ആറു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവം; പ്രതിയെ ഉടന്‍ പിടികൂടണം-ബിജെപി

Monday 27 February 2017 8:49 pm IST

ഇരിട്ടി: തൊട്ടിപ്പാലത്ത് ആറു വയസ്സുകാരിയെ എഴുപതുകാരന്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിലെ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിക്കാത്തത് പ്രതിയും പ്രതിയുടെ കുടുംബവും ഭരണകക്ഷിയില്‍പ്പെട്ട സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് എന്നതും സിപിഎമ്മിലെ ചിലര്‍ പോലീസില്‍ ഇടപെട്ടതുമാണെന്നാണ് മനസ്സിലാവുന്നത്. അക്രമത്തിനു വിധേയയായ പെണ്‍കുട്ടിതന്നെ പ്രതി തൊട്ടിപ്പാലം സ്വദേശിയായ എഴുപതു വയസ്സുകാരന്‍ അബ്ദുവാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പോലീസിനോടും വെളിപ്പെടുത്തിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ പോലീസ് അലംഭാവം കാണിക്കുകയാണ്. പ്രതിയുടെ ഭാഗത്ത് നിന്നും പണം കൊടുത്തും മറ്റും കേസ് ഒതുക്കിത്തീര്‍ക്കുവാനുള്ള ശ്രമവും നടന്നതായാണ് അറിയുന്നത്. മണ്ഡലം കമ്മറ്റിയോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, സി.പ്രജിത്ത്, പി.വി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, താലൂക്ക് കാര്യവാഹ് എം.രതീഷ്, ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി സത്യന്‍ കൊമ്മേരി, ജില്ലാ കമ്മിറ്റിയംഗം മുരളി ആശാന്‍, ഉളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സനീഷ് കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ദിലീപ് കൈമള്‍, വിഷ്ണു തുടങ്ങിയവര്‍ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.