നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Friday 16 June 2017 5:11 am IST

തിരുവനന്തപുരം:നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ മുന്‍ നിര്‍ത്തി സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. രാവിലെ എട്ടരയ്ക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീ സുരക്ഷയും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും, മുഖ്യമന്ത്രി സത്യസന്ധമായല്ല സംസാരിക്കുന്നതെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് എം.എല്‍.എമാരായ അനൂപ് ജേക്കബ്, പി.ടി തോമസ്, ടി.എ അഹമ്മദ് എന്നിവര്‍ നല്‍കിയ അപേക്ഷ സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയ്ക്കുളളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന കേസില്‍ കൂടുതല്‍ സംശയത്തിനിട നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പ്രതിപക്ഷം സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് വിശ്വാസയോഗ്യമല്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നേരത്തേ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു. ഇതിനേത്തുടര്‍ന്ന് പ്രസ്താവന നടത്തുന്ന സമയം തന്റെ മുന്‍പില്‍ കിടന്ന ഒരു മാദ്ധ്യമത്തില്‍ വന്ന വാര്‍ത്ത താന്‍ പറഞ്ഞുവെന്നേയുളളൂ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.