നടിയെ തട്ടിക്കൊണ്ടുപോകല്‍; കേന്ദ്ര ഏജന്‍സിയോ കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷിക്കണം: മുരളീധരന്‍

Friday 16 June 2017 7:02 am IST

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേന്ദ്ര ഏജന്‍സിയോ കോടതി മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. നടിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായ ഉടന്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദുരൂഹത ഉയര്‍ത്തുന്നു. യഥാര്‍ഥ പ്രതിയെ മുഖ്യമന്ത്രിക്കറിയാമെന്ന് ജനം സംശയിക്കുകയാണ്. ഇക്കാര്യത്തില്‍ മുഴുവന്‍ ദുരൂഹതകളും ഇല്ലാതാക്കാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണ്. ആരോ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് പോലീസ് അഭിനയിക്കുന്നത്. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെ മറികടന്ന് പോലീസിന് അന്വേഷിക്കാനാകില്ല. സംസ്ഥാനസര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. വെറുമൊരു മൂന്നാംകിട കുറ്റവാളിക്ക് കുറ്റം ചെയ്യാന്‍ പ്രേരണ ആരില്‍ നിന്നാണെന്ന് ജനങ്ങള്‍ അറിയണം. തട്ടിക്കൊണ്ടുപ്പോകലിനിടെ, തമ്മനത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോകുമെന്നും അവിടെ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും നടിക്ക് സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാളെ ഫോണില്‍ വിളിച്ച് വിജയിച്ചെന്നു പൊട്ടിച്ചിരിയോടെ സുനി പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. പോലീസ് സംഭവമറിഞ്ഞശേഷം 20 മിനിറ്റു കൂടി സുനി സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൈയെടുത്ത അഭിഭാഷകര്‍ ആരൊക്കെ ? പ്രതിയെ സഹായിക്കുന്ന വനിതാ അഭിഭാഷക ആരാണ് ? ഇതൊക്കെ പുറത്തുവരണം. മൂന്നുവര്‍ഷം മുമ്പ് മലയാള സിനിമയില്‍ അവസരം കുറഞ്ഞ ഈ നടിക്കുവേണ്ടി പ്രതികരിക്കാത്ത താരസംഘടനയായ അമ്മയുടെ നേതാക്കള്‍ ആര്‍ക്കുവേണ്ടിയാണ് രംഗത്തുവന്നിരിക്കുന്നത് ? സിപിഎം ചാനലില്‍ നടിക്കെതിരെ വന്ന വാര്‍ത്ത ആസൂത്രണത്തിന്റെ ഭാഗമാണോ? കേസില്‍ മുഖ്യമന്ത്രിക്കും മുഖ്യപ്രതിക്കും ഇടയില്‍ പാലമായി നില്‍ക്കുന്നത് ചാനലിന്റെ തലപ്പത്തുള്ളവരാണോ? പത്രസമ്മേളനത്തില്‍ നിന്ന് നടിയെ പോലീസ് വിലക്കിയതെന്തിന് ? ഫോറന്‍സിക് പരിശോധനയും നടിയുടെ വൈദ്യപരിശോധനയും മനഃപൂര്‍വം വൈകിപ്പിച്ചതെന്തിനെന്നും മുരളീധരന്‍ ചോദിച്ചു. ഇതിനെല്ലാം ഉത്തരം കിട്ടണം. ഇതൊന്നും അന്വേഷിക്കാതെ കേസ് അവസാനിപ്പിച്ച് യഥാര്‍ഥപ്രതികളെ കണ്ടെത്താതെ ആരെയോ രക്ഷിക്കാനാണ് ശ്രമം. സിനിമയെ നിയന്ത്രിക്കുന്ന മാഫിയയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. നടിയുടെയും കുടുംബത്തിന്റെയുംമേല്‍ വലിയ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ട്. സംഭവം ഒറ്റപ്പെട്ടതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും സംശയാസ്പദമാണ്. അതിനാലാണ് കേന്ദ്ര ഏജന്‍സി അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.