 വര്‍ഷം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു.

കൗണ്‍സിലര്‍ സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ക്രൈസ്തവ മുസ്ലീം സംഘടകളുടെയും പ്രതിനിധികള്‍ പങ്കെടുത്തത് അദ്ദേഹത്തിന് അവരുമായിട്ടുള്ള ബന്ധത്തിന് തെളിവാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഏറ്റവും കൂടുതല്‍ വ്യക്തിപരമായ സ്‌നേഹബന്ധങ്ങള്‍ വെച്ചു പുലര്‍ത്താനും ശിവരാജന് കഴിഞ്ഞിട്ടുണ്ട്. അതാണ് വിജയത്തിന് അടിസ്ഥാനകാരണം. നഗരസഭയില്‍ ഇന്നു കാണുന്ന എണ്ണിപ്പറയാവുന്ന നേട്ടങ്ങള്‍ക്കു പിന്നില്‍ ശിവരാജനുണ്ട്.

ശിവരാജന്‍ എല്‍.കെ. അദ്വാനിക്കൊപ്പം (ഫയല്‍ ചിത്രം)

ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ശിവരാജന്‍ ജനസംഘത്തിന്റെയും ജനതാപാര്‍ട്ടിയുടെയും പ്രവര്‍ത്തകനുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ നടന്ന ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മധ്യമേഖല പ്രസിഡന്റ്, നാഷണന്‍ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബിജെപിയുടെ ബൂത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് കരിയറിലേക്കുള്ള ആരംഭം കുറിച്ചത്. നഗരസഭയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്.

എത്ര തിരക്കിനിടയിലും വാര്‍ഡിലെ ഏതെങ്കിലും ഭാഗങ്ങളില്‍ ഇദ്ദേഹം നിത്യേന എത്തിയിരിക്കും. വോട്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യമുണ്ട്. മാത്രമല്ല ഇവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും സാന്നിധ്യം ഉണ്ടായിരിക്കും.
ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അഖിലേന്ത്യ സംസ്ഥാന നേതൃതലങ്ങളില്‍ ഉള്ളവരുമായി അടുത്ത ബന്ധമുണ്ട്. എ.ബി.വാജ്‌പേയ്, എല്‍.കെ.അദ്വാനി, ഡോ.എം.എം.ജോഷി, ജന കൃഷ്ണമൂര്‍ത്തി, കുശാഭാവു താക്കറെ, എസ്.എസ്.ഭണ്ഡാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാജമാത, രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവരെല്ലാം ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ മലപ്പുറം ജില്ലയുടെ ചുമതലകൂടി വഹിക്കുന്നു. പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കാലം കൗണ്‍സിലര്‍ സ്ഥാനം വഹിക്കുന്ന വ്യക്തി എന്ന ബഹുമതി കൂടി ഇദ്ദേഹത്തിന് സ്വന്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.