കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മ്മാണം പാതിവഴിയില്‍; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വളാഞ്ചേരി

Monday 27 February 2017 10:12 am IST

വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് വളാഞ്ചേരി ടൗണ്‍. ഇതിനൊരു പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കാത്തത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു. കുരുക്കഴിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധത്തിനൊരുങ്ങുകയാണ്. കാലങ്ങളായുള്ള സ്ഥിതി ഇതാണ്. മുമ്പ് പഞ്ചായത്ത് അധികൃതരും ഇപ്പോള്‍ മുനിസിപ്പല്‍ അധികൃതരും പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സഹകരണത്തോടെ പലനടപടികളും സ്വീകരിച്ചു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. ഇന്നലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ട്രാഫിക് നിയന്ത്രിക്കാന്‍ ആരുമില്ലാതിരുന്നത് കുരുക്കിന്റെ രൂക്ഷതകൂട്ടി. ടി.സിദ്ധീഖ് എസ്‌ഐ ആയിരിന്നപ്പോള്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തി കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞു. തൊഴിലാളികളും വിവിധ സംഘടനകളും സഹകരിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ സിഗ്‌നല്‍ സംവിധാനം നിലച്ചു. അതോടെ എല്ലാം പഴയപടിയായി. ഇപ്പോള്‍ ചില സമയങ്ങളില്‍ മാത്രമാണ് സിഗ്‌നല്‍ പ്രവര്‍ത്തിക്കുക. കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ വളാഞ്ചേരി വഴി വരുന്ന ദീര്‍ഘദൂര വാഹനങ്ങളെ ബൈപാസ് വഴി തിരിച്ചുവിട്ടാല്‍ ടൗണിലെ കുരുക്ക് കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബൈപ്പാസ് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പാതിവഴിയില്‍ നിര്‍ത്തിയ ബൈപ്പാസ് നിര്‍മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആര്‍ക്കുമറിയില്ല. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരും ബൈപ്പാസിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ്. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ മുനിസിപ്പല്‍ അധികൃതരും പോലീസും ഹൈവേ ജാഗ്രതാസമിതിയും നിരവധി തീരുമാനങ്ങള്‍ എടുത്തിരുന്നു. അതും ഇപ്പോള്‍ നടപ്പാവുന്നില്ല. ഗതാഗതക്കുരുക്കിന്റെ സമയത്ത് സ്വകാര്യബസുകളുടെ തിരക്ക് കുരുക്ക് രൂക്ഷമാക്കുന്നു. ടൗണിലെ അനധികൃത പാര്‍ക്കിംങും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.