ക്രമസമാധാന നില തകര്‍ന്നു: കുമ്മനം

Friday 16 June 2017 1:26 am IST

  പാലക്കാട്: പോലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഭരണത്തിലേറിയ ഉടനെ ടി.പി. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത്. രാഷ്ട്രീയം നോക്കാതെ സത്യസന്ധമായി പ്രവര്‍ത്തിച്ചാണ് ടി.പി.സെന്‍കുമാറിനെ മാറ്റിയതിനു പിന്നില്‍. അദ്ദേഹത്തിന്റെ വാദങ്ങള്‍ ശരിയായിരുന്നു, യാതൊരു മാനദണ്ഡങ്ങളും കൂടാതെയാണ് സര്‍ക്കാര്‍ പോലീസ് സേനയില്‍ അഴിച്ചുപണികള്‍ നടത്തിയതെന്നും കുമ്മനം കുറ്റപ്പെടുത്തി. ടി.പി.സെന്‍കുമാര്‍ സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കേരളത്തിന്റെ ക്രമസമാധാനപാലനത്തില്‍ വളരെയധികം ഖ്യാതിനേടിയ ആളാണ്. പോലീസുദ്യോഗസ്ഥര്‍ക്കു മേല്‍ രാഷ്ട്രീയം പാടില്ലെന്ന സാമാന്യ തത്ത്വത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. രാഷ്ട്രീയവത്ക്കരണം മൂലം പല കേസുകളിലും നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ കഴിയാത്തതിനാല്‍ വഴിമുട്ടിയിരിക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പോലീസ് സേനയെ ദുരുപയോഗം ചെയ്യുകയാണ്. മാര്‍ക്‌സിസ്റ്റുകാര്‍ പ്രതികളായിട്ടുള്ള നിരവധി കേസുകളില്‍ അന്വേഷണം പാതിവഴിയില്‍ നില്‍ക്കുകയാണ്. ജിഷ കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പല കേസുകളും സിബിഐ അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ പ്രതികളെ പിടികൂടുന്നതും ഗൂഢാലോചന പുറത്തുവരുന്നതും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണം. ദുരൂഹതകള്‍ ബാക്കി നില്‍ക്കുമ്പോള്‍ അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് സംശയിക്കുന്നു. സിബിഐ അന്വേഷിച്ചാലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗൂഢാലോചനകള്‍ പുറത്തുവരൂ. കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന സിപിഎം അക്രമത്തില്‍ പ്രതിഷേധിക്കുക മാത്രമാണ് മാംഗ്ലൂരില്‍ ചെയ്തതെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.