സ്‌നേഹം ദുഃഖങ്ങള്‍ക്കുളള ഒറ്റമൂലി: മാതാ അമൃതാനന്ദമയി

Monday 27 February 2017 8:03 pm IST

തലശ്ശേരി: സ്‌നേഹം മനുഷ്യന്റെ ദുഃഖങ്ങള്‍ക്കുളള ഒറ്റമൂലിയും ഏകാന്തത അതിജീവിക്കാനുള്ള ഊന്നുവടിയുമാണെന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. തലശ്ശേരി ചക്യത്ത് മുക്ക് ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമ്മ. നമ്മുടെ ജീവിത വിജയത്തിന്റെ ശരിയായ അളവുകോല്‍ സ്‌നേഹം ഒന്നുമാത്രമാണ്. നമ്മള്‍ സ്‌നേഹമായിത്തീരുമ്പോള്‍ പഞ്ചേന്ത്രിയങ്ങളും സ്‌നേഹത്തിന്റെ പാലങ്ങളായി മാറുന്നു. ആരുടെ അഹന്തക്കും എതിര്‍ത്തു തോല്‍പ്പിക്കാനാകാത്തതായി ലോകത്ത് സ്‌നേഹം ഒന്നുമാത്രമേയുളളൂ. സ്‌നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. കയ്യിലിരുന്നിട്ടും കാണാതെ പോകുന്ന ധനം. സ്‌നേഹത്തിന്റെ കാല്‍പ്പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നെക്കാള്‍ ശക്തനായ ശത്രുവിനെ ഹനിക്കുന്ന ആയുധവും സ്‌നേഹം തന്നെയാണ്. നിത്യമുക്തനായ ഈശ്വരനെയും പിടിച്ചുകെട്ടുന്നതാണ് സ്‌നേഹം. മായയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനുളള മന്ത്രവും സ്‌നേഹമാണെന്നും എല്ലാ രാജ്യത്തും എല്ലാ കാലത്തും വിലയുള്ള നാണയവും സ്‌നേഹം മാത്രമാണെന്നും അമ്മ പറഞ്ഞു. ഇത് പോക്കറ്റില്‍ ഒളിപ്പിക്കാനുള്ളതല്ല. കര്‍മ്മത്തില്‍ പ്രകാശിപ്പിക്കാനുള്ളതാണെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യം അറിഞ്ഞാല്‍ നമുക്ക് നമ്മത്തന്നെയും മറ്റുള്ളവരെയും ഈ ലോകത്തെയും സ്‌നേഹിക്കാന്‍ മാത്രമേ കഴിയൂ. സ്‌നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടതെന്നും സ്‌നേഹം നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും അമ്മ പറഞ്ഞു. വിവേകമുള്ള മനുഷ്യര്‍ പരസ്പരം കടിച്ചുകീറാന്‍ തയ്യാറായി നില്‍ക്കുന്നു. അതിനു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യന്‍ സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പുണ്ടാകാമെങ്കിലും മനുഷ്യന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ദുരന്തങ്ങള്‍ തിരിച്ചറിയാന്‍ വഴിയില്ല. മനുഷ്യന്റെ മനസ്സിന്റെ താപനില അപകടകരമായ വിധത്തില്‍ ഉയരുകയാണ്. ടെന്‍ഷന്‍ ഫ്രീ ജീവിതമാണ് വേണ്ടത്. പക്ഷെ, മിക്കവരും സൗജന്യമായി ടെന്‍ഷന്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ സുഖത്തിനും ദുഃഖത്തിനും കാരണം നമ്മുടെ മനസ്സും മനോഭാവവും തന്നെയാണ്. മനസ്സിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം കാലം ദുഃഖം നമ്മെ വേട്ടയിടിക്കൊണ്ടേയിരിക്കും. എന്നാല്‍ മനസ്സ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍ ഒരു ദുരന്തത്തിലും ചീത്ത അനുഭവത്തിനും നമ്മെ ദുഖിപ്പിക്കാനോ തളര്‍ത്താനോ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ കൃതജ്ഞതയാണ് സന്തോഷത്തിന് ആധാരം. മനസ്സില്‍ കൃതജ്ഞത നിറയുമ്പോള്‍ സന്തോഷം താനേ ഉണ്ടാകും. വ്യക്തിയുടെയും സമൂഹത്തിന്റെയും ലോകത്തിന്റെയും നിലനില്‍പ്പും തുടക്കവും ഒടുക്കവും കാരുണ്യത്തിലാണെന്നും ജീവിതം കാരുണ്യത്തില്‍ കെട്ടിപ്പടുക്കണമെന്നും അമ്മ പറഞ്ഞു. ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവം ഇന്ന് വൈകുന്നേരത്തോടു കൂടി സമാപിക്കും. അമ്മയെ കണ്ടു വണങ്ങാന്‍ ഇന്നലെ മാത്രം ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.