ഒടുവില്‍ ഷണ്‍മുഖം കനാലിന് ശാപമോക്ഷമാകുന്നു

Sunday 26 February 2017 10:35 pm IST

ഇരിങ്ങാലക്കുട: നാട്ടുകാരുടെ അനാസ്ഥയും പ്രാദേശിക ഭരണകൂടത്തിന്റെ പിടിപ്പുകേടും മൂലം നാശോന്മുഖമായ ഷണ്‍മുഖം കനാലിന് ശാപമോക്ഷമാകുന്നു. കനാല്‍ മലിനമാകാതിരിക്കാനുള്ള നടപടിയെടുക്കാന്‍ ഓംബുഡ്‌സ്മാന്‍ ഇരിങ്ങാലക്കുട നഗരസഭയോട് ഉത്തരവിട്ടതാണ് പ്രതീക്ഷ നല്‍കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, പൂമംഗലം, പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഇറിഗേഷന്‍ കനാലാണ് ഷണ്‍മുഖം കനാല്‍. കനാല്‍സ്തംഭത്തിന് പടിഞ്ഞാറുഭാഗം മുതല്‍ ചേലൂര്‍ വരെയുള്ള മൂന്ന് കിലോമീറ്ററോളമാണ് നഗരസഭാ പരിധിയില്‍ സ്ഥിതിചെയ്യുന്നത്. ഇതിന്റെ തെക്കുഭാഗം പൂമംഗലം ഗ്രാമപ്പഞ്ചായത്തിലാണ്. നിലവില്‍ വശങ്ങളില്‍ കാടുപിടിച്ചും നീരൊഴുക്ക് നിലച്ചുമുള്ള അവസ്ഥയിലാണ്. കനാല്‍ പുറമ്പോക്ക് കൈയേറി പല സ്ഥലങ്ങളിലും വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിനാല്‍ കനാലിന്റെ വീതി പല സ്ഥലങ്ങളിലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. നീരൊഴുക്ക് ശരിയായ രീതിയില്‍ നടക്കാത്തതുമൂലം കനാലില്‍ മണ്ണും ചെളിയും നിറഞ്ഞ് പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം വെള്ളം മലിനമാണെന്ന് സെക്രട്ടറി ഓംബുഡ്‌സ്മാനെ അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ഉത്തരവിട്ടത്. കനാല്‍ മലിനമാണെന്നുകാണിച്ച് പടിയൂര്‍ സ്വദേശി കളപ്പുരയ്ക്കല്‍ വീട്ടില്‍ ശശിധരന്‍ കെ.ജി. നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.