ഡിവൈഎഫ്‌ഐ നേതാവിന്റെ വധം അറസ്റ്റിലായവര്‍ ഡിവൈഎഫ്‌ഐക്കാര്‍

Sunday 26 February 2017 9:02 pm IST

 

ജിഷ്ണുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഊട്ടുപറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

ഹരിപ്പാട്: ഡിവൈഎഫ്‌ഐ നേതാവായിരുന്ന കരുവാറ്റ ഊട്ടുപറമ്പ് ജിഷ്ണുവിനെ കൊലപ്പെടുത്തിയ കേസ്സില്‍ പിടിയിലായ പ്രതികളെല്ലാം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍. ഇന്നലെ സംഭവസ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ഇവര്‍ ഡിവൈഎഫ്‌ഐ ക്കാരാണെന്ന് സ്ഥിരീകരണമുണ്ടായത്.
കരുവാറ്റ വടക്ക് മേഖല ജോ. സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട ജിഷ്ണു. കഴിഞ്ഞ പത്തിനാണ് കന്നുകാലിപ്പാലം കേന്ദ്രീകരിച്ചുള്ള ഒന്‍മ്പതംഗ ക്വട്ടേഷന്‍ സംഘം ഊട്ടുപറമ്പിലെത്തി ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അന്നുരാത്രിയില്‍ തന്നെ കരുവാറ്റ കന്നുകാലിപ്പാലം സ്വദേശികളായ അരുണ്‍ (26), പ്രദീപ് (25), രാഹുല്‍ (24), അരുണ്‍ ചന്ദ് (26) എന്നിവര്‍ പോലീസിന് കീഴടങ്ങിയിരുന്നു.
ജനുവരി 30ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കരുവാറ്റ തുണ്ടുകളത്തില്‍ ഉല്ലാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് നിലനില്‍ക്കുമ്പോള്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത് പോലീസിന് ഏറെ തലവേദനയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും എത്രയും പെട്ടന്ന് ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഹരിപ്പാട് സ്റ്റേഷനില്‍ കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടാണ് കേസിലെ നാല് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറായത്.
കേസിലെ പത്തിലധികം പ്രതികള്‍ കന്നുകാലിപ്പാലം യൂണിറ്റിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളുമാണ്. റിമാന്‍ഡിലായിരുന്ന പ്രതികളെ ഇന്നലെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചിരുന്നു.
കരുവാറ്റ സ്വദേശികളായ അരുണ്‍ (അമ്പിളി), അഖില്‍ അശോക്, അഖില്‍, പ്രഭാത് സ്‌കറിയ, ജയജിത്ത് തുടങ്ങി ഒന്‍പത് പേരെയാണ് ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ചത്. കേസിലെ ഒന്നാം പ്രതി സുധീഷിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
നേതാക്കളുടെ ക്വട്ടേഷന്‍ ബന്ധം സിപിഎമ്മും ഡിവൈഎഫ്‌ഐ പ്രതിരോധത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധ യോഗം പോലും നടത്താന്‍ ആദ്യം തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം അക്രമ രാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കാനായി ഹരിപ്പാട്ടെത്തിയ കോടിയേരി ബാലകൃഷ്ണന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല.
ഇതിനെതിരെ ഊട്ടുപറമ്പില്‍ ചില പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മന്ത്രി ജി. സുധാകരന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി. ജിഷ്ണുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയും മണല്‍ മാഫിയ ക്വൊട്ടേഷന്‍ സംഘങ്ങളിലെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു.
എന്നാല്‍ ഇവരുടെ രാഷ്ട്രീയ ബന്ധം പോലീസ് മറച്ചുവെയ്ക്കുകയും ചിലരെ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയതായും പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.